തൊടുപുഴ : ഈ ക്രിസ്മസ് ദിനത്തിൽ വളരെ വേദന നിറഞ്ഞ ഒരു വാർത്തയും ആയി ആയിരുന്നു സായാഹ്നം കടന്നു വന്നത്.
ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചു.
അനിലിന്റെ ചേതനയറ്റ ശരീരം കരയിൽ എത്തിച്ച ഷിനാജിന്റെ വാക്കുകൾ ഇങ്ങനെ.
വൈകുന്നേരം പള്ളിയിൽ പോകാൻ ഇറങ്ങിയപ്പോഴാണ് മലങ്കര ജലാശയത്തിൽ ഒരാൾ മുങ്ങിപ്പോയ വിവരം ഷിനാജ് അറിയുന്നത്….
കേട്ടപാടെ മറ്റൊന്നും നോക്കാതെ ബൈക്ക് എടുത്ത് അവിടേക്ക് വിട്ടു .. ഒന്നര മിനിറ്റ് കൊണ്ട് അവിടെ എത്തി. കരയിൽനിന്നും 15 അടി ദൂരത്തിൽ ആളെയും കണ്ടെത്തി…..
മുങ്ങിമരിച്ച സിനിമാതാരം അനിൽ നെടുമങ്ങാടിനെ മലങ്കര ജലാശയത്തിന്റെ അടിത്തട്ടിൽ നിന്ന് കരയ്ക്കെത്തിച്ചത് സമീപവാസിയായ പാറക്കൽ ഷിനാജ് (പി.എ ഷിഹാബുദ്ദീൻ) ആണ്…
ഒന്ന് ചാടി മുങ്ങി നിവർന്നു ഊളിയിട്ടപ്പോൾ തന്നെ കണ്ടു മലങ്കര ജലാശയത്തിന്റെ അടിത്തട്ടിൽ കൊച്ചുകുഞ്ഞിനെ പോലെ കമിഴ്ന്നു കിടക്കുന്ന അനിലിനെ. കാലിലാണ് ആദ്യം പിടുത്തം കിട്ടിയത്. അപ്പോഴും അനിലിന്റെ ചേതനയറ്റ ശരീരം ആണ് അത് എന്ന് ഷിനാജ് അറിഞ്ഞില്ല. വളരെ പെട്ടെന്ന് തന്നെ കരക്ക് എത്തിക്കുകയും ചെയ്തു.
കരയിൽ ഉള്ളവർ എല്ലാം ചേർന്ന് അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അനിലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. താൻ അത്രയും പെട്ടെന്ന് വന്നിട്ടും അനിലിനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള സങ്കടമാണ് ഇപ്പോഴും ഷിനാജിന്.
