International News

ലോക വിഡ്ഢി ദിനമല്ലേ? ഒരു രാജ്യം അങ്ങ് രൂപീകരിക്കാം. തമാശയ്ക്ക് തുടങ്ങിയ ഒരു രാജ്യത്തിന്റെ കഥ

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോക വിഡ്ഢി ദിനത്തില്‍ ബാള്‍ട്ടിക്ക് രാജ്യമായ ലിത്തുവാനിയയുടെ തലസ്ഥാനമായ വിലിനിയസിലെ ഒരു കവലയിലെ ചില ചെറുപ്പകാര്‍ അവരുടെ പ്രദേശം ഒരു പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചു. ആളുകളെ വിഡ്ഢികളാക്കാനായി ഒരു തമാശയ്ക്ക് പ്രഖ്യാപിച്ചതാണെങ്കിലും കളി കാര്യമായി. ഇപ്പോള്‍ ഒരു കിലോമിറ്ററിന് താഴെ വിസ്തൃതിയുള്ള ഈ പ്രദേശം ഒരു പ്രത്യേക രാജ്യമാണ്. ആ രാജ്യത്തിന്റെ പ്രഖ്യാപനം നടത്തിയ യുവാക്കളാണ് ഇന്ന് ആ രാജ്യത്തിന്റെ പ്രസിഡന്റും മന്ത്രിമാരും. ഉസുപ്പീസ് റിപ്പബ്ലിക്ക് എന്നാണ് ആ രാജ്യത്തിന്റെ പേര്.

ഉസുപ്പീസ് റിപ്പബ്ലിക്ക് ലിത്തുവാനിയയുടെ തലസ്ഥാനമായ വിലിനിയസിലെ ഒരു ചെറിയ പ്രദേശമാണെങ്കിലും ആ രാഷ്ട്രത്തിന് സ്വന്തമായി ഭരണഘടനയും, സര്‍ക്കാരും, കറന്‍സിയും, പതാകയും ഉണ്ട്.രാജ്യത്തിന്റെ പ്രവേശനകവാടത്തിലെ പിച്ചള ലോഹത്തില്‍ നിര്‍മ്മിതമായ ഒരു ജലകന്യകയുടെ പ്രതിമ രാഷ്ട്രത്തിലെ പ്രധാന ആകര്‍ഷണവും അഭിമാന സ്തംഭവുമാണ്. ഈ ജലകന്യക വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. പ്രതിമയ്ക്ക് സമീപം ഒരു അരുവി പോലെ ബീയര്‍ ഒഴുകുന്നു. പണമടച്ചാല്‍ തുകയ്ക്ക് അനുസൃതമായി അവിടെ നിന്ന് ബിയര്‍ കോരി എടുക്കാം.

രാജ്യം ചെറുതാണെങ്കിലും ഇവര്‍ക്ക് സ്വന്തമായി കറന്‍സി ഒക്കെ ഉണ്ട്. രാഷ്ട്രപതിയും, മന്ത്രിസഭയും നേവിയും ഉണ്ട്. നേവിക്ക് നാല് ബോട്ടുകളാണ് ഉള്ളത്. ഉസുപ്പീസ് റിപ്പബ്ലിക്കിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ പത്തു പേരടങ്ങുന്ന ഒരു സൈന്യം ഉണ്ടായിരുന്നു. പൂര്‍ണ്ണമായും സാമാധാനപ്രിയരായ ജനങ്ങളുള്ള രാജ്യമായതിനാല്‍ ഒരു സൈന്യത്തിന്റെ ആവശ്യം ഇല്ലെന്ന് കണ്ടെത്തി അവരെ പിരിച്ചു വിട്ടു.

1997ലാണ് ഉസുപ്പീസ് റിപ്പബ്ലിക്കിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത്. 148 ഏക്കര്‍ വിസ്തൃതിയുള്ള ഏഴായിരത്തോളം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമാണ് ഈ രാജ്യം. ജനസംഖ്യയില്‍ ആയിരത്തോളം പേര്‍ പല തരത്തിലുള്ള കലാകാരന്മാരാണ്. പ്രതിമ നിര്‍മ്മാണത്തിലും, ചിത്രകലയിലും, വാദ്യസംഗീതത്തിലും ഒക്കെ പാടവം ഉള്ളവരാണ് മിക്കവരും. കരവിരുതും പാടവവും പ്രദര്‍ശിപ്പിക്കുന്ന വേദിയാണ് അവര്‍ക്ക് അവരുടെ തെരുവുകളും കെട്ടിടങ്ങളുടെ ചുവരുകളും.

ലോകത്തിലെ ഒരു രാജ്യവും ഇന്നേവരെ ഉസുപ്പീസ് റിപ്പബ്ലിക്കിനെ ഒരു സ്വതന്ത്ര രാജ്യമായിട്ട് പരിഗണിച്ചിട്ടില്ലെങ്കിലും അവര്‍ക്ക് അത് ഒരു പ്രശ്നമേ അല്ല. പക്ഷെ ലിത്തുവാനിയന്‍ ജനത ഉസുപ്പീസ് റിപ്പബ്ലിക്കിനെ ഒരു സ്വതന്ത്ര രാജ്യമായാണ് നോക്കി കാണുന്നത്. അവര്‍ പൂര്‍ണ്ണമായും ഉസുപ്പീസിലെ ജനതയെ അന്തസ്സും അഭിമാനവും ഉള്ളവരായാണ് കാണുന്നത്.

