‘സുഖമാണീ നിലാവ്’ എന്ന ഗാനത്തിലൂടെ നമ്മുടെ മനസ്സുകളിലേക്ക് ചേക്കേറിയ അപര്‍ണ്ണയെ ഓര്‍മ്മയില്ലേ… ആ വേഷം അഭിനയിച്ച രേണുക മേനോന് വെള്ളിത്തിരയിലെത്തിയിട്ട് കുറേ ഏറെ കാലമായി. നമ്മളിന് ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചെങ്കിലും, 2006ല്‍ പുറത്തിറങ്ങിയ സുരേഷ്ഗോപി ചിത്രമായ ‘പതാക’യ്ക്ക് ശേഷം താരം അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങി. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രേണുക തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.
വിവാഹത്തിനു ശേഷം രേണുക അമേരിക്കയിലേക്ക് ചേക്കേറി. നൃത്തത്തോടുള്ള അഭിരുചി കൊണ്ട് അവര്‍ കാലിഫോര്‍ണിയയില്‍ ഒരു ചെറിയ നൃത്തവിദ്യാലയം നടത്തി വരുന്നു. 10ും 4ും വയസ്സുള്ള രണ്ടു പെണ്മക്കളാണ് രേണുകയ്ക്ക്. അമേരിക്കയിലാണെങ്കില്‍ കൂടിയും ഭര്‍ത്താവ് സൂരജിന് മക്കള്‍ നന്നായി മലയാളം പറയണമെന്ന് നിര്‍ബന്ധമാണെന്ന് രേണുക പറയുന്നു.
രേണുക ആദ്യം അഭിനയിക്കുന്നത് പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു. മായാമോഹിതചന്ദ്രന്‍ എന്നായിരുന്നു സിനിമയുടെ പേര്. അത് പുറത്തിറങ്ങിയില്ല. പിന്നീടാണ് നമ്മള് ചെയ്തത്. പുതുമുഖതാരങ്ങളെ തേടുന്ന കൂട്ടത്തിലാണ് രേണുകയ്ക്ക് ഓഫര്‍ ലഭിച്ചത്. ആ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വന്ന രേണുക നാലു വര്‍ഷം കൊണ്ട് നാലു ഭാഷകളിലുമായി 15 സിനിമകള്‍ ചെയ്തു.
