Entertainment

‘ഇതുകൊണ്ടാണ് ഞാന്‍ ഷക്കീലയായത്.’ ; ‘ഷക്കീല’യെ കുറിച്ച് സരയു മോഹന്‍

‘പുത്തിലഞ്ഞി താഴ്വരയില്‍ പൂവും ചൂടി കാത്തിരിക്കാം..’ എന്ന് തുടങ്ങുന്ന ആല്‍ബം ഗാനം അത്ര വേഗം മലയാളി പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇത് ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗാനമായിരുന്നു. ഈ ഒറ്റ പാട്ടിലൂടെ യൗവ്വനത്തിന്റെ മനസ്സുകളില്‍ സ്ഥാനം നേടിയ നടിയാണ് സരയു മോഹന്‍. പിന്നീട് മലയാളത്തില്‍ നായികയായി താരം രംഗപ്രവേശം ചെയ്യുകയായിരുന്നു. സഹോദരിയായും നായികയായും മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാറുള്ള സ്നേഹവും, പരിഗണനയും സരയുവിന് കിട്ടിയിട്ടില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും, സിനിമാ കോളങ്ങളിലും ചര്‍ച്ചയാകുന്നത് സരയുവിന്റെ ‘ഷക്കീല’ എന്ന ഹൃസ്വചിത്രമാണ്. ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്ക് തോന്നാവുന്ന സംശയങ്ങളെ സരയു ദുരീകരിച്ചിരിക്കുകയാണ്.

സരയു മോഹനിന്റെ വാക്കുകളിലേക്ക്,

‘സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ‘ഷക്കീല’. ഹൃസ്വചിത്രത്തിലേക്ക് എന്നെ ആദ്യം വിളിച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ക്യാമറാമാന്‍ ഷിജു ഗുരുവായൂരാണ്. അദ്ദേഹം എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്താണ്. അദ്ദേഹമാണ് ഇതിലേക്ക് എന്നെ വിളിക്കുന്നത്. സുഗീഷാണ് സംവിധായകന്‍. മനു കെ ജോബിയാണ് ഇതിന്റെ തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മനു രമേശ് സംഗീതം ചെയ്തു. ഇവരെല്ലാം സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഈ ടീമിലെ വര്‍ക്കിലും എനിക്ക് വിശ്വാസമുണ്ട്. ഇതിന് മുന്‍പ് ഹൃസ്വചിത്രങ്ങളിലേക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പലരെയും പരിചയം ഇല്ലാത്തതിന്റെ പേരില്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.

നമ്മുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടാകുന്ന ഒരു കഥയാണ് ‘ഷക്കീല’യുടേത്. ശശിയെന്നും, സരസുവെന്നും ഒക്കെ പേരുള്ള ഒരുപാട് പേര് അനുഭവിക്കുന്നതാണ് ഞങ്ങള്‍ കാണിച്ചിരിക്കുന്നത്. കൂടാതെ ആ ഹൃസ്വചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേരുംകൂടിയാണ് ഇത്. ഈ ചിത്രത്തിന് ഇതിലും മികച്ച മറ്റൊരു പേര് ഇല്ല. പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴാണ് എന്നെ തേടി ഈ ഹൃസ്വചിത്രം എത്തുന്നത്. അത് എനിക്ക് വളരെ സന്തോഷം നല്‍കുന്നുണ്ട്. ഞാന്‍ ആസ്വദിച്ച് ചെയ്ത ഒരു വര്‍ക്കാണ് ഇത്.

എന്തുകൊണ്ട് എന്നെ ഹൃസ്വചിത്രത്തിലേക്ക് തിരഞ്ഞെടുത്തു എന്നതിന് ഉത്തരം അതിന്റെ സംവിധായകന്‍ തന്നെ പറയേണ്ടതാണ്. ആദ്യമായി കഥ പറഞ്ഞപ്പോള്‍ ‘സരയു ഇത് ചെയ്യുമോ’ എന്നാണ് അവര്‍ ചോദിച്ചത്. ഇമേജിനെ കുറിച്ച് ഓര്‍ത്ത് ഭയപ്പെടുന്നില്ല. അവരും ഒരു നടിയാണ്. ഇതിന്റെ കഥയും, മറ്റും എനിക്ക് ഇഷ്ടമായതുകൊണ്ട് ‘ഓക്കെ’ പറയുകയായിരുന്നു. ഈ സമയത്ത് നിരവധി ഹൃസ്വചിത്രങ്ങള്‍ പുറത്തു വരുന്നുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ‘ഷക്കീല’.

സിനിമയില്‍ എത്തിയിട്ട് 10 വര്‍ഷമായി. ഒരിക്കലും ഇത്ര കാലം ഇവിടെ നില്‍ക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല. ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായിരുന്നു ആദ്യം എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. എന്റെ കൂടെ സിനിമയില്‍ വന്ന പലരും ഇന്ന് സിനിമയില്‍ ഇല്ല. ആ നിലയ്ക്ക് ഇപ്പോഴും സിനിമാ ഓഫറുകള്‍ ഫോണ്‍കോളുകളായി തേടി വരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അതും പുതിയ പുതിയ നടിമാര്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത്. ഒരുപാട് ഒന്നും ഇല്ലെങ്കിലും ഇന്നും നമ്മളെ തേടി ഏതെങ്കിലും ഒരു കഥ എത്തുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്ന ആളാണ് ഞാന്‍.’

Most Popular

To Top