ലിത്തുവാനിയന്‍ ഭാഷയില്‍ ഉസുപ്പീസ് എന്ന വാക്കിന്റെ അര്‍ത്ഥം നദിയുടെ അപ്പുറം എന്നാണ്. ഉസുപ്പീസ് രാജ്യം വില്‍നിലെ എന്ന നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഉസുപ്പീസ് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനം സ്വാഭാവികമായും വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനാണ്. അതിനെ ‘ഉസുപ്പീസ് ഡേ’ എന്ന് വിളിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഉസുപ്പീസിന്റെ അതിര്‍ത്തിയിലാണ് ഉസുപ്പീസ് പാസ്പോര്‍ട്ട് നല്‍കുന്നത്. ഉസുപ്പീസിന്റെ ഭരണഘടന പല ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇവിടുത്തെ ഭൂരിഭാഗം താമസക്കാരും യഹൂദരായിരുന്നു. അവരെയൊക്കെ നാസികള്‍ കൊന്നൊടുക്കി. പിന്നീട് ഇവിടെ ആധിപത്യം റഷ്യക്കാര്‍ക്ക് ആയിരുന്നു. ഒരു കഫേയിലാണ് ഉസുപ്പീസ് റിപ്പബ്ലിക്കിന്റെ പാര്‍ലമെന്റ് കൂടുന്നത്. പന്ത്രണ്ടോളം മന്ത്രിമാരുണ്ട്. രാഷ്ട്രീയത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും സാമൂഹിക സേവനം ചെയ്യണമെന്ന് ഉസുപ്പീസില്‍ നിയമമുണ്ട്. മന്ത്രിസഭായോഗം എല്ലാ തിങ്കളാഴ്ച്ചയും നടത്തപ്പെടും. റോമാസ് ലിലേയ്ക്കിസ് ആണ് ഉസുപ്പീസ് റിപ്പബ്ലിക്കിന്റെ രാഷ്ട്രപതി. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിചിത്ര ആശയവുമായി യോഗം കൂടിയ യുവാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.

Entrance to the self-declared independent republic in Uzupis district in Vilnius, Lithuania.

ഉസുപ്പീസിന്റെ ഔദ്യോഗിക ഭാഷ റോമന്‍ ഭാഷയാണ്. പതാകയിലെ ചിഹ്നം വിരല്‍ അകത്തി പിടിച്ചിരിക്കുന്ന കൈപ്പത്തിയാണ്. ഈ ചിഹ്നം കൊണ്ട് അര്‍ത്ഥമൊക്കുന്നത് തങ്ങള്‍ക്ക് യാതൊന്നും ഒളിക്കാന്‍ ഇല്ല എന്നാണ്. ചിഹ്നത്തിലെ ഉള്ളംകൈയിലെ ദ്വാരത്തിന്റെ അര്‍ത്ഥം അഴിമതിയും കൈക്കൂലിയും ഇല്ല എന്നാണ്. 2002ല്‍ ഉസുപ്പീസ് റിപ്പബ്ലിക്കിന്റെ ചിഹ്നമായി നഗരകവാടത്തില്‍ ഗബ്രിയേല്‍ മാലാഖയുടെ പ്രതിമ (ദ് ഏഞ്ചല്‍ ഓഫ് ഉസുപ്പീസ്) സ്ഥാപിച്ചു.

ഉസുപ്പീസിലെ വിദേശകാര്യ മന്ത്രി ടോമാസിന്റെ അഭിപ്രായത്തില്‍ അതിസമ്പന്നമായ രാജ്യമാണ് ഉസുപ്പീസ് റിപ്പബ്ലിക്ക്. അതിനൊപ്പം ശാന്തിയും സാമാധാനവുമുള്ള പ്രകൃതി സുന്ദരമായ നാട് കൂടിയാണ്. ബഹളവും, തിരക്കും, ട്രാഫിക്കും ഒന്നും ഇല്ലാത്ത സ്വച്ഛന്ദസുന്ദരമായ ഉസുപ്പീസ് ആര്‍ക്കും പ്രിയപ്പെട്ടതാകും. മാര്‍പ്പാപ്പ ഈ രാജ്യം സന്ദര്‍ശിക്കുകയും ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച് ഉസുപ്പീസ് ദലൈലാമയെ ആദരിക്കുകയും അദ്ദേഹത്തിന് രാജ്യത്തിന്റെ പൗരത്വം നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം നഗരസൗന്ദര്യവത്കരണമാണ്. അതു കാരണം ഇവിടെ വസ്തുവകകള്‍ക്കും കെട്ടിടങ്ങള്‍ക്കും ദിനംപ്രതി വില വര്‍ദ്ധിക്കുകയാണ്.

ഒരു വിഡ്ഢിദിവസം ഒരു കൂട്ടം യുവാക്കള്‍ പറഞ്ഞ ഒരു കുസൃതി വളര്‍ന്ന് വലുതായി മഹത്തായ രാജ്യങ്ങള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് പോലും മാതൃകയാകുകയാണ്. ചിലപ്പോള്‍ അങ്ങനെയാണ്. ചില ചെറിയ കാര്യങ്ങള്‍ പല വലിയ അത്ഭുതങ്ങള്‍ക്കും വഴിവെക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top