Entertainment

മമ്മൂക്കയും ലാലേട്ടനും കഴിക്കുന്ന പോഷക ബിസ്ക്കറ്റിന്റെ കഥയുമായി രമേശ് പിഷാരടി

ജനങ്ങള്‍ക്ക് സിനിമാക്കാരുടെ ജീവിതത്തെ കുറിച്ചും ഭക്ഷണരീതിയെ കുറിച്ചും ഒക്കെ അറിയാന്‍ നല്ല താത്പര്യമാണ്. സിനിമാക്കാര്‍ സാധാരണക്കാര്‍ ഉപയോഗിക്കാത്ത പല പ്രത്യേക സാധനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് പൊതുവെ പറയാറ്. രമേശ് പിഷാരടി താനും ചെറുപ്പത്തില്‍ ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. താരം വിശ്വസിച്ചിരുന്നത് ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലൊക്കേഷനില്‍ പോഷക ബിസ്ക്കറ്റ് വിതരണം ചെയ്യൊറുണ്ട് എന്നാണ്. ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്ന ചില കുട്ടികള്‍ ഉണ്ടെന്ന് രമേശ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

രമേശ് പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ : ‘എങ്ങനെയെങ്കിലും സിനിമയില്‍ എത്തണം. അതിനു വേണ്ടി സ്റ്റേജില്‍ എത്തി. സ്റ്റേജില്‍ നിന്നും ടെലിവിഷനില്‍ എത്തി. അവിടെ നിന്നും സിനിമയിലും എത്തി. മുകളില്‍ പറഞ്ഞതിന്റെ കൂടെ അഞ്ചു സിനിമകള്‍ക്കുള്ള കഥകളുമുണ്ട്.

സിനിമയില്‍ എത്തിയപ്പോള്‍ തകര്‍ന്ന ഒരു വിഗ്രഹത്തെ കുറിച്ചാണ് ഈ പോസ്റ്റ്…. കഥയുടെ പേര് ‘പോഷക ബിസ്ക്കറ്റ്’.

ഞങ്ങളുടെ വീടിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിങ്ങ് ‘പവിത്രം’ എന്ന ലാലേട്ടന്‍ സിനിമയുടേതാണ്. പിറവം പാഴൂരില്‍. സ്കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിനു തൊട്ടടുത്ത് അല്ലാത്തതിനാലും എന്നെ ഷൂട്ടിങ്ങ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കാര്‍ എല്ലാവരും ഷൂട്ടിങ്ങ് കാണാന്‍ പോയി. തിരിച്ചുവന്ന അവരോട് കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി. അതില്‍ ഒരാള്‍ പറഞ്ഞു ‘മോഹന്‍ലാലിനെയും ശോഭനയെയും ഒക്കെ ഒന്നു കാണണം… സിനിമാക്കാര്‍ ഒന്നും നമ്മള്‍ കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും പാലും പഴവും കൊണ്ടുപോയി കൊടുക്കും. അവര്‍ക്ക് വേണമെങ്കില്‍ അവര്‍ അത് എടുക്കും. ഇല്ലെങ്കില്‍ തട്ടിക്കളയും.’ ‘വേണ്ട എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാണ് തട്ടിക്കളയുന്നത്?’ എന്ന് എനിക്കു തോന്നി.

ലൊക്കേഷന്റെ ഗേറ്റിന് അകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കും …

‘തള്ള്’ എന്ന വാക്ക് ആ കാലത്ത് നിലവിലും ഇല്ലായിരുന്നു.

പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ഉദയംപേരൂര്‍ ‘ചെറുപുഷ്പം’ സ്റ്റൂഡിയോയില്‍ ‘രാക്ഷസരാജാവ്’ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാണാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്ലാസ്സ് കട്ടുചെയ്ത് പോയി. കയറു കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്ന് മാത്രമേ കാണാന്‍ സാധിക്കൂ. ലോക്കേഷനില്‍ ചായയ്ക്ക് സമയമായി. സ്റ്റീല്‍ ബേസിനില്‍ ബിസ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കയറിന് അടിയിലൂടെ നൂണ്ടു കയറിയ കൂട്ടുകാരന്‍ സുജിത്തിന് ഒരു ബിസ്ക്കറ്റ് കിട്ടി. തിരിച്ച് പോരുന്ന വഴി അവന്‍ പറഞ്ഞു ‘നമ്മള്‍ കഴിക്കുന്ന ബിസ്ക്കറ്റ് ഒന്നും അല്ല ട്ടോ അത്. എന്തോ ഒരു പോഷക ബിസ്ക്കറ്റാണ്. എനിക്ക് ഒരു ഉന്മേഷമൊക്കെ തോന്നുന്നു.’

കാലങ്ങള്‍ കടന്നു പോയി. ‘നസ്രാണി’ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ പോയപ്പോള്‍ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീല്‍ ബേസിന്‍. അതില്‍ നിറയെ ബിസ്ക്കറ്റുകള്‍. അര്‍ഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാന്‍ പോകുകയാണ്. അതും പോഷക ബിസ്ക്കറ്റ്… എന്റെ ഉള്ളില്‍ ആകെ ഒരു ഉന്മേഷം… അപ്പോള്‍ അത് കഴിച്ചാല്‍ എന്തായിരിക്കും!!

എടുത്തു കഴിച്ചു. ആ വിഗ്രഹം ഉടഞ്ഞു.

ഇന്ന് ഭൂരിപക്ഷം ആളുകള്‍ക്കും സിനിമയ്ക്ക് ഉള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും. എങ്കിലും ഇത് എഴുതാനുള്ള പ്രേരണ ഒരു ചെറിയ പയ്യനാണ്.

ലോക്ക്ഡൗണിനു മുമ്പ് ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചേര്‍ത്തലയില്‍ നടക്കുകയാണ്. ലൊക്കേഷനില്‍ പത്തു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യന്‍ എല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. ചായ കുടിക്കുന്ന സമയമായപ്പോഴും അവന്‍ വീട്ടില്‍ പോകാതെ അത്ഭുതത്തോടെ അവിടെ നില്‍ക്കുകയാണ്. എന്തെന്നില്ലാത്ത ഒരു ഇഷ്ടം അവനോടു തോന്നി. ഞാന്‍ അടുത്തേക്ക് വിളിച്ച് കൈയില്‍ ഉണ്ടായിരുന്ന ബിസ്ക്കറ്റില്‍ ഒരെണ്ണം അവനു കൊടുത്തു.

അത് വായില്‍ ഇട്ടു രുചിച്ച ശേഷം അവന്‍ എന്നോടു പറഞ്ഞു ‘ഇത് സാധാരണ ബിസ്ക്കറ്റ് തന്നെയാണല്ലോ.’ ‘

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top