യു എ ഇ രാജകുടുംബം സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇസ്ലാം വിരുദ്ധതയ്ക്ക് എതിരെ മുന്നറിയിപ്പ് നല്‍കിയത് രാജകുമാരി ഹെന്ത് അല്‍ ഖാസിമിയാണ്. ഹെന്ത് ഇസ്ലാമൊഫോബിയയ്ക്ക് എതിരെ രംഗത്തെത്തിയത് ഇന്ത്യന്‍ വംശജനായ സൗരഭ് ഉപാധ്യായ് പങ്കുവെച്ച ചില ട്വീറ്റുകള്‍ പങ്കുവെച്ചു കൊണ്ടാണ്.
സൗരഭ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചത് ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലിം വിഭാഗത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ്. ഈ ട്വീറ്റുകള്‍ ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തകരാണ് കാരണം എന്ന തരത്തിലുള്ളതാണ്. ഇയാള്‍ വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നു എന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. യു എ ഇ ഭരണകുടുംബാംഗത്തിന്റെ മുന്നറിയിപ്പ് ഈ ട്വീറ്റുകളുടെയൊക്കെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ്.
ഹെന്ത് ഈ വിഷയത്തില്‍ രണ്ട് ട്വീറ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ട്വീറ്റ് ഇങ്ങനെ, ‘യു എ യിയില്‍ വംശീയവിദ്വേഷവും ഉച്ചനീചത്വവും പ്രകടിപ്പിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും അവരെ പുറത്താക്കുകയും ചെയ്യും. അതിന്റെ ഒരു ഉദാഹരണം ഇതാ’ (കീഴെ സൗരവ് ഉപാധ്യായിന്റെ ട്വീറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍.)
‘ഭരണകുടുംബം ഇന്ത്യക്കാരുമായി സൗഹൃദത്തിലാണ്. പക്ഷെ ഒരു രാജകുടുംബം എന്ന നിലയില്‍ നിങ്ങളുടെ അപമര്യാദ സഹിക്കാന്‍ കഴിയില്ല. എല്ലാ തൊഴിലാളികളും ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് ; സൗജന്യത്തിനല്ല. നിങ്ങള്‍ പുശ്ചിക്കുന്ന ഈ നാട്ടിലെ അന്നമാണ് നിങ്ങള്‍ ഉണ്ണുന്നത്. നിങ്ങളുടെ ഈ പരിഹാസത്തിനു മുന്നില്‍ ഞങ്ങള്‍ കണ്ണടയ്ക്കില്ല.’ ഹെന്ത് രണ്ടാമത്തെ ട്വീറ്റില്‍ പറഞ്ഞു.
