കാലം കുറച്ച് ഏറെയായി സാമൂഹിക മാധ്യമങ്ങള്‍ ജനപ്രിയമാണ്. അവ കലാകാരന്മാര്ക്കും ഇക്കാലത്ത് നിരവധി അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയ ഗായകന് ജി വേണുഗോപാല്‍ അപ്രതീക്ഷിതമായി കണ്ട ഒരു കുരുന്നു ഗായികയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. അതിമനോഹരമായ ആലാപനംകൊണ്ട് ഒരുപാട് ഹൃദയങ്ങള്‍ കവര്‍ന്നത് സനിഗ സന്തോഷ് എന്ന കൊച്ചു ഗായികയാണ്.
ഇതിനോടകം തന്നെ ‘മലര്‍ക്കൊടി പോലെ, / വര്‍ണ്ണത്തുടി പോലെ..’ എന്നു തുടങ്ങുന്ന ഗാനം പാടിയ സനിഗ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഈ ഗാനം 1977ല്‍ റിലീസ് ചെയ്ത ‘വിഷുക്കണി’ എന്ന ചിത്രത്തിലേതാണ്. സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്.
ജി വേണുഗോപാലിന്റെ വാക്കുകളിലേക്ക്, ‘കട്ടിലില്‍ കിടന്ന് ദുബൈയിലെ സുഹൃത്ത് രൂപേഷ് അയച്ച് തന്ന ട്രോളുകള്‍ ഓരോന്നായി കാണുന്നതിന് ഇടയില്‍ ഈ പാട്ടിന്റെ തുടക്കം എന്റെ കാതുകളെ കൂര്‍പ്പിച്ചു. ഞാന്‍ അറിയാതെ എണീറ്റിരുന്നു. ഇരുത്തം വന്ന ഗായകര്‍ പോലും എടുത്തു പൊക്കാന്‍ മടിക്കുന്ന പാട്ട്. അത് ലളിതമായി ഒഴുകുന്നു ; ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികള്‍ മുഴുവന്‍ സ്വന്തം തൊണ്ടയ്ക്ക് ഉതകുന്നത് ആക്കാനുള്ള നൈസര്‍ഗ്ഗികതയും…
‘നിറ സന്ധ്യയായ് ഞാന്‍ ആരോമലേ / വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍താരമായ്’ മേലാകെ കുളിരു പെയ്യുന്നു! സംഗതികളുടെ കൃത്യതയല്ല ; ശ്രുതിയും, ലയവും, ശബ്ദ സൗന്ദര്യവും കൊണ്ട് അവള് ആ പാട്ട് അവളുടേത് ആക്കി മാറ്റിയിരിക്കുന്നു. She sings beyond the song! കേട്ടാല്‍ അറിയാം ; അത് പഠിച്ച് ഉണ്ടാക്കിയ പാട്ടല്ല. അത് അവളുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നാണ്. പ്രാര്‍ത്ഥനകള്‍!’
