ശോഭന തെന്നിന്ത്യയ്ക്കു പ്രിയപ്പെട്ട നടിയാണ്. സിനിമയില്‍ നിന്ന് നടി ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ താരം വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ എല്ലാവരെയും പോലെ ശോഭനയും സ്വന്തം വീട്ടില്‍ തന്നെയാണ്. ഇതിന് ഇടയ്ക്കാണ് ഇപ്പോള്‍ ശോഭന ഫേസ്ബുക്ക് ലൈവിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ശോഭന അപ്രതീക്ഷിതമായി ലൈവില്‍ എത്തിയപ്പോള്‍ ആരാധകരും ഞെട്ടി. ലൈവില്‍ സിനിമയെ കുറിച്ചും നൃത്തത്തെ കുറിച്ചും ശോഭന വാചാലയായി. ശോഭന ഒരു മണിക്കൂറോളം ലൈവില്‍ ഉണ്ടായിരുന്നു. ആരാധകരുടെ പല വിധ ചോദ്യങ്ങള്‍ക്കും നടി മറുപടി നല്കി.
സിനിമയില്‍ നിന്ന് ഇടവേള എടുത്തതിന്റെ കാരണം ശോഭന വെളിപ്പെടുത്തി.
ശോഭനയുടെ വാക്കുകളിലേക്ക്, ‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്ട്ട്നെസ് കിട്ടും. അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാകില്ല എന്നു തോന്നിയത് കൊണ്ടാണ് സിനിമ വിട്ടത്.
‘ഇന്നലെ’, ‘ഏപ്രില്‍ 18’, ‘മണിച്ചിത്രത്താഴ്’, ‘തേന്മാവിന് കൊമ്പത്ത്’ തുടങ്ങിയവയാണ് മറക്കാനാകാത്ത സിനിമകള്‍. ‘മണിച്ചിത്രത്താഴി’ല്‍ അഭിനയിക്കുന്നത് ഏറെ വെല്ലുവിളി തന്നതായിരുന്നുവെങ്കില് ‘തേന്മാവിന് കൊമ്പത്ത്’ ഞാന്‍ ഏറ്റവും ആസ്വദിച്ചു ചെയ്ത സിനിമയാണ്.
മമ്മൂക്കയോട് എപ്പോഴും സീനിയറാണ് അദ്ദേഹം എന്നുള്ള ഒരു അകലം ഞാന്‍ പാലിച്ചിരുന്നു. എന്നാലും അദ്ദേഹം വളരെ നല്ല നടനും മനുഷ്യനും ആണ്.
മോഹന്‍ലാലും ഞാനും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലെ ഏയ്റ്റീസ് ഗ്രൂപ്പില്‍ ഞങ്ങള്‍ അംഗങ്ങളാണ്. അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ട്.
മോഹന്‍ലാലിന് ഒപ്പം ഇനിയും സിനിമകള്‍ ചെയ്യാനും എനിക്ക് സമ്മതമാണ്. അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.’
