Entertainment

‘ഭാഗ്യം കോണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്.’ – രഞ്ജിനി ജോസ്

‘ഭാഗ്യം കോണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്.’ – രഞ്ജിനി ജോസ്

രഞ്ജിനി ജോസ് പാട്ടില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങുന്ന താരമാണ്. മലയാളത്തിലും തമിഴിലുമായി നൂറോളം ചിത്രങ്ങള്‍ക്ക് ഗാനം ആലപിച്ചിട്ടുള്ള രഞ്ജിനിയ്ക്ക് ഒരുപാട് ആരാധകരുണ്ട്. രഞ്ജിനിയ്ക്ക് സംഗീതത്തോടുള്ള ഗാഢമായ സ്നേഹത്തിനൊപ്പം യാത്രകളും പാഷനാണ്.

രഞ്ജിനിയുടെ വാക്കുകളിലേക്ക്, ‘ഒരുപാട് യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഷോകള്‍ക്ക് പോകുമ്പോള്‍ പ്രോഗ്രാം കഴിഞ്ഞ് അവിടെയുള്ള പ്രധാന ടൂറിസ്റ്റ് സ്പ്പോട്ടുകളില്‍ പോകാറുണ്ട്.

കൊറോണ ഭീതിയില്‍ ലോകം മുഴുവനും ലോക്ക്ഡൗണില്‍ ആയതോടെ പ്ലാന്‍ ചെയ്തിരുന്ന ഷോകളും യാത്രകളും ഒക്കെ ഒഴിവാക്കേണ്ടി വന്നു. വിയന്നയില്‍ ഒരു ഷോ ഉണ്ടായിരുന്നു. ഡാഡിയും മമ്മിയുമൊത്ത് അവിടെ പോകണമെന്നും കാഴ്ച്ചകള്‍ ആസ്വദിക്കണമെന്നും ആയിരുന്നു ആഗ്രഹം. യാത്രയും ഷോയുമൊക്കെ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നതില്‍ വിഷമം തോന്നിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടത്. നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്ന് മുക്തി നേടാന്‍ ആവുകയുള്ളു. കൊറോണയുടെ ഭീതി കെട്ടടങ്ങി എല്ലാം ശാന്തമായി കഴിഞ്ഞാല്‍ എല്ലാം പഴയ നിലയില്‍ ആകും.

പ്രകൃതിയുടെ കാഴ്ച്ചകള്‍ നിറഞ്ഞ ഇടത്തേക്ക് സഞ്ചരിക്കുവാനാണ് എനിക്ക് ഇഷ്ടം. തിരഞ്ഞെടുക്കുന്ന മിക്ക യാത്രകളും അത്തരത്തിലുള്ള സ്ഥലങ്ങളിലേക്ക് ഉള്ളതാണ്. ഇത്തവണ ചെറിയ ട്രിപ്പുകളൊക്കെ പ്ലാന്‍ ചെയ്തിരുന്നു. അതെല്ലാം ഒഴിവാക്കേണ്ടതായി വന്നു. തേക്കടിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നു. കാടറിഞ്ഞ് യാത്ര ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും എല്ലാം തേക്കടി യാത്ര അടിപൊളിയാണ്. കാഴ്ച്ചകളൊക്കെ ആസ്വദിച്ച് അവിടെ താമസിക്കണം എന്ന് ഒരു പദ്ധതി ഉണ്ടായിരുന്നു. എല്ലാം കൊറോണ കാരണം ഒഴിവാക്കേണ്ടി വന്നു.

യാത്രകളോടുള്ള പ്രണയം

 മനസ്സ് വല്ലാതെ വിരസമാകുമ്പോള്‍ എത്ര തിരക്കിലും ചെറിയ യാത്രകള്‍ ചെയ്യണം. യാത്ര ഉന്മേഷം നല്‍കുന്നത് മനസ്സിന് മാത്രമല്ല ശരീരത്തിനു കൂടിയാണ്. ടെന്‍ഷനിന്റെ ലോകത്തു നിന്നും ശാന്തസുന്ദരമായ ഇടത്തില്‍ എത്തിച്ചേര്‍ന്ന അനുഭൂതിയാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്.
 ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വിദേശത്ത് ഉള്‍പ്പെടെ മിക്ക ഇടങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. ബാലിയില്‍ പോയിട്ടുണ്ടെങ്കിലും പിന്നെയും പോകണമെന്നു തോന്നുന്ന ഇടമാണ്. കംബോഡിയ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ്. ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ല. 
പൗരാണികതകൊണ്ടും മനോഹാരിതകൊണ്ടും ആരെയും മയക്കുന്ന ഇടമാണ് ഗ്രീസ്. സാന്‍ഡോരിനി എന്ന മനോഹരമായ ദ്വീപ് ഗ്രീക്ക് ദ്വീപുകളിലെ സൂപ്പര്‍ മോഡലാണ്. കടലിന് അടിയിലെ കാല്‍ഡെറയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണശബളമായ പാറകളും വെളുത്ത നിറത്തിലുള്ള സുന്ദരമായ കെട്ടിടങ്ങളും പ്രകൃതിയുടെ അനന്യമായ സൗന്ദര്യവും ആരെയും മയക്കുന്നത്രയും ഭംഗിയുള്ള സൂര്യാസ്തമയങ്ങളും അഗ്നിപര്‍വ്വതശേഷിപ്പുകളും പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും എല്ലാം ചേര്‍ന്ന് 'ആരെയും ഭാവഗാകനാക്കുന്ന'ത്രയും അഴകുണ്ട് സാന്‍ഡോരിനിയ്ക്ക്. ചിത്രങ്ങളിലും വീഡിയോകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ് അവിടേയ്ക്കുള്ള യാത്ര. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഇടമാണ് സാന്‍ഡോരിനി. ഒരിക്കല്‍ അവിടേയ്ക്ക് പോകണം.
 
