National News

രാത്രിയാത്രയ്ക്കിടെ അശ്ലീലചുവയുള്ള കമെന്റുകളുമായി പിന്തുടര്‍ന്ന് സ്വിഗ്ഗി ജീവനക്കാരന്‍ ; വീഡിയോ പങ്കുവെച്ച് സെലബ്രിറ്റി സ്റ്റൈലിസ്റ്റ്

രാത്രിയാത്രയ്ക്കിടെ അശ്ലീലചുവയുള്ള കമെന്റുകളുമായി സ്വിഗ്ഗി ജീവനക്കാരന്‍ തന്നെ പിന്തുടര്‍ന്നുവെന്ന് സെലബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വിഗ്ഗി ഡെലിവറി ബോയി തന്നെ പിന്തുടര്‍ന്നു എന്നും, വീഡിയോ ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ ഈ ആള്‍ മുഖം മറച്ചു പോയി എന്നും അസാനിയ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കുറിച്ചു. ഈ ആളുടെ വീഡിയോയും വാഹനത്തിന്റെ വിവരങ്ങളും അസാനിയ പങ്കുവെച്ചിട്ടുണ്ട്.

അസാനിയ നസ്രിനിന്റെ കുറിപ്പ് ഇങ്ങനെ :

‘ഈ വീഡിയോയില്‍ കാണുന്ന ആള്‍ എന്റെ പിന്നാലെ വന്നു. ‘നിന്റെ മൂട് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്നായിരുന്നു അവന്റെ വാക്കുകള്‍. ഞാന്‍ അവനെ പിന്തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കാന്‍ ആരംഭിച്ചതോടെ അവന്‍ മുഖം മറച്ച് നടന്നുപോയി. അവന്‍ ഒരു സ്വിഗ്ഗി ഡെലിവറി പേര്‍സണാണ്. കെഎല്‍-41 എഫ് 6977 ആണ് വാഹനത്തിന്റെ നമ്പര്‍. ‘ഈ സമയത്ത് എന്തിന് പുറത്തിറങ്ങി’ എന്ന് ചോദിക്കുന്നവര്‍ക്ക്, അവനെപ്പോലെ ഞാനും ജോലിക്ക് പോയതാണ്. ഈ സമയത്ത് അവന്‍ തൊഴിലെടുക്കുന്നത് നിങ്ങള്‍ക്ക് കുഴപ്പമില്ലെങ്കിലും, ഞാന്‍ പുറത്ത് ഇറങ്ങിയത് പ്രശ്നമാണെങ്കില്‍ ദയവായി കമെന്റ് ചെയ്യരുത്. ‘സുരക്ഷ’യുടെ പേരില്‍ ഞങ്ങള്‍ ഒരുപാട് കാലമായി മറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ ഞങ്ങള്‍ക്കുവേണ്ടി ഒഴിവായി തെരുവുകള്‍ സുരക്ഷിതമാക്കണം.’

സ്വിഗ്ഗി ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് അസാനിയയുടെ പോസ്റ്റ്.

മറ്റൊരു കുറിപ്പില്‍ ഇവര്‍ ബൈക്കിന്റെ ഉടമയുടെ വിവരങ്ങളും പരസ്യപ്പെടുത്തി. അബ്ദുള്‍ റസാഖ് എന്ന ആളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആളുകള്‍ അസാനിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ചിലര്‍ തന്നെ വിഷയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നും, സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് ബലാത്സംഗ ഭീഷണി അടക്കം മുഴക്കുന്നുണ്ടെന്നും അസാനിയ പറയുന്നു. ഇതിന്റെ സ്ക്രീന്‍ഷോട്ടുകളും അവര്‍ പുറത്തുവിട്ടു.

വിഷയത്തില്‍ സ്വിഗ്ഗി തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, നടപടി എടുക്കുമെന്ന് ഉറപ്പ് പറഞ്ഞുവെന്നും അവര്‍ പിന്നീട് അറിയിച്ചു. പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണെന്നും അസാനിയ പറഞ്ഞു.

Most Popular

To Top