സാമൂഹിക മാധ്യമങ്ങളില്‍ വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്ര സിനിമ വരും എന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രചരണം നടന്നിരുന്നു. അന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത് പിണറായി വിജയന്റെ രൂപസാദൃശ്യമുള്ള മേക്കോവറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു കണ്‍സെപ്റ്റ് പോസ്റ്ററാണ്. പോസ്റ്ററില്‍ സിനിമയുടെ പേര് ‘ദ് കൊമ്രേഡ്’ എന്ന് ആയിരുന്നു. എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം ഇത് വളരെ മുമ്പേ ആലോചിച്ച പ്രോജെക്റ്റാണെന്നും കണ്‍സെപ്റ്റ് സ്കെച്ചുകള്‍ ആരോ പുറത്തുവിട്ടത് ആണെന്നും ആയിരുന്നു. പിന്നീട് അദ്ദേഹം എ.കെ.ജിയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു സിനിമയ്ക്കു വേണ്ടി നടത്തുന്ന ഗവേഷണത്തെകുറിച്ച് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രസ്തുത പോസ്റ്റില്‍ പിണറായി വിജയനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ബയോപ്പിക്ക് ആണ് മനസ്സില്‍ എന്ന് പറഞ്ഞിരുന്നില്ല.
പക്ഷെ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ആ തരത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില് അത്തരത്തില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വി.എ ശ്രീകുമാര്‍ മേനോന് പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
വി.എ.ശ്രീകുമാര്‍ മേനോന്റെ കുറിപ്പ് ഇങ്ങനെ : ‘കൊമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവില്‍ ഇല്ല. ഞാനും എന്റെ ടീമും രണ്ടു വര്‍ഷത്തില്‍ ഏറെയായി സഖാവിനെ കുറിച്ച് ഗവേഷണത്തിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭവതലത്തില്‍ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിന് എതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകള്‍ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവാ, തിരുത്തപ്പെടേണ്ടതുണ്ട്.
പിണറായി ഗ്രാമത്തിലെ ഒരു അമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയന്. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച അത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാകില്ല. അതിനെ എല്ലാം നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലി. അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്… പിറന്നാള്‍ സലാം #കൊമ്രേഡ്.’
