ഓണ്‍ലൈന്‍ ഗെയിമുകള്‍ ലോക്ക്ഡൗണ്‍ കാലത്തെ പലരുടെയും സമയം കൊല്ലിയാണ്. പലരും ഒറ്റയ്ക്കും ഗ്രൂപ്പായും ഒക്കെ ഏറ്റുമുട്ടലുകള്‍ നടത്തുന്നു. ഏറെ ആരാധക പിന്തുണയുള്ള ഗെയിമുകളാണ് പബ്ജി, കോള്‍ ഓഫ് ഡ്യൂട്ടി വാര്‍സോണ്‍ എന്നിവ. ഒരു പ്രത്യേക ആളെയാണ് ഇങ്ങനെ കോള്‍ ഓഹ് ഡ്യൂട്ടി വാര്‍സോണ്‍ കളിക്കാന്‍ കയറിയ രണ്ട് മലയാളികള്‍ക്ക് കൂട്ടായി കിട്ടിയത്. ഇവര്‍ക്ക് ഒപ്പം കൂടിയത് ഇന്നലെ പിറന്നാള്‍ ആഘോഷിച്ച, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സിനിമാ താരം ശ്രീനാഥ് ഭാസിയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഭാസിയുമായുള്ള ഇവരുടെ സംഭാഷണം അടങ്ങിയ ഗെയിമിങ്ങ് വീഡിയോ വൈറലാവുകയാണ്. വീഡിയോ പ്രത്യക്ഷപ്പെട്ടത് ലൂസിഫര്‍ ഏസ് എന്ന യുട്യൂബ് ചാനലിലാണ്.
ആദ്യം, മലയാളിയെ കിട്ടിയതിലുള്ള സന്തോഷമായിരുന്നു ഇവര്‍ക്ക്. കൂടെ ഗെയിമില്‍ കൂടിയ ‘ആള്‍ക്കും’ അതേ സന്തോഷം. നാടും വീടും ഒക്കെ ചോദിച്ചു കഴിഞ്ഞപ്പോള്‍ എന്തോ എവിടെയോ ഒരു തകരാറ് പോലെ ഇവര്‍ക്ക് തോന്നി. ഈ ശബ്ദം എവിടെയോ കേട്ടിട്ടുള്ളത് പോലെ ഒരു തോന്നല്‍. ‘ചേട്ടന്റെ ശബ്ദം ശ്രീനാഥ് ഭാസിയുടെ ശബ്ദം പോലെതന്നെ ഉണ്ട്’ എന്ന് പറഞ്ഞപ്പോള്‍ ഒരു ചിരി മാത്രം. പേര് അന്വേഷിച്ചപ്പോള്‍ ശ്രീ എന്ന് മറുപടി. അതോടെ സംശയം വര്‍ദ്ധിച്ചു. മുഴുവന്‍ പേര് ചോദിച്ചപ്പോള്‍ അത് തന്നെയാണെന്ന് പറയുന്നു. പക്ഷെ സംശയം മാറുന്നില്ല. ഒടുവില്‍ ചോദിച്ചു, ‘ചേട്ടന് എന്താ ജോലി?’ ‘ഫിലിം ഫീല്‍ഡിലാണ്.’ ആള് അത് തന്നെയെന്ന് ഉറപ്പിച്ചപ്പോള്‍ അവര്‍ക്ക് അത്ഭുതവും സന്തോഷവും. അവസാനം നിരന്തര ചോദ്യങ്ങളുടെ ഉത്തരമായി ‘അഞ്ചാം പാതിര’യില്‍ ഒരു ഹാക്കറുടെ ‘ചെറിയ റോള്‍’ ചെയ്തിട്ടുണ്ടെന്ന് താരം ‘കുറ്റസമ്മതം’ നടത്തി. സിനിമാ താരത്തോട് സംസാരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഒരു ചെറിയ തള്ള്.
‘ഞാന്‍ ചേട്ടന്റെ എല്ലാ പടവും കണ്ടിട്ടുണ്ട്.’
‘നീ ‘ഇബ്ലീസ്’ കണ്ടോ?’
‘ഇബ്ലീസ് കണ്ടില്ല.’
ഗെയിമേഴ്സ് ഫ്രണ്ട് റിക്ക്വസ്റ്റ് അയയ്ക്കുമെന്നും ശ്രീനാഥ് ആഡ് ചെയ്യുമെന്നും പറഞ്ഞു. 10 മിനിറ്റ് നീണ്ട ആ വീഡിയോ അങ്ങനെ സമാപിച്ചു.
