പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കാത്തവര്‍ ഇല്ല. വീടിന്റെ അടുത്തോ, പറമ്പിലോ പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കുന്നതുവരെ സമാധാനവും ഉണ്ടാവുകയില്ല. എന്നാല്‍ വസ്ത്രത്തിനുള്ളില്‍ പാമ്പ് കയറിയാല്‍ എന്തായിരിക്കും അവസ്ഥ! പേടിച്ച് മരിച്ചുപോയിട്ടുണ്ടാകും.
അങ്ങനെ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉറങ്ങി കിടക്കുന്നതിനിടെ ജീന്‍സിനകത്ത് മൂര്‍ഖന്‍ കയറിയതിനെ തുടര്‍ന്ന്, കയറിയതുപോലെ പാമ്പ് ഇറങ്ങി പോകുന്നതിന് യുവാവിന് ഏഴ് മണിക്കൂറോളമാണ് ഒറ്റ നില്‍പ്പ് നില്‍ക്കേണ്ടി വന്നത്.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സുക്കന്തര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കുറച്ചൊന്നുമല്ല കാഴ്ച്ചക്കാരില്‍ ഞെട്ടല്‍ ഉണ്ടാക്കുന്നത്. അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്ന ലൗകേഷ് എന്ന തൊഴിലാളിയുടെ വസ്ത്രത്തിന്റെ ഉള്ളിലാണ് മൂര്‍ഖന്‍ കയറിയത്. ഇലക്ട്രിക്ക് പോസ്റ്റുകളും, വയറുകളും മറ്റും സ്ഥാപിക്കുന്നതിന് എത്തിയതായിരുന്നു തൊഴിലാളി സംഘം.
ഉറക്കത്തിനിടെ പാന്റ്സിനിടയില് പാമ്പു കയറിയെന്ന് മനസ്സിലായതോടെ ലൗകേഷ് ഒരു തൂണില്‍ പിടിച്ച് ഒറ്റ നില്‍പ്പായിരുന്നു. ഏഴ് മണിക്കൂറോളമാണ് ലൗകേഷ് ഇങ്ങനെ നിന്നത്.
cobra snake enters young man jeans pant while sleeping man stand for 7 hours holding a pillar at mirzapur up @susantananda3 pic.twitter.com/6t1KsIHeTO
— Koushik Dutta (@MeMyselfkoushik) July 29, 2020
ഇതിനിടെ ഗ്രാമവാസികള്‍ പാമ്പു പിടുത്തക്കാരനെ അന്വേഷിച്ച് കണ്ടെത്തി കൊണ്ടുവന്നു. പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി.
പാമ്പു പിടുത്തക്കാരനെത്തി ലൗകേഷിന്റെ പാന്റ്സ് കീറി പാമ്പിന് പുറത്തേക്ക് പോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം പാന്റ്സിന് ഉള്ളില്‍ ഉണ്ടായിരുന്നിട്ടും പാമ്പ് യുവാവിനെ കടിച്ചില്ല എന്നതാണ് അത്ഭുതം.
കൗശിക് ദത്ത എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. യുവാവിന്റെ ധൈര്യത്തെ പ്രശംസിക്കുന്ന കമെന്റുകളും വന്നിട്ടുണ്ട്.
