മൈഥിലി ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് മലയാളത്തിലെ ശ്രദ്ധേയമായ നടിയാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും മൈഥിലിയെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയർന്നു വന്നു.
മൈഥിലി ഇപ്പോള്‍ തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച പരാജയങ്ങൾ വിലയിരുത്തുകയാണ്.
മൈഥിലിയുടെ വാക്കുകളിലേക്ക്, ‘ ‘പാലേരി മാണിക്യത്തി’നു ശേഷം കഥാപാത്രങ്ങളിൽ സെലക്ടീവാകാൻ കഴിയാഞ്ഞത് കരിയറിൽ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയത്. സിനിമയിൽ നിന്നും എനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ല. എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണ്. അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണ്. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യതയുള്ളതാണ്. ചിലർ നമ്മളെ മനഃപൂർവം കുടുക്കി കളയും. നമ്മുടെ നിയമങ്ങൾക്കു പോലും പരിമിതികളുണ്ട്. പല പെൺകുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്തുപോകും.
ചിലർക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ആളുണ്ടാവും. ചിലർ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ. ഞാന്‍ അങ്ങനെയാണ്.
വിമൻ ഇൻ സിനിമ കളക്ടീവ് പോലുള്ള സ്ത്രീ സംഘടനകളും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടർത്തണം. എങ്കിൽ സ്ത്രീകൾക്ക് അത് ഗുണം ചെയ്യും. പിന്നെ, ഫെമിനിസം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.
ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും എന്റെ പേര് വലിച്ചിഴയ്ക്കുകയാണ് മാധ്യമങ്ങൾ. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും എന്റെ പേര് പ്രചരിപ്പിച്ചു. മാധ്യമങ്ങളാണ് പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത്. ‘ഞങ്ങൾ മീഡിയ ആണ്. ഞങ്ങൾക്ക് എന്തും പറയാം.’ എന്നൊരു ധാഷ്ഠ്യമാണ്. പേനവച്ച് കീറിമുറിക്കുകയാണ്. അത് പീഡനം തന്നെയാണ്.
വ്യക്തിപരമായി എനിക്കിതൊന്നും പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കും മാനസിക പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇത്തരമൊരു സാഹചര്യത്തിലാണ് ഒന്നും വേണ്ട എന്ന തോന്നലോടെ എല്ലാത്തിൽ നിന്നും വിട്ടുനിൽക്കാൻ തോന്നിയത്. എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?’
