Viral

ശിലയില്‍ പ്രകൃതി തീര്‍ത്ത നാഗമോ, ഇതിഹാസപ്രകാരം ശിലയായ നാഗമോ? തായ്ലന്‍ഡിലെ നാഗ ഗുഹകളുടെ പിന്നിലെ നിഗൂഢതകള്‍

ബ്രൊങ്ങ് കാന്‍ പ്രവിശ്യയിലെ ബ്യൊങ്ങ് കൊങ്ങ് ലൊങ്ങ് ജില്ലയിലെ ഒരു കൂറ്റന്‍ പാമ്പു ചുറ്റി കിടക്കുന്ന ആകൃതിയുള്ള, അടുത്തതായി കണ്ടെത്തിയ ഒരു മഹാത്ഭുതമാണ് നാഗ ഗുഹകള്‍. ഇതിന്റെ ചിത്രങ്ങള്‍ ലോകം ഒട്ടാകെ പലരും ഇന്റര്‍നെറ്റില്‍ പങ്കിട്ട് വൈറലാക്കുകയാണ്. ഈ ഗുഹയുടെ ചിത്രം ആദ്യമായി ലോകത്തിന് കാണിച്ചു കൊടുത്തത് ഒര്‍ദ് തനവനിജ് എന്ന ഒരു വ്യക്തി തന്റെ ഫേസ്ബുക്കിലൂടെയാണ്. ഒരു പാമ്പ് ശിലയായി മാറിയതു പോലെ ഉണ്ടെന്ന് പറഞ്ഞാണ് പലരും ഈ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. നിഗൂഢ നഗരമായ പൂ ഉവ ലുവേയുടെ ഇതിഹാസവുമായാണ് മറ്റ് പലരും ഈ ഗുഹയെ ബന്ധപ്പെടുത്തി സംസാരിക്കുന്നത്

പൂ ഉവ ലുവേയിലെ ഇതിഹാസം

ഇവിടെയുള്ള തടാകം കണ്ടെത്തുന്നതിന് മുമ്പ് ഈ പ്രദേശം മുഴുവന്‍ കരഭൂമി ആയിരുന്നു. ഉവ ലുവെ പ്രഭു വാണിരുന്ന രട്ടപ്പ നാഖോന്‍ എന്ന നഗരമായിരുന്നു ഇത്. പ്രഭുവിന്റെ ഭാര്യയുടെ പേര് ഗേവ്ഗാന്‍ലയ എന്നായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ക്യൂകാം പിന്നീട് സമ്പന്ത പ്രഭുവിനെ വിവാഹം ചെയ്തു. ക്യൂകാമിന്റെയും സമ്പന്തയുടെയും മകനാണ് ഫഹൂങ്ങ്.

ഫഹൂങ്ങ് സമര്‍ത്ഥനും സുന്ദരനും ആയിരുന്നു. ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു സ്ഥലത്ത് ഫഹൂങ്ങ് ഒരു സുന്ദരിയെ കണ്ടുമുട്ടി. നാഗരിന്ത്രാണി എന്നായിരുന്നു അവളുടെ പേര്. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഫഹൂങ്ങിന് അവളോട് പ്രണയം തോന്നി. ആ നിമിഷത്തില്‍ പ്രണയം തോന്നിയ അവര്‍ക്ക് ഒരുപാട് നാളുകളായി തമ്മില്‍ അറിഞ്ഞിരുന്നുവെന്ന് പോലും തോന്നി. അവര്‍ ഇടയ്ക്ക് തമ്മില്‍ കാണുമായിരുന്നു. പിന്നീട് ഫഹൂങ്ങിന് അവളെ കാണാതെ കഴിയാന്‍ പറ്റാതെയായി. തന്നെ വിവാഹം കഴിച്ച് ഒന്നിച്ച് താമസിക്കാന്‍ കൊട്ടാരത്തിലേക്ക് വരാന്‍ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു.

പക്ഷെ അവള്‍ ഒരു മനുഷ്യ സ്ത്രീ ആയിരുന്നില്ല. ഫഹൂങ്ങ് തന്നെ സ്നേഹിക്കുന്നതിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിലും നാഗരിന്ത്രാണിയ്ക്ക് സന്തോഷം ഉണ്ടായിരുന്നുവെങ്കിലും സത്യം തിരിച്ചറിഞ്ഞാല്‍ ആ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയവും ഉണ്ടായിരുന്നു. നാഗരിന്ത്രാണി ഒരു നാഗം (സര്‍പ്പം) ആയിരുന്നു. അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ പ്രീതിപ്പെടുത്താനാണ് സ്ത്രീയായി രൂപം പ്രാപിച്ച് അവള്‍ ഫഹൂങ്ങിന്റെ അടുത്ത് എത്തിയത്.

