Breaking News

രാഷ്ട്രീയ ബജ്റംഗ്ദള്‍ ടൊവിനോ ചിത്രത്തിന്റെ 50 ലക്ഷത്തിന്റെ സെറ്റ് നശിപ്പിച്ചു. അമ്പലത്തിന് അടുത്ത് പള്ളി സെറ്റ് ഇടേണ്ടെന്ന് വിചിത്രവാദം

ഹിന്ദുത്വ സംഘടന രാഷ്ട്രബജ്റംഗ്ദള്‍ ടൊവിനോ തോമസ് നായകനായ ബിഗ്ഗ് ബഡ്ജറ്റ് ചിത്രം ‘മിന്നല്‍ മുരളി’യ്ക്ക് വേണ്ടി കാലടി മണല്‍പ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് നശിപ്പിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് ഹരി പാലോട് ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അവകാശപ്പെടുന്നു. രാഷ്ട്രീയ ബജ്റംഗ്ദള്‍ നശിപ്പിച്ചത് 50 ലക്ഷത്തിന് മുകളില്‍ ചിലവിട്ട് പൂര്‍ത്തിയാക്കിയ പള്ളിയുടെ സെറ്റാണ്. സാമൂഹിക മാധ്യമങ്ങളില്‍ സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എ.എച്ച്.പി നേതാവ് ഹരി പാലോട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാലടി മണല്‍പ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ച് ഇരുമ്പ് വടികളുമായി തകര്‍ക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേസില്‍ ജോസഫാണ് സൂപ്പര്‍ ഹീറോ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മണല്‍പ്പുറത്തെ സെറ്റില്‍ നടക്കേണ്ടിയിരുന്നത് വയനാട്ടില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ‘മിന്നല്‍ മുരളി’യുടെ രണ്ടാം ഘട്ട ചിത്രീകരണമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങുകയായിരുന്നു.

സോഫിയാ പോള്‍ ആണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ ‘മിന്നല്‍ മുരളി’ നിര്‍മ്മിക്കുന്നത്. ഹരി പാലോട് രാഷ്ട്രീയ ബജ്റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്ന് പറയുന്നു.

സിനിമയുടെ അണിയറ പ്രവര്‍ത്തകരും, സിനിമ സെറ്റ് തകര്‍ക്കുകയും വര്‍ഗ്ഗീയ വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്നതിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.

സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ മനു ഭഗത് ആണ്. സമീര്‍ താഹിറാണ് ‘മിന്നല്‍ മുരളി’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ‘ജിഗര്‍തണ്ട’, ‘ജോക്കര്‍’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംഗീതം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ബേസില്‍ ജോസഫ് ‘കുഞ്ഞിരാമായണം’, ‘ഗോദ’എന്നീ സിനിമകളുടെ വിജയത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘മിന്നല്‍ മുരളി’.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ ജില്ലയാണ് കണ്ണൂര്‍. ആ കണ്ണൂരിലെ തളിപ്പറമ്പും ദാരുണമായ കൊലപാതകങ്ങള്‍ക്ക് പ്രസിദ്ധമാണ്. ആ തളിപ്പറമ്പില്‍ പതിറ്റാണ്ടുകളായി ഒത്ത നടുക്ക് പ്രസിദ്ധ രാജരാജേശ്വര ക്ഷേത്രത്തിന്റെ 1.7 കിലോമീറ്റര്‍ ദൂരെ സെന്റ്. മേരീസ് ഫൊറേന്‍ ചര്‍ച്ചും അവിടെ നിന്ന് വെറും 550 മീറ്റര്‍ ദൂരെ തളിപ്പറമ്പ് ജുമാ മസ്ജിദും രമ്യതയോടെ സ്ഥിതി ചെയ്യുന്നു. ഇന്നേവരെ ആരും ഇവയില്‍ ഒരു ദൈവത്തിന്റെ ആലയവും തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. മാന്യന്മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് ഒരു പള്ളിയുടെ സെറ്റിനെ പോലും സഹിക്കാന്‍ കഴിയുന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top