ഡബ്ലുസിസിയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വിശദമാക്കി സംവിധായിക വിധു വിന്‍സെന്റ്. രാജിക്കത്ത് പുറത്ത് വിട്ട് കൊണ്ടാണ് വിധു വിന്‍സെന്റ് ഇതിനെക്കുറിച്ച പ്രതകികരിച്ചത്. സ്ഥാപക അംഗങ്ങള്‍ ഉള്‍പ്പടെ വരേണ്യ നിലപാടുള്ളവരാണെന്നും പല വിഷയങ്ങളിലും സംഘടനയ്ക്ക് ഇരട്ടത്താപ്പാണെന്നും വിധു വിന്‍സെന്റ് പറയുന്നു. ബി.ഉണ്ണിക്കൃഷ്ണന് തന്റെ സിനിമ നിര്‍മിച്ചതോടെയാണ് സംഘടന തനിക്കെതിരായെന്നും വിധു വിന്‍സെന്റ് തുറന്നടിച്ചു.
തന്റെ സിനിമയില്‍ പാര്‍വതിയെ കാസ്റ്റ് ചെയ്താല്‍ കുറച്ചു കൂടി വലിയ കാന്‍വാസില്‍ ഈ സിനിമ നിര്‍മിക്കാമെന്ന തന്റെ സുഹൃത്തുക്കളായ പ്രാഡ്യൂസേഴ്സ് പറഞ്ഞപ്പോള്‍ പാര്‍വതിക്കു തിരക്കഥ നല്കി ആറു മാസത്തോളം താന്‍ കാത്തിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഉയരെയുടെ സെറ്റില്‍ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതില്‍ പ്രകാരം പാര്‍വതിയെ ഉയരെയുടെ സെറ്റില്‍ പോയി കണ്ടു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
മാസങ്ങള്‍ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്നു കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു. ഒരു ‘ചഛ’ പറയാന്‍ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാന്‍ എന്ന് മനസ്സിലാക്കിയപ്പോളുണ്ടായ അപമാനം ഓര്‍ത്തെടുക്കാന്‍ വയ്യ. ആ സമയത്ത് നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവര്‍ മുന്നോട്ടു വന്നപ്പോള്‍ തനിക്ക് ഒരുപാട് ആശ്വാസം ഉണ്ടായെന്നും വിധു പറയുന്നു.
വിധു ഫെയ്സ്ബുക്കിലൂടെയാണ് വിമര്‍ശനവുമായി എത്തിയത്. ബി ഉണ്ണിക്കൃഷ്ണന് തന്റെ സിനിമ നിര്‍മിച്ചതാണ് തന്നോടുള്ള എതിര്‍പ്പിന് കാരണം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനോട് അടുപ്പമുള്ളയാളാണ് ഉണ്ണികൃഷ്ണന് എന്നതാണ് കാരണം. എന്നാല്‍ ഡബ്ലുസിസിക്കെതിരെ മോശമായി പറഞ്ഞ സിദ്ദിഖിനൊപ്പം സിനിമ ചെയ്ത പാര്‍വതിയെ ആരും ചോദ്യംചെയ്തില്ലെന്ന് വിധു വ്യക്തമാക്കുന്നു.
നടി രമ്യ നമ്പീശന്റെ സഹോദരന് കൊച്ചിയില്‍ തുടങ്ങിയ ഡി.എ സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം ദിലീപിന്റെ കോടതി സമക്ഷം ബാലന് വക്കീലായിരുന്നു. അതിന്റെ ഉദ്ഘാടകന്‍ ബി.ഉണ്ണിക്കൃഷ്ണനും. അപ്പോഴുണ്ടാകാത്ത വിവേചനമാണ് സംഘടനയ്ക്കുള്ളിലെ വരേണ്യര്‍ തനിക്കെതിരെ കാട്ടിയതെന്നും വിധു പറഞ്ഞു. അഞ്ജലിയും റിമയും പാര്‍വതിയും ദീദി ദാമോദരനുമടക്കം ഡബ്ള്യുസിസിയിലെ സിനിമ പ്രവര്‍ത്തകരില്‍നിന്ന് പോലും തന്റെ സിനിമയ്ക്ക് യാതൊരു പിന്തുണയും കിട്ടിയില്ല.
ഈ സാഹചര്യം തുറന്നടിച്ചാണ് ബി.ഉണ്ണിക്കൃഷ്ണന് എന്ന നിര്‍മാതാവിനെ വിധു വിശദീകരിക്കുന്നതും. ആക്രമിക്കപ്പെട്ട സുഹൃത്തിന്റെ കാര്യത്തില്‍മാത്രം നിലപാട് ഉറക്കെ പറഞ്ഞ ഡബ്ള്യുസിസി മറ്റുള്ള കാര്യങ്ങളില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. വിധുവിന്റെ രാജിയിലും വെളിപ്പെടുത്തലിലും സംഘടനയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