നാഗരിന്ത്രാണി തിരിച്ച് തന്റെ നാഗരഥ് സാമ്രാജ്യത്തില്‍ എത്തി പിതാവിനോട് മനുഷ്യനായ ഫഹൂങ്ങിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു. ഒരു നാഗത്തിന് ഒരിക്കലും സന്തുഷ്ടമായ ഒരു കുടുംബജീവിതം ഒരു മനുഷ്യനുമായി സാധിക്കില്ലെന്ന് അറിയുന്ന നാഗന്മാരുടെ പ്രഭു മകളെ ഓര്‍ത്ത് വേദനിച്ചു. പക്ഷെ മകളെ അവളുടെ പ്രണയത്തില്‍ നിന്ന് രക്ഷിക്കാന്‍ പ്രഭുവിന് കഴിയുമായിരുന്നില്ല.

ഇവരുടെ വിവാഹം രട്ടപ്പ നാഖോനിലും നാഗരഥിലുമായി 7 ദിവസങ്ങള്‍ നീണ്ട ആഘോഷമായി നടത്താന്‍ നിശ്ചയിക്കപ്പെട്ടു. രണ്ട് സാമ്രാജ്യങ്ങളുടെയും മഹത്ത്വം വളര്‍ത്താനും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും നാഗയുടെ പ്രഭു ഒരു വിശിഷ്ട കിരീട രത്നം ഉവ ലുവേ പ്രഭുവിന് കൈമാറി അദ്ദേഹത്തോടും രട്ടപ്പ നാഖോനിലെ പ്രജകളോടും നാഗരിന്ത്രാണിയെ നന്നായി നോക്കാന്‍ പറഞ്ഞു. പക്ഷെ രട്ടപ്പ നാഖോനിലെ ആരോടും നാഗരിന്ത്രാണി തന്റെ മകളാണെന്ന് നാഗന്മാരുടെ പ്രഭു അറിയിച്ചില്ല.

സര്‍പ്പത്തിനും മനുഷ്യനും കുഞ്ഞുങ്ങള്‍ പിറക്കാത്തതിനാല്‍ ഇരുവര്‍ക്കും 3 വര്‍ഷങ്ങളായിട്ടും കുഞ്ഞ് ഉണ്ടായില്ല. അത് അവരെ ഒരുപാട് വേദനിപ്പിച്ചു. രോഗത്തിലേക്ക് വഴുതി വീണ നാഗരിന്ത്രാണി തന്റെ സര്‍പ്പരൂപത്തിലേക്ക് മാറി. ഒരു തോഴി നാഗരിന്ത്രാണി സര്‍പ്പമാകുന്നത് കണ്ട് ഭയന്ന് നിലവിളിച്ചുകൊണ്ട് ഓടി.

നാഗരിന്ത്രാണി സര്‍പ്പമായി മാറിയത് നാട്ടിലാകെ പാട്ടായി. നാഗരിന്ത്രാണി നാഗമാണെന്ന് അറിഞ്ഞ രട്ടപ്പ നാഖോനിലെ ജനവും ഉവ ലുവേ പ്രഭുവും ദുഃഖിതരായി. അവള്‍ മനുഷ്യ രൂപത്തിലേക്ക് തിരികെ മാറാന്‍ ശ്രമിച്ചെങ്കിലും അതിന് പ്രശ്നത്തെ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഉവ ലുവേ പ്രഭു അടക്കം എല്ലാവരും നാഗരിന്ത്രാണിയ്ക്ക് എതിരായി.

നിഷ്കരുണം അവര്‍ നാഗരിന്ത്രാണിയെ പുറത്താക്കി. തന്റെ മകളെ തിരിച്ചു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നാഗന്മാരുടെ പ്രഭുവിന് ഉവ ലുവേ പ്രഭു ഒരു കത്ത് അയച്ചു. തന്റെ പ്രണയിനിയെ രക്ഷിക്കാന്‍ കഴിയാതെ ഫഹൂങ്ങ് നിരാശയിലായി.