പോകുമ്പോള്‍ കാഴ്ച്ചകള്‍ ആസ്വദിക്കുക മാത്രമല്ല എന്റെ പാഷന്‍. ആ സ്ഥലത്തിന്റെ സംസ്കാരവും ജീവിതരീതിയും തൊട്ടറിഞ്ഞുള്ള യാത്രയാണ് ഏറെ ഇഷ്ടം. ഞാന്‍ കണ്ട പല രാജ്യങ്ങള്‍ക്കും വ്യത്യസ്തങ്ങളായ മുഖങ്ങളാണ്. അവരുടെ സംസ്കാരം അറിയുവാനും വൈവിധ്യം നിറഞ്ഞ വിഭവങ്ങളുടെ രുചി അറിയാനും ശ്രമിക്കാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഒരുപാട് തവണ പോയിട്ടുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലേക്കും ഞാന്‍ യാത്ര പോയിട്ടുണ്ട്. കൂടുതലും പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. അങ്ങനെ സ്വദേശവും വിദേശവും അടക്കം നിരവധി ഇടത്തേക്ക് യാത്ര പോയിട്ടുണ്ട്.

മറക്കാന്‍ കഴിയില്ല

 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം, അല്ലെങ്കില്‍ വിസ്മയം ഫ്ലോറിഡയില്‍ നടത്തിയ സ്കൈ ഡൈവിങ്ങാണ്. ശരിക്കും വിസ്മയിപ്പിച്ച അനുഭവമായിരുന്നു അത്. സ്കൂബ ഡൈവിങ്ങ് പോലെയുള്ള വിനോദങ്ങളോടും പ്രിയമാണ്. 

ആന പിന്നാലെ വന്നു

 ജീവിതത്തില്‍ ഇത്രയും പേടിച്ച യാത്ര വേറെ ഇല്ല. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭയമാണ്. എനിക്ക് കാടും കാട്ടാറുമൊക്കെ ആസ്വദിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ഒരിക്കല്‍ വയനാട്ടിലെ കാട്ടിലേക്ക് യാത്ര തിരിച്ചു. കാട്ടാനകള്‍ കൂട്ടു കൂടി പോകുന്നത് കണ്ട് ഞങ്ങള്‍ വാഹനം നിര്‍ത്തി ആ കാഴ്ച്ച കണ്ടു. ആനക്കൂട്ടം മുന്നിലല്ലേ എന്ന ആശ്വാസത്തില്‍ ആയിരുന്നു ഞങ്ങള്‍. പെട്ടെന്ന് സൈഡിലേക്ക് നോക്കിയപ്പോള്‍ ഒരു ഒറ്റയാന്‍ ഞങ്ങളുടെ വാഹനത്തിന്റെ സൈഡിലൂടെ വരുന്നു. ശ്വാസം നിലച്ചതുപോലെ തോന്നി. വാഹനത്തിന്റെ ലൈറ്റ് ഓഫാക്കിയതിന് ശേഷം ശബ്ദം ഉണ്ടാക്കാതെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പതിയെ വാഹനം എടുത്തു. വണ്ടിയുടെ ശബ്ദം കേട്ട് മുന്നിലേക്ക് വന്ന ഒറ്റയാന്‍ ഞങ്ങളുടെ വണ്ടിയെ പിന്തുടര്‍ന്നു വന്നു. പിന്നെ ഒന്നും സത്യത്തില്‍ ഓര്‍മ്മയില്ല. വാഹനം എത്രയും വേഗത്തില്‍ ഓടിച്ചുപോയി. ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ആ സംഭവം ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭയമാണ്. 
 
ഇനിയും ഒരുപാട് യാത്രകള്‍ നടത്താനുണ്ട്. കൊറോണയുടെ ഭീതി എല്ലാം മാറി പഴയ നിലയില്‍ ആകുമെന്ന് പ്രതീക്ഷയുണ്ട്.'
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top