Travel

ഒരു രൂപ പോലും കൈയില്‍ കരുതാതെ വീട്ടില്‍ നിന്ന് ഇറങ്ങി, കിട്ടുന്നത് കഴിച്ച്, എത്തുന്ന ഇടത്ത് ഉറങ്ങി. ഈ പെണ്‍കുട്ടി 5000 കിലോമറ്ററിനെക്കാള്‍ അധികം ലിഫ്റ്റടിച്ച് യാത്ര ചെയ്തു

‘Life is either a daring adventure or nothing…’

ഉമ റോയി എന്ന 21 വയസ്സുകാരി മലയാളി പെണ്‍കുട്ടി ഒരൊറ്റ രൂപ കൈയില്‍ കരുതാതെ ആവശ്യ സാധനങ്ങളും പായ്ക്ക് ചെയ്ത് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ക്ക് മുന്നില്‍ പുതിയ ഒരു ലോകം വാതില്‍ തുറക്കുകയായിരുന്നു.

‘കാണാന്‍ കാഴ്ച്ചകള്‍ ഏറെയുണ്ട്. നേരിടാന്‍ ഒട്ടേറെ അനുഭവങ്ങളും വെല്ലുവിളികളും.’ ഹെലന്‍ കെല്ലറിന്റെ ഈ വാചകം ആയിരുന്നു ഹിച്ച് ഹൈക്കിങ്ങിനായി വീടു വിട്ട് ഇറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍. ഒന്നുകില്‍ ജീവിതം ധീരമായ സാഹസികതയാണ്. അല്ലെങ്കില്‍ ഒന്നുമല്ല. എവിടെ പോകുന്നു, എവിടെ താമസിക്കും, എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ചിന്തകളോട് ഒക്കെ തത്കാലം ബായ് പറഞ്ഞ് ഉമ 2019 സെപ്റ്റംബര്‍ 3-ിന് യാത്ര തുടങ്ങി. 5000 കിലോമീറ്ററില്‍ അധികം എട്ട് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും കണ്ട് യാത്ര ചെയ്തു. ഇപ്പോള്‍ യാത്രയില്‍ നിന്ന് കുറച്ചു കാലത്തേക്ക് ചെറിയ ഒരു ബ്രേക്ക് എടുത്ത് അസമില്‍ തുടരുന്നു. ഒരു തൃശ്ശൂര്‍കാരി പെണ്‍കുട്ടി ലിഫ്റ്റ് ചോദിച്ച് കാണുന്ന വണ്ടികളില്‍ കയറി, കിട്ടുന്ന ഇടങ്ങളില്‍ ഉറങ്ങി ഇത്ര ദൂരം യാത്ര ചെയ്തെന്നോ? അവിശ്വസനീയം ആയാണ് ഇതിനെ കരുതുന്നതെങ്കില്‍ നിങ്ങള്‍ ഉമയെ അറിഞ്ഞിരിക്കണം.

ഉമ റോയിയുടെ വാക്കുകളിലേക്ക്, ‘ലിഫ്റ്റ് ചോദിച്ച് ആയിരുന്നു യാത്രകള്‍. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് കരുതാമെങ്കിലും ലിഫ്റ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ട്രക്ക്, ലോറി, ഓട്ടോ, ടൂവീലര്‍… അങ്ങനെ എന്തും! കിട്ടുന്ന വണ്ടിയ്ക്ക് കയറി ആയിരുന്നു മുന്നോട്ട് പോയത്. നല്ല ക്ഷമ വേണ്ട ഏര്‍പ്പാടാണ്. ചിലര്‍ ചീത്ത വിളിക്കും. വണ്ടിയില്‍ കയറ്റാതെ പോകും. പതിയെ അതൊക്കെ ശീലമായി. ഈ യാത്ര എങ്ങനെ ആണ് എന്നതിന് മുന്‍കൂട്ടി പ്ലാനിങ്ങ് ഉണ്ടായിരുന്നില്ല.

രാത്രി യാത്ര ചെയ്യാറില്ല. ഇരുട്ടും മുന്‍പ് താമസിക്കാന്‍ ഒരു ഇടം കണ്ടെത്തും. എവിടെ എത്തുന്നോ അവിടെ കാണുന്ന ഏതെങ്കിലും വീടിന്റെ വാതില്‍ മുട്ടും. ‘ഞാന്‍ ഇങ്ങനെ യാത്ര പോകുന്നു. ഇന്ന് ഇവിടെ താമസിച്ചോട്ടെ?’ അപേക്ഷിക്കും. പലരും വാതില്‍ കൊട്ടിയടയ്ക്കും. ചിലര്‍ താമസവും ഭക്ഷണവും തരും. തുടക്കകാലത്ത് ഒക്കെ ഇങ്ങനെ ആയിരുന്നു താമസം കണ്ടെത്തിയത്.

പിന്നെ റെയില്‍വേ സ്റ്റേഷന്‍, അമ്പലങ്ങള്‍, പള്ളികള്‍ തുടങ്ങി എവിടെ സ്ഥലം കിട്ടുന്നോ അവിടെ ഉറങ്ങാന്‍ ശീലിച്ചു. നിരവധി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഒക്കെ യാത്ര അനുഭവങ്ങളുടെ ഭാഗമായി മാത്രമേ കണ്ടിട്ടുള്ളു.’

ഒരു തരം ലഹരിയാണ് യാത്ര. അതിനെ ആസ്വദിച്ച് തുടങ്ങിയാല്‍ പിന്നെ മുന്നില്‍ തടസ്സങ്ങള്‍ ഇല്ലേ ഇല്ല. ഇങ്ങനെ ഒരു അപ്പൂപ്പന്‍താടിയെ പോലെ പാറി പറന്ന് നടക്കാം…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top