Entertainment

ഓർമ്മയുണ്ടോ ഒനിടയുടെ ആ ചെകുത്താനെ? ചെകുത്താന് പിന്നിലെ ഡേവിഡ് വിര്റ്റ്ബെഡ് ആരെന്നു അറിയാമോ?

അന്ധകാരം തളം കെട്ടിയ ഒരു മുറി. തീര്‍ത്തും നിശ്ശബ്ദത. പെട്ടെന്ന് മുറിയിലെ ടെലിവിഷന്‍ സെറ്റിലേക്ക് ഒരു കല്ല് വന്നു പതിക്കുന്നു. ടിവി പൊട്ടിചിതറുന്നു. മുഴുവന്‍ വെള്ള പുക. ഒരു ചെകുത്താന്‍ പ്രത്യക്ഷപ്പെടുന്നു. ജനം ഹൃദയത്തില്‍ ഏറ്റെടുത്ത ഒരു പരസ്യവാചകം – ‘Neighbour’s Envy, Owner’s Pride.”

ഓര്‍മ്മയില്ലേ? ഒനിഡയുടെ പഴയ പരസ്യം. എങ്ങനെ മറക്കുമല്ലേ… ആ ചെകുത്താന്‍റെ മുഖം ഒരിക്കല്‍ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കില്ല. എന്നാല്‍ ആ ചെകുത്താന് ഒരു ഇന്നലെയുണ്ടായിരുന്നു. ഒരു നാളെയും. അതെന്താണെന്നല്ലേ? പറയാം.

തന്‍റെ ഇരുപത്തിരണ്ടാം വയസ്സില്‍ ഫാഷന്‍ സ്റ്റൈലിസ്റ്റ് ആകണമെന്ന ലക്ഷ്യവുമായി ഡേവിഡ് വിര്റ്റ്ബെഡ് ബാംഗ്ലൂരീല്‍ നിന്ന് ബോംബെയിലേക്ക് വണ്ടി കയറുന്നു. ബോംബെയിലെ അഡ്വര്‍ട്ടൈസിങ്ങ് അവന്യൂസ് എന്ന പരസ്യസ്ഥാപനത്തിന്‍റെ സ്ഥാപക ആര്‍ട്ട് ഡയറക്ടറായ ഗോപി കുക്ഡേയാണ് ആ തിരശ്ശീലയ്ക്ക് പിന്നില്‍ മികവ് കാണിക്കാന്‍ തത്പരനായ ഡേവിഡിനെ ക്യാമറയുടെ മുന്നിലേക്ക് കയറ്റി നിര്‍ത്തിയത്. ഡേവിഡ് ഒരുപാട് തവണ അവസരം നിഷേധിച്ചു നോക്കി. തന്‍റെ മനോഹരമായ മീശ എടുത്തു കളഞ്ഞ്, ഒരു ബ്രാന്‍ഡിനും ചേരില്ലെന്ന് താന്‍ ഉറച്ചു വിശ്വസിച്ച തന്‍റെ മുഖത്തെ സ്ക്രീനിലൂടെ ലോകത്തിനു മുന്നില്‍ കാണിച്ച്, താത്പര്യമില്ലാത്ത ഒരു മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പക്ഷെ അപ്പോഴേക്ക് അദ്ദേഹത്തിന്‍റെ മുഖത്തില്‍ മിന്നിമറഞ്ഞിരുന്ന ആ കള്ളചിരിയില്‍ ഗോപി ആകൃഷ്ടനായി കഴിഞ്ഞിരുന്നു. ആ കള്ളത്തരം തന്‍റെ ചെകുത്താന് വേണമെന്ന ഗോപിയുടെ ശാഠ്യത്തിന് അവസാനം ഡേവിഡ് കീഴടങ്ങി. ഒരു ദിവസത്തിന് 6000 രൂപ എന്ന ഗോപിയുടെ ഓഫര്‍ അത്രമേല്‍ ഡേവിഡിനെ പ്രലോഭിപ്പിച്ചു.ഒനിഡ ചെകുത്താന്‍റെ ആ ഓമനത്ത്വത്തിനും കുസൃതിയ്ക്കും എന്നും കടപ്പാട് വേണ്ടത് ഗോപി കുക്ഡേയുടെ ആ നിരീക്ഷണപാടവത്തിനാണ്.

