മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി പാര്‍വ്വതി തിരുവോത്ത്. തന്റേതായ നിലപാടും കാഴ്ച്ചപ്പാടും ഉള്ള നടിയാണ് പാര്‍വ്വതി. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും, തന്റെ സിനിമകളുടെ വിജയത്തിലൂടെ താരം മറുപടി നല്‍കാറുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസാ’ണ് പാര്‍വ്വതിയുടെ അവസാനം റിലീസായ ചിത്രം. താരത്തിന്റെ ‘രാച്ചിയമ്മ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടരുകയാണ്. പാര്വ്വതിയുടേതായ ‘ഒരു ഹലാല്‍ ലവ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ പോസ്റ്റ് – പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
‘നോട്ട്ബുക്ക്’ എന്ന സിനിമയിലൂടെയാണ് പാര്‍വ്വതി മലയാളികള്‍ക്ക് സുപരിചിത ആകുന്നതെങ്കിലും, താരത്തിന്റെ ആദ്യ സിനിമ വിശ്വനാഥന് സംവിധാനം ചെയ്ത ‘ഔട്ട് ഓഫ് സിലബസാ’ണ്. പിന്നീട് നിരവധി സിനിമകള്‍ ചെയ്തെങ്കിലും തമിഴിലെ മര്യന്‍ എന്ന സിനിമ പാര്‍വ്വതിയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവായി മാറി. അതിന് ശേഷം മലയാളത്തില്‍ ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘എന്ന് നിന്റെ മൊയ്തീന്’, ‘ചാര്‍ളി’, ‘ടേക്ക് ഓഫ്’, ‘ഉയരെ’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ പാര്‍വ്വതി അഭിനയിച്ചു.
സിനിമയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ഢബ്ല്യൂ.സി.സി എന്ന സംഘടനയുടെ തുടക്കകാലം മുതല്‍തന്നെ പാര്‍വ്വതി സജീവ അംഗമാണ്. അതിന്റെ തുടക്കക്കാരില്‍ ഒരാളാണ് പാര്‍വ്വതിയെന്നു തന്നെ പറയാം. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ, 2015-ിലും, 2017-ിലും, പാര്‍വ്വതി കരസ്ഥമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് പാര്‍വ്വതി. തന്റെ വിശേഷങ്ങളും, ചിത്രങ്ങളും, നിലപാടുകളും അതിലൂടെയാണ് പാര്‍വ്വതി പങ്കുവെക്കാറുള്ളത്. പാര്‍വ്വതി പോസ്റ്റുചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സ്മോക്കിങ്ങ് പൈപ്പ് ചുണ്ടില്‍ കടിച്ചു പിടിച്ച് ഇരിക്കുന്ന ചിത്രമാണ് പാര്‍വ്വതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത മുന്‍കാല കാര്‍ട്ടൂണ്‍ കഥാപാത്രം പോപ്പോയിയ്ക്ക് ചീര പോലെയാണ് തനിക്ക് വാക്കുകള്‍ എന്ന് ചിത്രത്തിനൊപ്പം പാര്‍വ്വതി കുറിച്ചു. ചിത്രം കണ്ടിട്ട് ‘ഇത് ആരാണ്? ജോസ് പ്രകാശാണോ?’ എന്ന് ആരാധകര്‍ കമെന്റ് ചെയ്തിട്ടുണ്ട്. റിറ്റ്സ് മാഗസീനിനു വേണ്ടിയാണ് പാര്‍വ്വതി ഈ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ഷാഹീന്‍ താഹയാണ് ചിത്രം പകര്‍ത്തിയത്.
