Entertainment

കോവിഡ് കാലത്ത് കല്ല്യാണം കഴിച്ചാല്‍ ഹണിമൂണിന് എങ്ങോട്ട് പോകും? മിയയുടെ ഉത്തരം കേട്ടാൽ നിങ്ങളും ചിരിച്ചു പോകും

ലോക്ക്ഡൗണ്‍ നാളുകളിലാണ് വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്തയുമായി നടി മിയ ജോര്‍ജ് എത്തുന്നത്. ബിസിനസ്സുകാരന്‍ അശ്വിനാണ് മിയയുടെ വരന്‍. ഭാവനയുടെ കല്ല്യാണം കഴിഞ്ഞപ്പോള്‍ മുതലേ മകളുടെ വിവാഹകാര്യം മനസ്സില്‍ കൊണ്ടുനടന്ന മിയയുടെ അമ്മ തന്നെയാണ് അശ്വിനിനെ കണ്ടെത്തി കൊടുത്തതും. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയ ഈ കാര്യം പറഞ്ഞു.

മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയ്ക്കായി അമ്മ വരനെ കണ്ടെത്തിയത്. ആയിരത്തോളം പ്രൊഫൈലുകളില്‍ നിന്നുമാണ് മിയയുടെ അമ്മ ഒടുവില്‍ അശ്വിനിനെ കണ്ടെത്തിയത്.

മിയയുടെ വാക്കുകളിലേക്ക്,

‘അവസാനം ദേ വരുന്നു, തേടിയ വള്ളി! ‘കൂടി വന്നാല്‍ തൃശ്ശൂര്‍ വരെ. അതിന്റപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല.’ എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്തു നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ‘ദേ നോക്ക്, നോക്ക്’ എന്നു പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പുറകെ നടക്കാന്‍ തുടങ്ങി.’

ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിന്‍ യു.കെയിലും, യു.എ.ഇയിലും ബിസിനസ്സ് ചെയ്തശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.

ഡ്രൈവിങ്ങ്, സ്പോര്‍ട്ട്സ് എന്നീ സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്. മിയയ്ക്ക് സംസാരിക്കാനാണ് ഇഷ്ടമെങ്കില്‍, അശ്വിന് കേള്‍ക്കാനാണ് താത്പര്യം. കല്ല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതില്‍ അശ്വിന് വിരോധം ഒന്നും ഇല്ല.

ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വിവാഹം കഴിച്ചാല്‍ ഹണിമൂണിന് എങ്ങോട്ട് പോകും എന്ന ചോദ്യത്തിനും ഇവര്‍ക്ക് ഉത്തരമുണ്ട്. ‘മിയയ്ക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലേസ് എന്ന് പറഞ്ഞാല്‍ പാലായാണ്. ഞങ്ങള്‍ എറണാകുളത്തു നിന്നും പാലായ്ക്കും പിന്നെ പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പോയ്ക്കൊണ്ടേ ഇരിക്കും.’ അശ്വിന്‍ പറഞ്ഞു.

Most Popular

To Top