പ്രശസ്തരായ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ക്ക് അശ്ലീല കമെന്റുകള്‍ വരുന്നത് ഇപ്പോള്‍ പതിവായി നടക്കുന്ന കാര്യമാണ്. താരങ്ങള്‍ അത്തരം ആളുകളോട് പ്രതികരിക്കാറുമുണ്ട്. ആ പ്രതികരണങ്ങള്‍ വാര്‍ത്തകള്‍ ആവുകയും ചെയ്യും. സാധിക വേണുഗോപാല്‍ ആണ് അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത്.
സാധിക സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്ന പ്രകൃതക്കാരിയാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ മോശമായ കമെന്റുകള്‍ക്കും കപട സദാചാര പരാമര്‍ശങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് സാധിക.
‘സാമൂഹിക മാധ്യമങ്ങളില്‍ പല തവണ അശ്ലീല കമെന്റുകളും സന്ദേശങ്ങളും ഫോട്ടോകളും പല ആളുകള്‍ അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചും, കാശ് ഉണ്ടാക്കാന്‍ എന്തും ചെയ്യുമെന്നും, കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്നുമാണ് സന്ദേശങ്ങള്‍. പലരും നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടല്ലേ അവര്‍ ഇങ്ങനെയൊക്കെ പറയുന്നതെന്നും പറയാറുണ്ട്.
ഒരു ഒറ്റ മറുപടിയേ എല്ലാവര്‍ക്കുമായി പറയാനുള്ളു. എന്റെ ജോലിയുടെ ഭാഗമായി എനിക്ക് പല തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതായി വരും. എന്റെ ഉത്തരവാദിത്വവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ആണ് അത്. നിങ്ങള്‍ക്ക് എന്നെ അതിന്റെ പേരില്‍ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ ഉള്ള അവകാശമില്ല.’ സാധിക പ്രതികരിച്ചു.
‘മറച്ചു വെക്കേണ്ട ഒന്നാണ് ശരീരം എന്ന തോന്നലാണ് ഈ കമെന്റുകള്‍ക്ക് കാരണം. എന്നാല്‍ മറച്ചുവെക്കുന്നിടത്തോളം കാലം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള കൗതുകം വര്‍ദ്ധിക്കും. ആ കൗതുകമാണ് പീഢനമായി പരിണമിക്കുന്നത്.’ സാധിക പറഞ്ഞു. ‘മലയാളികളില്‍ പലരും കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എന്നാല്‍ അവരുടെ നിലപാട് ആരും അത് അറിയരുത് എന്നാണ്.’ സാധിക പറഞ്ഞു.
