മലയാളികളുടെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് എം.ജി. ശ്രീകുമാര്‍. അദ്ദേഹം ആലാപനവും, സംഗീത സംവിധാനവും ഒക്കെയായി ഗാനരംഗത്ത് സജീവമാണ്. ടോപ്പ് സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലും അദ്ദേഹം ജഡ്ജായി എത്തുന്നുണ്ട്. എം.ജി. ശ്രീകുമാറും, ഭാര്യ ലേഖയും യാത്രാപ്രേമികളാണ്. മിക്കപ്പോഴും അദ്ദേഹത്തിന്റെ യാത്രകളില്‍ ലേഖയും പങ്കുചേരാറുണ്ട്. തന്റെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കാനും, ചെയ്യാനും മറ്റൊരാളിനെ വെക്കുന്നതിനോട് താത്പര്യം ഇല്ലെന്നും, ലേഖ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭാര്യയെ പേടി ഉള്ളതുകൊണ്ടാണ് കൂടെ കൊണ്ടുപോകുന്നത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. സ്വദേശത്തും, വിദേശത്തുമായി ഇതിനകം ഇരുവരും നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. യാത്ര അനുഭവങ്ങളെകുറിച്ച് എം.ജി. ശ്രീകുമാര്‍ വാചാലനാകാറുണ്ട്. വേറിട്ട രുചി പരീക്ഷണത്തില്‍ പണി കിട്ടിയതിനെ കുറിച്ച് ഇപ്പോള്‍ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെച്ചത്.
രുചി പരീക്ഷണങ്ങള്‍
വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ തനതായ രുചി പരീക്ഷിക്കാനും എം.ജി.യും ഭാര്യയും തയ്യാറാകാറുണ്ട്. ഭക്ഷണം ഉണ്ടാക്കാനും, മറ്റുള്ളവരെ കഴിപ്പിക്കാനും തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പാചകപരീക്ഷണങ്ങള്‍ നടത്തിയതിന്റെ വീഡിയോകള്‍ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. അതാത് സ്ഥലത്തെ രുചി വിഭവങ്ങള്‍ പരീക്ഷിക്കുന്നതില്‍ കൂടുതല്‍ താത്പര്യം ലേഖ ശ്രീകുമാറിനാണ്. എം.ജി.യാകട്ടെ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ തേടാറാണ് പതിവ്.
ഞണ്ട് കഴിച്ചത്
രുചി പരീക്ഷണങ്ങള്‍ക്ക് ഇടയില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. പൊതുവേ മട്ടണാണ് എം.ജി. ശ്രീകുമാറിന് പ്രിയപ്പെട്ടത്. അമേരിക്കന്‍ യാത്രയില്‍ മട്ടണ്‍ പാചകം ചെയ്തപ്പോള്‍ ആ രുചി ഇഷ്ടമായിരുന്നില്ല. അതോടെ ആയിരുന്നു അന്ന് ഞണ്ട് കഴിച്ചത്. ക്രാബ് ഗൗസ് എന്ന റെസ്റ്റോറന്റിലെ രുചി ഏറെ നല്ലതായിരുന്നു. 10 ദിവസത്തെ സന്ദര്‍ശനത്തില്‍ 6 ദിവസവും ഇത് കഴിക്കാനായി അവിടേക്ക് പോയിരുന്നു.
സ്പെയിന് യാത്രയ്ക്കിടയില്‍ സംഭവിച്ചത്
സ്പെയിന് – മാഡ്രിഡ് യാത്രയ്ക്ക് ഇടയില്‍ ആയിരുന്നു പണി പാളിയ അനുഭവം ഉണ്ടായത്. മികച്ച മട്ടണ്‍ വിഭവങ്ങള്‍ കിട്ടുന്ന സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം പോയിരുന്നു. സാധാരണ പോയാല്‍ ആ സ്ഥലം ചുറ്റിക്കറങ്ങി വരുന്ന പതിവുണ്ട്. അതിനിടയിലാണ് അന്ന് രുചി തേടി ഇറങ്ങിയത്. കാടിന് അകത്തുള്ള ഗ്രാമത്തിലെ റെസ്റ്റോറന്റില്‍ ചെന്നപ്പോള്‍ പല തരത്തില്‍ അലങ്കരിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടിരുന്നു. ഉപ്പും മുളകും ഒന്നും ചേര്‍ത്തിരുന്നില്ലെങ്കിലും, നല്ല രുചി ആയിരുന്നു.
ലേഖ വേണ്ടെന്ന് പറഞ്ഞു
സമാനമായ സ്ഥലങ്ങള്‍ ഏതെങ്കിലും ഉണ്ടോ എന്ന് ആയിരുന്നു സുഹൃത്തിനോട് പിന്നീട് ചോദിച്ചത്. പന്നി ഇറച്ചി കിട്ടുന്ന സ്ഥലം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ലേഖ വേണ്ടെന്ന് പറഞ്ഞിരുന്നു. എന്തായാലും പോയി നോക്കാമെന്ന് പറഞ്ഞായിരുന്നു അങ്ങോട്ടേക്ക് പോയത്. തിരക്കുള്ള സ്ഥലം ആയിരുന്നുവെങ്കിലും നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്നു. കഴിക്കുന്നതിന് മുന്‍പ് ഒരാള്‍ വന്ന് വേദമൊക്കെ ഓതിയിരുന്നു. അതിന്റെ മണം സഹിക്കാന്‍ ആവുന്നുണ്ടായിരുന്നില്ല.
തമ്മില്‍ തമ്മില്‍ കളിയാക്കാനുള്ള വക ഉണ്ടായി
‘വില കൂടിയ ഭക്ഷണമാണ്. വേഗം കഴിക്ക്. നിങ്ങള്‍ക്ക് ഇതു തന്നെ വേണം.’ എന്നായിരുന്നു ഭാര്യ പറഞ്ഞത്. തന്നെ കളിയാക്കിയ ഭാര്യ ഓര്‍ഡര്‍ ചെയ്തത് മീന്‍ വിഭവം ആയിരുന്നു. അത് വന്ന ഉടനെ അവിടം മുഴുവനും നാറ്റം ആയിരുന്നു. ‘വേഗം കഴിക്ക്’ എന്ന് പറഞ്ഞ് ഭാര്യയെ അപ്പോള്‍ തിരിച്ച് കളിയാക്കി. അപ്പോള്‍ അവളെ കളിയാക്കാനുള്ള അവസരം ആയിരുന്നു വന്നത്. മുഖത്തോട് മുഖം നോക്കി ഇരുന്നത് അല്ലാതെ ഞങ്ങള്‍ അത് കഴിച്ചിരുന്നില്ല. രുചി തേടി പോയപ്പോള്‍ പണി പാളിയ സംഭവങ്ങളില്‍ ഒന്നായിരുന്നു അത്.
