സിനിമാ രചയിതാക്കളും സംവിധായകരും ലോക്ക്ഡൗണ്‍ കാലത്ത് തിരക്കിലാണ്.
ആലപ്പുഴ : ലോക്ക്ഡൗണില്‍ ഷൂട്ടിങ്ങ് സെറ്റുകളും തിയേറ്ററുകളും വിജനമാണെങ്കിലും അവയെ ജനനിബിഢമാക്കാനുള്ള കഥകള്‍ എഴുത്തുപുരകളില്‍ നിറയുകയാണ്. ഈ അവസരം തിരക്കഥാകൃത്തുകളും സിനിമ മോഹികളും പരമാവധി പ്രയോജനപ്പെടുത്തുകയാണ്. കഥകള്‍ ക്ഷണിച്ചുകൊണ്ട് എഴുത്തുകാരോടുള്ള പ്രോത്സാഹനവുമായി ചില നിര്‍മ്മാണ കമ്പനികളും രംഗത്തു വന്നിരിക്കുകയാണ്.
ജൂഡ് ഒരു പോസ്റ്റിട്ടു. ഇന്‍ബോക്സില്‍ നിറഞ്ഞത് ആയിരത്തോളം കഥകള്‍
ഫേസ്ബുക്കില്‍ കഥകള്‍ ക്ഷണിച്ചുകൊണ്ട് സംവിധായകനും നടനും ആയ ജൂഡ് ആന്റണി ഒരു പോസ്റ്റ് ഇട്ടിരുന്നു. സംവിധായകനെ ഞെട്ടിച്ചുകൊണ്ട് ആയിരത്തോളം കഥകളാണ് അദ്ദേഹത്തിന്റെ ഇന്‍ബോക്സില്‍ വന്ന് നിറയുന്നത്. അങ്ങനെ ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ജൂഡ് കഥകള്‍ വായിച്ച് തീര്‍ക്കുകയാണ്. 900 കഥകളെങ്കിലും താന്‍ വായിച്ചു എന്നാണ് ജൂഡ് അവകാശപ്പെടുന്നത്.
തങ്കത്തിന്റെ തിരക്കഥ റെഡി – ശ്യാം പുഷ്കരന്
ശ്യാം പുഷ്കരന് അടുത്ത ചിത്രമായ തങ്കത്തിന്റെ രചന പൂര്‍ത്തിയാക്കി. തങ്കം ക്രൈം ഡ്രാമ ഇനത്തില്‍ പെടുന്ന ചിത്രമാണ്. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തയ്യാറാക്കിയ തിരക്കഥയെ കൂടുതല്‍ മനോഹരമാക്കിക്കൊണ്ട് എ ഡി ഗിരിഷ്
എ ഡി ഗിരീഷ് ശ്രദ്ധേയനാകുന്നത് 'തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂ'ടെയാണ്. അദ്ദേഹവും ഇപ്പോള്‍ എഴുത്തുപുരയിലാണ്. എഴുതി പൂര്‍ത്തിയാക്കിയ ഒരു തിരക്കഥ ചിത്രീകരിക്കാന്‍ ഒരുങ്ങിയപ്പോഴാണ് ലോക്ക്ഡൗണ്‍ വരുന്നത്. 'ഇപ്പോള്‍ ഒത്തിരി സമയമുണ്ടല്ലോ. അതിനാല്‍ ഓരോ സീനും വായിച്ചു കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുകയാണ്' ഗിരീഷ് പറഞ്ഞു.
