Entertainment

‘ ‘മായാനദി’ എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായിട്ടും എന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചതാണ്.’ ; ആരോപണത്തെ നിഷേധിച്ച് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ആണ് നിര്‍മ്മിച്ചത് എന്ന പ്രചരണത്തിന് എതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത് എത്തിയിരിക്കുകയാണ്. ‘മായാനദി’ എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായും തന്റെ അക്കൗണ്ടില്‍ നിന്നുള്ള പണംതന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണെന്നും, ഈ പണത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടെയും കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായി അടച്ചിട്ടുള്ളതൊണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം ഇങ്ങനെ :

‘പ്രിയ സുഹൃത്തുക്കളേ,

ഒരു പ്രവാസി വ്യവസായി ആയിരിക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷന്‍കൊണ്ടുതന്നെ മലയാള സിനിമ വ്യവസായത്തില്‍ മോശമല്ലാത്ത സംരംഭകത്വത്തിന് വിജയകരമായ നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് ഞാന്‍.

നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ നിര്‍മ്മിച്ച ‘മായാനദി’ എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാര്‍ത്ത പ്രചരിച്ചു കാണുന്നു. എന്ത് അടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത്തരം ഒരു അടിസ്ഥാനരഹിതമായ, വസ്തുതകള്‍ക്ക് നിരക്കാത്ത വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

‘മായാനദി’ എന്ന മലയാള ചിത്രം പൂര്‍ണ്ണമായും എന്റെ അക്കൗണ്ടില്‍ നിന്നുള്ള പണംതന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. ഈ പടത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടെയും കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ പൂര്‍ണ്ണമായും അടച്ചിട്ടുള്ളതാണ്.

പ്രധാനമായി ഈ സിനിമ നിര്‍മ്മിക്കാന്‍ ഞാന്‍ ഒരു വ്യക്തിയുടെ കൈയില്‍ നിന്നും പണം കടമായോ നിക്ഷേപമായോ കൈപ്പറ്റിയിട്ടില്ലെന്ന് വിനയപുരസരം അറിയിച്ചുകൊള്ളട്ടെ! പ്രവാസലോകത്തും സ്വന്തം നാട്ടിലും വിജയകരമായി ബിസിനസ്സ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിക്ക് ‘മായാനദി’ എന്ന എന്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകളോട് സഹതപിക്കാനും, ഖേദിക്കുവാനുമേ ഇന്നത്തെ നിലയില്‍ സാധ്യമാകൂ.’

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Most Popular

To Top