Entertainment

താന്‍ തടിച്ചിയും വിരൂപയുമാണെന്ന് ഒരു വയസ്സുകാരന്റെ അമ്മ ; പ്രചോദനാത്മകമായി സമീറ റെഡ്ഡിയുടെ മറുപടി വീഡിയോ

ശക്തമായ നിലപാടുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സമീറ റെഡ്ഡി. പ്രസവശേഷം സ്ത്രീകളില്‍ ശാരീരികമായും, മാനസികമായും ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതില്‍ താരം മുന്‍പന്തിയിലാണ്.

തന്റെ ആദ്യ പ്രസവത്തിന് ശേഷം ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം വളരെ സന്തോഷത്തോടെ താരം ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്.

ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോ പ്രേക്ഷകശ്രദ്ധ നേടുകയാണ്. സമീറയുടെ ചിത്രം കണ്ട് ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ അയച്ച സന്ദേശത്തിനുള്ള മറുപടിയായിട്ടാണ് താരം വീഡിയോ പോസ്റ്റു ചെയ്തത്. പ്രസവശേഷം താന്‍ വിരൂപയായി എന്നായിരുന്നു അമ്മയുടെ പരാതി. ഒട്ടും മേക്കപ്പില്ലാതെ, തന്റെ യഥാര്‍ത്ഥ രൂപത്തില്‍ വന്നാണ് സമീറ മറുപടി പറഞ്ഞത്.

സമീറ റെഡ്ഡിയുടെ വാക്കുകളിലേക്ക്,

‘എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട് ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ എനിക്ക് മെസ്സേജ് അയച്ചിരുന്നു. അവര്‍ സുന്ദരിയല്ലെന്നും, തടിച്ചതാണെന്നുമാണ് അവര്‍ എന്നോട് പറഞ്ഞത്. വിരൂപ എന്ന വാക്കാണ് അവര്‍ ഉപയോഗിച്ചത്.

ഞാന്‍ പോരാടുന്നത് ഇത്തരം വാക്കുകളോടാണ്. ഒരു മറയും ഇല്ലാതെ നിങ്ങള്‍ക്ക് മുന്‍പില്‍ വരാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നെ വെച്ച് ആരും താരതമ്യം ചെയ്യരുത് എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.

മുന്‍പ് ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. സഹോദരിമാരുമായും, സിനിമയിലെ സഹപ്രവര്‍ത്തകരുമായും ഞാന്‍ എന്റെ സൗന്ദര്യത്തെ തട്ടിച്ചു നോക്കുമായിരുന്നു. മുഖത്ത് തിളക്കം കിട്ടാന്‍ പലതും ഉപയോഗിക്കുകയും, ശരീരഭാഗങ്ങള്‍ മനോഹരമാക്കാന്‍ പാഡുകള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ, ഇതെല്ലാം വെറുതേയാണെന്ന് അവസാനം എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് നിറത്തിന്റെയും ശരീരത്തിന്റെയും മറ്റും പേരിലുള്ള പരിഹാസങ്ങള്‍ക്ക് എതിരെ ഞാന്‍ പോരാടുന്നത്. എന്നെ പിന്തുടരുന്നവരാണെങ്കില്‍, നിങ്ങള്‍ ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യൂ.

എനിക്ക് ഇപ്പോള്‍ ഡബിള്‍ ചിന്നുണ്ട്. വയറ് ചാടിയിട്ടുണ്ട്. ഇത് സംഭവിക്കുന്നതാണ്. ഇതിനെ ശരിയാക്കി എടുക്കാന്‍ ആവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സമയമെടുത്ത് ശരിയാക്കാം.

എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷവതികള്‍ ആയിരിക്കണം. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും മാറ്റിവെയ്ക്കാം. സന്തോഷവതികളാകാന്‍ മാത്രം ശ്രദ്ധിക്കൂ. ഇപ്പോള്‍ ആരോഗ്യവതികളാകാനാണ് നോക്കേണ്ടത് ; മെലിയാനല്ല. നിങ്ങള്‍ ഇപ്പോഴും സുന്ദരികള്‍ തന്നെയാണ്.’

Most Popular

To Top