Entertainment

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് ചിത്രം പങ്കുവെച്ച് സല്‍മാന്‍ ഖാന്‍ ; എന്ത് പ്രഹസനമാണെന്ന് സോഷ്യല്‍ മീഡിയ

കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ . ശരീരത്തില്‍ മുഴുവന്‍ ചെളി ആയിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സല്‍മാന്‍ ആദരവ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്ന് എടുത്ത ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

‘എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക’ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ലോക്ക്ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ പ്രയോജനപ്പെടുത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സല്‍മാന്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

സല്‍മാന്‍ ഖാനിന്റെ പുതിയ ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് വൈറലായത്. താരത്തെ അഭിനന്ദിച്ച് ചിലര്‍ രംഗത്ത് എത്തിയപ്പോള്‍ മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും കൂടി ബഹുമാനിക്കാന്‍ പഠിക്കൂ എന്നായിരുന്നു ചിലരുടെ കമെന്റ്. എന്ത് പ്രഹസനമാണ് എന്ന് ചോദിച്ചുകൊണ്ട് മലയാളത്തിലുള്ള കമെന്റുകളും ചിത്രത്തിന് താഴെയുണ്ട്.

ചെളി ശരീരത്തില്‍ തേച്ചിട്ടുള്ള ഫോട്ടോഷൂട്ടാണ് ഇതെന്ന് ചിലര്‍ വിമര്‍ശിക്കുകയാണ്. കര്‍ഷകര്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നവരാണെന്നും, അല്ലാതെ ഫോട്ടോ എടുക്കാന്‍ ദേഹത്ത് ചെളി വാരി തേക്കുന്നവരല്ലെന്നുമാണ് മറ്റൊരാളുടെ കമെന്റ്.

Most Popular

To Top