Entertainment

കറുത്തതുകൊണ്ട് സ്റ്റേജ് ഷോകളില്‍ നിന്നും, റിയാലിറ്റി ഷോകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു – സയനോര ഫിലിപ്പ്

നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് ഗായിക സയനോര ഫിലിപ്പ് തുറന്നു പറഞ്ഞു. കുട്ടിക്കാലം മുതല്‍ തന്റെ കറുത്ത നിറത്തിന്റെ പേരില്‍ ഒരുപാട് ഒറ്റപ്പെടലുകള്‍ നേരിടേണ്ടി വന്നതായും താരം വെളിപ്പെടുത്തി.

സയനോര ഫിലിപ്പിന്റെ വാക്കുകളിലേക്ക്,

‘വലിയ സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ എന്നെ കാണാറില്ല. രശ്മി സതീഷിനെ കാണാറില്ല. പുഷ്പവതിയെ കാണാറില്ല. അത് എന്തുകൊണ്ടാണ്? കറുത്തത് കൊണ്ടായിരിക്കും! അവരെല്ലാം എത്ര നല്ല പാട്ടുകാരാണ്.. അവരെ എന്തുകൊണ്ട് വിളിക്കുന്നില്ല? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല.’

സിനിമ പ്രാന്തന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സയനോരയുടെ ഈ തുറന്നുപറച്ചില്‍. നിറത്തിന്റെ പേരില്‍ തന്നെ സ്കൂളിലെ ഡാന്‍സ് ടീമില്‍ നിന്നു പോലും ഒഴിവാക്കിയതായി സയനോര പറഞ്ഞു. അതേസമയം, ഒട്ടേറെ റിയാലിറ്റി ഷോകളില്‍ താന്‍ അടക്കമുള്ളവര്‍ ഇത്തരം തമാശകള്‍ കേട്ട് ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം അത്തരത്തിലുള്ള പൊതുസ്വഭാവമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും, ഇത് ഒരുപാട് പേരെ ബാധിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു. തന്റെ നിറം എന്താകണമെന്ന് നമ്മള്‍ അല്ല തീരുമാനിക്കുന്നത് എന്നും, ആ നിറത്തിന്റെ പേരില്‍ ഒരാളെയും
വിലയിരുത്തരുതെന്നും സയനോര കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിന്റെ ഇത്തരം കാഴ്ച്ചപ്പാടുകള്‍ മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആദ്യമാദ്യമൊക്കെ കറുത്ത് ഇരുന്നതുകൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കരുതിയതെന്നും, എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ തന്റെ ഈ ചിന്തകള്‍ മാറുകയായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയില്‍ കൊല ചെയ്യപ്പെട്ട ജോര്‍ജ് ഫ്ലോയിഡിനെ ഓര്‍ത്ത് നമ്മള്‍ ഇവിടെ ബ്ലാക്ക് ലൈഫ് മാറ്റേര്‍സ് എന്ന് എഴുതുമ്പോള്‍ നമ്മുടെ ചുറ്റിനും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കണമെന്ന് സയനോര ആവശ്യപ്പെട്ടു.

Most Popular

To Top