Entertainment

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍ ; ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ശകുന്തളാ ദേവി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിദ്യാ ബാലനാണ് ചിത്രത്തില്‍ ശകുന്തളാ ദേവിയായി എത്തുന്നത്. ഈ ട്രെയിലര്‍ ഇപ്പോള്‍ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ 7-ാം സ്ഥാനത്താണ്.

ശകുന്തളാ ദേവിയുടെ 20-ാം വയസ്സുമുതല്‍ അവസാന കാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടനിലും ഇന്ത്യയിലും ആയിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ജിഷു സെന്‍ ഗുപത്, സാന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജുലൈ 31-ിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

6-ാമത്തെ വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും, ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തളാ ദേവി ആദ്യം കൈയടി നേടുന്നത്. പിന്നീട് 8-ാമത്തെ വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും ഇത് ആവര്‍ത്തിച്ചു. 1977-ില്‍ അമേരിക്കയിലെ ഡാലസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാ ദേവി 50 സെക്കന്‍ഡിനകം ഉത്തരം കണ്ടെത്തി.

201 അക്ക സംഖ്യയുടെ 23-ാം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെയാണ് കണ്ടെത്തിയത്. 1980 ജൂണ്‍ 13-ിന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലും ശകുന്തളാ ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ട് 13 അക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. 7,686,369,774,870-ും 2,465,099,745,779-ും ആയിരുന്നു ആ സംഖ്യകള്‍. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. വെറും 28 സെക്കന്‍ഡുകള്‍ കൊണ്ടാണ് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരം ശകുന്തളാ ദേവി നല്‍കിയത്. ഇത് ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയ പ്രകടനംകൂടി ആയിരുന്നു.

Most Popular

To Top