പ്രേക്ഷകരുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്മാന്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരപുത്രന് അഭിനയലോകത്ത് എത്തിയത്. മകന് സ്വന്തമായ നിലയില്‍ വളരട്ടെ എന്ന നിലപാടില്‍ ആയിരുന്നു മമ്മൂട്ടി. ആ നിലപാടിനെ കുറിച്ച് കൃത്യമായി അറിയുന്ന ദുല്‍ഖര്‍ തന്റെ സ്ഥാനം രേഖപ്പെടുത്തുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം താരം ഇപ്പോള്‍ സജീവമാണ്.
ദുല്‍ഖറിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് ആയിരുന്നു ‘ഉസ്താദ് ഹോട്ടല്‍’. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലെ അനുഭവത്തെ കുറിച്ചും ദുല്‍ഖറിന്റെ പ്രകടനത്തെ കുറിച്ചും ഇപ്പോള്‍ നടന് സിദ്ദിഖ് തുറന്നു പറഞ്ഞിരിക്കുകയാണ്.
വളരെ മനോഹരമായ പ്രകടനം കാഴ്ച്ചവെച്ച ദുല്‍ഖറിനെ കുറിച്ച് ആയിരുന്നു സിദ്ദിഖ് പറഞ്ഞത്.
സിദ്ദിഖിന്റെ വാക്കുകളിലേക്ക്,
‘പിതാവിന്റെ നെഞ്ചോടു ചേര്‍ന്ന് കരഞ്ഞ ഫൈസിയുടെ രംഗം ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ ഇരുവരും ശരിക്കും കരഞ്ഞുപോയി. നെഞ്ചോടു ചേര്‍ന്ന് നിന്ന് കരയുന്ന ദുല്‍ഖറിന്റെ ഹൃദയം പിടയുന്നത് ശരിക്കും അറിയാന്‍ കഴിഞ്ഞിരുന്നു. ശരിക്കും അവന് പൊട്ടിക്കരയുകയായിരുന്നു. ഞാന്‍ രണ്ടോ മൂന്നോ സിനിമ ചെയ്യുമ്പോള്‍ തന്നെ കഥാപാത്രവുമായി ഇത്രയും അടുപ്പം ഉണ്ടാകുമോ എന്ന അത്ഭുതത്തില്‍ ആയിരുന്നു.
ഷൂട്ടിങ്ങിന് ശേഷം ഈ രംഗം വീണ്ടും ചിത്രീകരിക്കണം എന്നായിരുന്നു ക്യാമറാമാനിന്റെ ആവശ്യം. എന്താണ് പ്രശ്നമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലാകില്ലെന്ന് ആയിരുന്നു ഉത്തരം. എന്ത് പ്രശ്നം ആയിരുന്നാലും ആ രംഗം വീണ്ടും ചിത്രീകരിക്കുന്നതിനോട് എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും ആ രംഗം ചെയ്യില്ലെന്ന വാശിയില്‍ ആയിരുന്നു. പുതുമുഖ താരങ്ങളെ ഈ രീതിയില്‍ ടോര്‍ച്ചര്‍ ചെയ്യരുതെന്ന് ക്യാമറാമാനോട് പറഞ്ഞു.
ദുല്‍ഖറിന്റെ രംഗം ചിത്രീകരിക്കുന്നതിന് ഇടയില്‍ നടന്ന സംഭവത്തെ കുറിച്ച് മമ്മൂട്ടി അറിഞ്ഞു. അദ്ദേഹം എന്നെ വിളിച്ച് ‘എന്തിനാണ് വീണ്ടും ചെയ്യിപ്പിക്കരുത് എന്ന് പറഞ്ഞത്? എന്തുകൊണ്ടാണ് അവര്‍ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നത്? എന്തിനാണ് ക്യാമറാമാനുമായി വഴക്കിട്ടത്?’ എന്ന് ചോദിച്ചു. ‘ദുല്‍ഖറിന് അത്രയും തീവ്രമായി ആ രംഗം ചെയ്യാന്‍ ആകുമോ എന്ന് ഓര്‍ത്തായിരുന്നു ഞാന്‍ അങ്ങനെ ചെയ്തത്’ എന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി അത് കേട്ട് ‘നമ്മുടെ മക്കളായതുകൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നത്. അവര്‍ ചെയ്യുമായിരിക്കും. ചെയ്യും. അങ്ങനെ പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന രീതി നീയായിട്ട് അവനെ പഠിപ്പിക്കണ്ട. രണ്ടും മൂന്നും തവണ അതു ചെയ്തുവരട്ടെ.’ എന്നാണ് പറഞ്ഞത്.’
