അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സോഷ്യല്‍ മീഡിയ വഴി സഹായ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് വര്‍ഷ എന്ന യുവതിക്ക് വലിയ ഒരു തുക ലഭിച്ചിരുന്നു. ഈ ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ചാരിറ്റി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വര്‍ഷ നല്കിയ പരാതിയില്‍ 4 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
ഫേസ്ബുക്കിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംമ്പറമ്പില്‍, സാജന് കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്ക് എതിരെയാണ് ചേരാനല്ലൂര്‍ പോലീസ് കേസ് എടുത്തത്. വര്‍ഷയുടെ കരളാണ് അമ്മയ്ക്കായി പകുത്തു നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസംപോലും തികയുന്നതിന് മുമ്പ് ഭീഷണി എത്തുകയായിരുന്നു. അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മൂന്ന് മാസംകൂടി തുടര്‍ചികിത്സ ആവശ്യമുണ്ട്. ഇതിനു വേണ്ടിവരുന്ന തുക കൂടി കരുതി വെക്കേണ്ടതുണ്ടെന്നും, അതിനു ശേഷം ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് വര്‍ഷ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.
ഫിറോസിന് ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ചുകൊണ്ട് ഇപ്പോള്‍ സംവിധായകന് ഒമര്‍ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്. ഫിറോസിനോട് പ്രവര്‍ത്തനം തുടരാനും, ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ടുപിടിക്കാന്‍ ഇരിക്കുന്ന കുറേ എണ്ണം കുരച്ചുകൊണ്ടേ ഇരിക്കുമെന്നുമാണ് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
ഒമര്‍ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ :
‘ഫിറോസ്, നിങ്ങള്‍ പ്രവര്‍ത്തനം തുടരുക. ഒരാള്‍ക്കും ഉപകാരം ചെയ്യാതെ, മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ടുപിടിക്കാന്‍ ഇരിക്കുന്ന കുറേ എണ്ണം കുരച്ചുകൊണ്ടേ ഇരിക്കും. എന്റെ അറിവില്‍ തന്നെ, എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന 2 കുടുംബങ്ങള്‍ ഫിറോസിന്റെ ഇടപെടല്‍ മൂലം അസുഖമെല്ലാം ഭേദമായി ഇന്ന് സന്തോഷമായി ഇരിക്കുന്നു. ഇനി ഫിറോസിന്റെ കാറും 3000 ചതുരശ്ര അടി വീടുമാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെങ്കിര് നിങ്ങളോട് സംസാരിച്ചിട്ട് കാര്യമില്ല.
ദൈവം അനുഗ്രഹിക്കട്ടെ!’
