Breaking News

സുചിത്രയുടെ മൃതദേഹത്തിന് എടുത്ത കുഴി ചെറുതായിപ്പോയി. കാലുകള്‍ മുറിച്ചു ; മൊഴി പുറത്ത്

പാലക്കാട് : മണലിയിലെ ഹൗസിങ്ങ് കോളനിയിലെ വാടക വീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ കാലുകള്‍ മൃതദേഹം കുഴിച്ചിടുന്നതിനിടെ മുറിച്ചു മാറ്റുകയായിരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍. കൊല്ലത്തു നിന്നും കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെട്ട സംഭവത്തില്‍ നേരത്തേ ഇവരുടെ സുഹൃത്തും സംഗീത അദ്ധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചു മാറ്റിയത് സംബന്ധിച്ച് ഇപ്പോള്‍ മൊഴി നല്‍കിയത്.

പ്രതി അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബന്ധം സ്ഥാപിച്ചത്. പ്രശാന്തും സുചിത്രയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രശാന്ത് സുചിത്രയ്ക്ക് രണ്ടര ലക്ഷത്തോളം രൂപ തിരികെ കൊടുക്കാന്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. പ്രാഥമിക നിഗമനം അനുസരിച്ച്, സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പാലക്കാടിലുള്ള ഒരു സ്കൂളിലെ സംഗീത അദ്ധ്യാപകനാണ് കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത്.

യുവതിയെ മാര്‍ച്ച 17 മുതലാണ് കാണാതാകുന്നത്. സുചിത്രയുടെ മൃതദേഹം മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രശാന്ത് വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടു പിടിച്ചു കിടക്കുന്ന സ്ഥലത്താണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

പ്രതി നല്‍കിയ മൊഴി പ്രകാരം സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍. അഴുകി തുടങ്ങിയിരുന്ന മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചു മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകം മാര്‍ച്ച് 20നാണ് നടന്നതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്യുന്നത് സംബന്ധിച്ച് പ്രതിയ്ക്ക് ആശയക്കുഴപ്പമുണ്ടായി. മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പിന്നീടുള്ള ശ്രമം വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴി കുത്തി കുഴിച്ചു മൂടാന്‍ ആയിരുന്നു. പക്ഷെ കുഴി ചെറുതായി പോയതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പ്രതി ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്.

കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനറായ ഈ യുവതി മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു. മാര്‍ച്ച് 17ന് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയി. അവര്‍ പോയത് കൊല്ലത്തെ പ്രമുഖ ബ്യൂട്ടിപാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ്ങ് അക്കാദമിയിലേക്കാണ്. സ്ഥാപന ഉടമയെ സുചിത്ര അന്നേ ദിവസം വൈകിട്ട് നാലിനു തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലെന്നും മെയില്‍ വഴി അറിയിച്ചു. അന്ന് ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് യുവതി അവിടെ നിന്ന് ഇറങ്ങി.

തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചുകൊണ്ട് 18ന് സുചിത്ര വീണ്ടും ഉടമയ്ക്കു മെയില്‍ അയച്ചു. പോലീസിന് നല്‍കിയ മൊഴിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ പറഞ്ഞിരിക്കുന്നത് പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു എന്നാണ്. രണ്ടു ദിവസം വീട്ടിലേക്ക് ഫോണില്‍ യുവതി ബന്ധപ്പെട്ടുവെങ്കിലും 20നു ശേഷം അതും നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ സുചിത്രയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. പോലീസ് മാര്‍ച്ച് 22ന് കേസ് എടുത്തു. കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്. പ്രശാന്ത് വിവാഹശേഷം അപ്രതീക്ഷിതമായി പരിചയപ്പെട്ട സുചിത്രയുമായി അടുപ്പത്തില്‍ ആകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പ്രശാന്തിന്റെ ഭാര്യ പ്രസവശേഷം കുട്ടിയുമൊത്ത് കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാടില്‍ പ്രശാന്തിനൊപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോടിലേക്ക് പോയതിനു ശേഷമാണ് സുചിത്ര ഇവിടേയ്ക്ക് വരുന്നത്. സുചിത്ര മാര്‍ച്ച് 17ന് രാത്രിയോടെ പാലക്കാട് എത്തി പ്രശാന്തിനൊപ്പം താമസിച്ചു. വെളിപ്പെടുത്തല്‍ അനുസരിച്ച് കൊലപാതകം നടന്നത് 20നാണ്. സുചിത്ര വീട്ടുകാരോട് അറിയിച്ചിരുന്നത് എറണാകുളത്ത് ക്ലാസ്സ് എടുക്കാന്‍ പോകുന്നു എന്നാണ്. വിവരങ്ങള്‍ ഒന്നും അറിയാതിരുന്നപ്പോഴാണ് സുചിത്രയുടെ വീട്ടുകാര്‍ പാര്‍ലറില്‍ കാര്യം തിരക്കിയത്. അപ്പോഴാണ് വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് സുചിത്ര കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത് എന്ന് ഇരുകൂട്ടര്‍ക്കും മനസ്സിലായത്. സുചിത്ര വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്ന് വീട്ടുകാര്‍ മൊഴി നല്‍കി. എല്ലാവരുമായും വളരെ സൗമ്യതയോടെ ആയിരുന്നു പ്രശാന്ത് ഇടപെട്ടിരുന്നത്. പ്രശാന്തിന്റെ കീഴില്‍ വിദേശികള്‍ അടക്കം നിരവധി പേര്‍ സംഗീതം അഭ്യസിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top