Entertainment

പ്രണവിന് പിന്നാലെ വിസ്മയയും വെള്ളിത്തിരയിലേക്ക് ; അരങ്ങേറ്റം അച്ഛന്‍ മോഹന്‍ലാലിന്റെ ചിത്രത്തിലൂടെ

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമാ രംഗത്തേക്ക് വരികയാണ്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛന്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്. താരമായിട്ട് ആയിരിക്കില്ല, പകരം അസിസ്റ്റന്റ് ഡയറക്ടറുടെ റോളിലാണ് വിസ്മയ ‘ബറോസി’ല്‍ എത്തുക എന്നാണ് വിവരം. മുന്‍പ് ബാലതാരമായി അരങ്ങേറിയിരുന്നെങ്കിലും പ്രണവും അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. ഒരു എഴുത്തുകാരി എന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയ വിസ്മയയുടെ മറ്റൊരു ചുവടുവെപ്പ് ആയിരിക്കും ഇത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ ആകുന്ന ചിത്രം ആയിരിക്കും ഇതെന്ന് മോഹന്‍ലാല്‍ മുന്‍പുതന്നെ ‘ബറോസി’നെ കുറിച്ച് പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ ‘ബറോസി’നെ കുറിച്ച് ഇങ്ങനെയാണ് കുറിച്ചത് :

‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം.’

മോഹന്‍ലാല്‍ അറബിക്കഥകളുടെ മാതൃകയില്‍ ഒരു പോര്‍ച്ചുഗീസ് കഥ അവതരിപ്പിക്കുകയാണ്. വാസ്കോഡ ഗാമയുടെ നിധിക്ക് കാവല്‍ ഇരിക്കുന്ന വ്യക്തിയായാണ് മുഖ്യ കഥാപാത്രം എത്തുക. പോര്‍ച്ചുഗീസ് താരങ്ങളെ ആയിരുന്നു മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന കോവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ശേഷം ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Popular

To Top