Entertainment

‘അപ്പാ എന്നാണ് ഞാന്‍ ഭര്‍ത്താവിനെ വിളിക്കുന്നത്.’ ; വിവാഹ വിശേഷങ്ങളുമായി മീര അനില്‍

ടെലിവിഷന്‍ അവതാരകയായി പ്രേക്ഷകരുടെ മുന്നില്‍ എത്തി പിന്നീട് സ്റ്റേജ് ഷോകള്‍ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനില്‍. താരത്തിന്റെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. വിഷ്ണു ആണ് ഭര്‍ത്താവ്. ജനുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. ജൂണ്‍ 5-ിലേക്ക് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധി മൂലം വിവാഹം നീണ്ടു പോവുകയായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ അവര്‍ വിവാഹിതരായി.

തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ കുറിച്ച് മീര തുറന്നു പറഞ്ഞതാണ് വൈറലാകുന്നത്. അപ്പാ എന്നാണ് താന്‍ ഭര്‍ത്താവിനെ വിളിക്കുന്നതെന്നും, അച്ഛന്റെ ഒരു എക്സ്ടെന്‍ഷന്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത് എന്നും താരം പറഞ്ഞു. അച്ഛന്റെ കുറവ് വിഷ്ണു നന്നായിട്ട് നികത്തുന്നുണ്ടെന്നും മീര പറഞ്ഞു.

മീരയുടെ വാക്കുകളിലേക്ക്,

‘താലി കെട്ടുന്നതിന് മുമ്പ് ഞാന്‍ കരഞ്ഞുപോയി. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഏറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന്, അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ വിഷമം.

ഞാന്‍ ഒറ്റമോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുള്ള ആളുമാണ് ഞാന്‍. അച്ഛനും ഭയങ്കര കരച്ചിലില്‍ ആയിരുന്നു.

നിശ്ചയം നടന്നിട്ട് 6 മാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു. ഞാന്‍ പല ഇടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക ‘കല്ല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ.. എന്താ? ഡിവോഴ്സായോ?’ എന്നാണ്. ‘കല്ല്യാണമല്ല. നിശ്ചയമാണ് കഴിഞ്ഞത്’ എന്ന് പറഞ്ഞ് പറഞ്ഞ് മടുത്തു.

ലോക്ക്ഡൗണ്‍ ആയപ്പോള്‍ എനിക്കും വിഷ്ണുവിനും കാണാന്‍ പറ്റുമായിരുന്നില്ല. ഏപ്രില്‍ തൊട്ട് എഴുപത് എണ്‍പത് ദിവസം ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ല. അതിന്റെ സങ്കടത്തിനിടെയാണ് ഈ ചോദ്യം. ലോകം ഇത്തരത്തില്‍ ഒരു വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍, മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്ന് അറിയാനാണ് ആളുകള്‍ക്ക് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശ.

അതിനിടെ വലിയ വേദന ഉണ്ടായ ഒരു സംഭവമുണ്ടായി. ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് കാറില്‍ചെന്ന് ഇറങ്ങുമ്പോള്‍ ഒരു ചേച്ചി വന്ന് കാറിന്റെ അകത്തേക്ക് ഏന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാണ് ‘യുട്യൂബില്‍ കല്ല്യാണം കഴിഞ്ഞതു കണ്ടു. ഭര്‍ത്താവ് ഒപ്പമില്ലേ?’ ‘കല്ല്യാണമല്ല. നിശ്ചയമാണ് കഴിഞ്ഞത്’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘അല്ല, കല്ല്യാണം കഴിഞ്ഞ് ഡിവോഴ്സായെന്ന് യുട്യൂബില്‍ കണ്ടല്ലോ?’ എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അന്തംവിട്ടു നിന്നുപോയി. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കൂടുതല്‍ കിട്ടിയ കമെന്റ് എതാണ്?’ എന്ന ചോദ്യത്തിന് ‘പത്തില്‍ ആറ് കമെന്റും ‘എന്‍ഗേജ്മെന്റ് പോലെ ഡിവോഴ്സും ഇവരൊക്കെ ആഘോഷിക്കേണ്ടതല്ലേ..’ എന്നായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതോടൊപ്പം ‘ആദ്യം ഞങ്ങള്‍ ഒന്ന് കല്ല്യാണം കഴിച്ചോട്ടെ. പിന്നെ ഡിവോഴ്സിനെ കുറിച്ച് പറയാം.’ എന്നും ഞാന്‍ തമാശയായി പറഞ്ഞു. പക്ഷെ അഭിമുഖം പബ്ലിഷ് ആയപ്പോള്‍ അവര്‍ ഇട്ട തലക്കെട്ട് ‘ഡിവോഴ്സിനെപ്പറ്റി മീര’ എന്നാണ്‌. അത് തുറന്നുപോലും നോക്കാത്ത ആളുകള്‍ കരുതിയത് ഞാന്‍ കല്ല്യാണം കഴിച്ച് ഡിവോഴ്സുമായി എന്നാണ്. അവരോടൊക്കെ എന്താണ് പറയുക!’

Most Popular

To Top