ഡേവിഡിനെ തന്‍റെ ചെകുത്താനാക്കാന്‍ ഗോപിയ്ക്ക് തയ്യാറെടുപ്പുകളുടെ ഒരു ഘോഷയാത്ര തന്നെ വേണ്ടിവന്നു. പരിപൂര്‍ണ്ണതയില്‍ ഉറച്ചു വിശ്വസിച്ചിരുന്ന ഗോപിയുടെ സംവിധാധത്തില്‍ ഡേവിഡിനും ഒട്ടേറെ പരിശ്രമിക്കേണ്ടതായി വന്നു. കമ്പിയും ഫോമും ഉപയോഗിച്ചു നിര്‍മ്മിച്ച കൊമ്പുകള്‍, മേക്കപ്പ് മീശകള്‍ വെട്ടിയുണ്ടാക്കിയ പുരികങ്ങള്‍, ദേഹത്ത് ചുറ്റാന്‍ സ്വാഭാവികതയ്ക്ക് വേണ്ടി എടയ്ക്കിടയ്ക്ക് കരിച്ചുകൊണ്ടിരിക്കുന്ന തുണി, ഷൂട്ടിങ്ങ് ഫ്ലോറ് ലഭിക്കാത്തതുകൊണ്ട് പകരം ബോംബെയിലെ ഒരു കെട്ടിടത്തിന്‍റെ ടെറസ്… ഇത്ര മാത്രം കഷ്ടപ്പാടുകള്‍ ആ ചെറിയ പരസ്യത്തിനു വേണ്ടി ചെയ്യേണ്ടി വന്നിരുന്നു എന്ന് ചിന്തിക്കാന്‍ കഴിയുമോ?

ഷൂട്ടിങ്ങിന് ഒരു ദിവസമേ വേണ്ടി വന്നുള്ളു. ദിവസങ്ങള്‍ക്കകം തന്നെ ഒനിഡ ചെകുത്താനെ പരസ്യബോര്‍ഡുകളില്‍ ബോംബെ നിവാസികള്‍ കണ്ടു തുടങ്ങി. പക്ഷെ ഡേവിഡിന് അപ്പോഴും ആത്മവിശ്വാസം തോന്നിയില്ല. തന്‍റെ സഹോദരിയോട് പോലും ഡെവിഡ് കാര്യം പറഞ്ഞില്ല. പക്ഷെ പരസ്യം ടെലിവിഷനില്‍ എത്തിയതോടെ ഡേവിഡിന് ഒളി ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. പരസ്യം വന്‍ വിജയമായതോടെ ഡേവിഡ് സണ്‍ഡ്രോപ്പ് ഓയിലിന്‍റെയും ഗോള്‍ഡ്സ്പേട്ടിന്‍റെയും പരസ്യങ്ങളിലും അഭിനയിച്ചു. ഋത്വിക്ക് റോഷന്‍റെ ‘കഹോ നാ പ്യാര്‍ ഹേ’യില്‍ ഋത്വിക്കിന്‍റെ ബട്ലറായി അഭിനയിച്ചു വെള്ളിത്തിരയിലും സ്ഥാനം പിടിച്ചു.

1985 മുതല്‍ 1999 വരെ ഒനിഡയുടെ ചെകുത്താന് ഡേവിഡിന്‍റെ മുഖമായിരുന്നു. ഒനിഡയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതോടെ ഡേവിഡ് പിന്മാറി. രാജേഷ് ഖേര, ആമിര്‍ ബഷീര്‍ തുടങ്ങി പല നടന്മാരും ചെകുത്താനായി സ്ക്രീനിലെത്തിയെങ്കിലും ഇന്നും മിക്ക പ്രേക്ഷകര്‍ക്കും ഒനിഡ ചെകുത്താന്‍ ഡേവിഡ് വിര്റ്റ്ബെഡാണ്. പ്രേക്ഷകപിന്തുണ തിരിച്ചറിഞ്ഞ ഒനിഡ വീണ്ടും ഡേവിഡിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

മോഡലിംങ്ങില്‍ നിന്ന് വിരമിച്ച് ഡേവിഡ് തന്‍റെ സ്റ്റൈലിസ്റ്റ് എന്ന സ്വപ്നത്തിന് പിന്നാലെ വീണ്ടും യാത്ര ചെയ്തു. പ്രസാദ് ബിദ്ധപ്പയോടൊപ്പം സ്റ്റൈലിസ്റ്റായും കോറിയോഗ്രാഫറായും മികച്ച സേവനം അനുഷ്ഠിച്ചു. പിന്നീട് തന്‍റെ മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്ന കൂനൂരിലേക്ക് ചേക്കേറി.

ഇനി ആ പരസ്യം കാണുമ്പോള്‍ കാണണം ആ ചെകുത്താന്‍റെ കുസൃതിക്കപ്പുറമുള്ള ആ ഡേവിഡ് വിര്റ്റ്ബെഡിനെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top