തന്റെ മകളോട് ഇങ്ങനെ പെരുമാറിയ രട്ടപ്പ നാഖോനിലെ ജനങ്ങളോട് മകളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന നാഗന്മാരുടെ പ്രഭുവിന് ദേഷ്യം തോന്നി. അദ്ദേഹം മകളെ കൊണ്ടുവരാന്‍ പോയിട്ട് താന്‍ നല്‍കിയിരുന്ന വിശിഷ്ഠ കിരീട രത്നം തിരികെ ആവശ്യപ്പെട്ടു. അത് വേറെ എന്തോ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ഉവ ലുവേ പ്രഭുവിന് അത് തിരികെ കൊടുക്കാന്‍ സാധിച്ചില്ല. ഇത് കേട്ട് കൂടുതല്‍ ദേഷ്യം വന്ന നാഗന്മാരുടെ പ്രഭു തന്റെ യോദ്ധാക്കളുമായി തിരികെ വന്ന് രട്ടപ്പ നാഖോനിനെ നശിപ്പിച്ച് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു.

ആ രാത്രി തന്നെ രട്ടപ്പ നാഖോനിലേക്ക് യോദ്ധാക്കളുമായി എത്തി നാഗന്മാരുടെ പ്രഭു നാട് നശിപ്പിച്ച് പ്രജകളെയെല്ലാം കൊന്നു തള്ളി. നാഗന്മാരുടെ ശക്തിയെ പൊരുതി തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കീഴെയുള്ള വെള്ളത്തിലേക്ക് രട്ടപ്പ നാഖോന്‍ മുങ്ങി പോയി. അങ്ങനെയാണ് കൊങ്ങ് ലൊങ്ങ് തടാകം രൂപപ്പെട്ടത്. ഉവ ലുവേ പ്രഭുവിനെ നാഗം ആകാനും, കൊങ്ങ് ലൊങ്ങ് വീണ്ടും ഒരു വലിയ നഗരം ആകുന്നതുവരെ കൊങ്ങ് ലൊങ്ങില്‍ നിന്നു പോകാതിരിക്കാനും നാഗന്മാരുടെ പ്രഭു ശപിച്ചു.

ആ ശാപം കാരണം നാഗമായ ഉവ ലുവേ പ്രഭുവാണ് ശിലയായി കൊങ്ങ് ലൊങ്ങ് വലിയ നഗരമാകാന്‍ കാത്തിരിക്കുന്നത് എന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്.

അച്ഛന്‍ നഗരം നശിപ്പിക്കുമെന്ന് അറിയാതിരുന്ന നാഗരിന്ത്രാണി യുദ്ധത്തിന് ശേഷം തന്റെ പ്രണയഭാജ്യമായ ഫഹൂങ്ങിനെ തേടി വീണ്ടും എത്തി. കൊങ് ലൊങ്ങ് തടാകത്തില്‍ നിന്ന് സൊങ്ങ് ഖ്രാം പുഴ വരെ അവള്‍ ഫഹൂങ്ങിനെ തേടി പോയെങ്കിലും നിരാശയായിരുന്നു ഫലം. വേദനയോടെ അവള്‍ തിരികെ തന്റെ സാമ്രാജ്യത്തിലേക്ക് പോയി.

തടാകത്തില്‍ പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ മരണപ്പെട്ട പണ്ടത്തെ കാലത്തെ ഏതെങ്കിലും പാമ്പിന്റെ ശവം പാറകെട്ടുകളുടെ ധാതുക്കള്‍ വലിച്ചെടുത്ത് പാറയായി മാറിയതായിരിക്കാം എന്നും ചിലര്‍ പറയുന്നു. നാളുകള്‍ക്ക് ശേഷം മണ്ണൊക്കെ ഒലിച്ചു പോയപ്പോള്‍ അത് പ്രത്യക്ഷമായതായിരിക്കാം എന്നാണ് നിഗമനം.

എന്തൊക്കെയായാലും ഇത് പുതിയ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് ഉറപ്പിക്കാം. അഹല്യയുടേതിന് സമാനമായ ഈ ഇതിഹാസവും ജനശ്രദ്ധ ആകര്‍ഷിക്കാം. എന്നാല്‍ ഈ നാഗത്തിന് വീണ്ടും ജീവന്‍ വെച്ചാല്‍ ഉണ്ടാകാവുന്ന അവസ്ഥ എന്തായിരിക്കും…?

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top