Entertainment

ഏറ്റവും ഉയര്‍ന്ന യുട്യൂബ് വ്യൂവ്സ് സ്വന്തമാക്കി ‘പുലിമുരുകന്റെ’ ഹിന്ദി ഡബ്ബ്ഡ് പതിപ്പ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ‘പുലിമുരുകനെ’ തേടി ഒരു അംഗീകാരംകൂടി വന്നുചേര്‍ന്നു. ‘പുലിമുരുകന്റെ’ ഹിന്ദി ഡബ്ബ്ഡ് പതിപ്പ് ‘ഷേര്‍ കാ ശിക്കാര്‍’ റെക്കോര്‍ഡ് വ്യൂവ്സ് സ്വന്തമാക്കിയിരിക്കുകയാണ്. യുട്യൂബില്‍ 7 കോടിയോളം ജനങ്ങള്‍ ചിത്രം കണ്ടു. ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന യുട്യൂബ് വ്യൂവ്സാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ 86 കോടിയോളം രൂപ കളക്ഷന്‍ നേടിയ ഈ ചിത്രം 39 കോടിയോളമാണ് വിദേശത്തുനിന്നും നേടിയത്. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡും ‘പുലിമുരുകന്‍’ നേടിയിരുന്നു.

2016-ില്‍ വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രമാണ് ‘പുലിമുരുകന്‍’. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം എഴുതിയത് ഉദയകൃഷ്ണയാണ്. എത്രയോ ഹിറ്റ് ചിത്രങ്ങള്‍ രചിച്ച ഉദയകൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ടില്‍നിന്ന് വേര്‍പിരിഞ്ഞ് ഉദയകൃഷ്ണ സ്വതന്ത്രമായി എഴുതിയ ആദ്യ ചിത്രമാണ് ‘പുലിമുരുകന്‍’. മോഹന്‍ലാലിന് പുറമേ കമാലിനി മുഖര്‍ജി, നമിത, ജഗപതി ബാബു, ലാല്‍, വിനു മോഹന്‍, ബാല എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറും, എഡിറ്റിങ്ങ് ജോണ്‍കുട്ടിയും നിര്‍വ്വഹിച്ചു.

Most Popular

To Top