Entertainment

മറുനാടൻ ഷാജൻ സക്കറിയയുടെ ഭാര്യ ബോബി അലോഷ്യസിന് എം. ശിവശങ്കറിന്റെ അതിരു വിട്ട സഹായം ; രേഖകള്‍ ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ടു

കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത കായിക താരം ബോബി അലോഷ്യസിന് എം. ശിവശങ്കരന്റെ വഴിവിട്ട സഹായം ലഭിച്ചതായി രേഖകള്‍ പുറത്തുവന്നു. കരാര്‍ ലംഘനം നടത്തിയ ബോബി അലോഷ്യസിനെ സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ എത്തിച്ചത് അന്ന് യുവജന കായിക ക്ഷേമവകുപ്പ് സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറാണ്. 2011-ില്‍ ശിവശങ്കര്‍ യുവജന കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഈ വഴിവിട്ട സഹായം നല്‍കിയിരിക്കുന്നത്.

2003-ിലാണ് ബോബി അലോഷ്യസ് സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റി ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോകുന്നത്. കോച്ചെന്ന വ്യാജേന മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവിനെയും ബോബി ഒപ്പം കൊണ്ടുപോയിരുന്നു. കേരള സ്പോര്‍ട്ട്സ് കൗണ്‍സിലുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം 2007 – 2008 കേരള സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ തിരിച്ച് എത്താമെന്നും, അതോടൊപ്പം ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തോളാമെന്നും, കുട്ടികളെ പരിശീലിപ്പിക്കാമെന്നും ആയിരുന്നു. എന്നാല്‍ 2007-ിലും, 2008-ിലും ബോബി അലോഷ്യസ് തിരികെ എത്തിയില്ല. നിരവധി തവണ കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍ ബോബി അലോഷ്യസിന് കത്ത് അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, ഇവരില്‍ നിന്ന് തുക തിരിച്ചു പിടിക്കുന്നതിനും, ബോബി അലോഷ്യസിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതിനും കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍ തീരുമാനിക്കുന്നത്. ഈ നടപടികളുമായി സ്പോര്‍ട്ട്സ് കൗണ്‍സില്‍ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് 2011-ില്‍ ബോബി അലോഷ്യസിന് നിയമനം ലഭിക്കുന്നത്. 2011-ില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം. ശിവശങ്കര്‍ കേരള സ്പോര്‍ട്ട്സ് യുവജന ക്ഷേമ സെക്രട്ടറി ആയിരിക്കെ 13.10.2011-ില്‍ ബോബി അലോഷ്യസിന് സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറി ടെക്ക്നിക്കലായി നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത്. സ്പോര്‍ട്ട്സ് കൗണ്‍സില്‍ നിയമപരമായി ബോബി അലോഷ്യസിന് എതിരെ നീങ്ങുന്നതിനിടെയാണ് നിയമനം ലഭിക്കുന്നത്.

മാത്രമല്ല, സര്‍ക്കാര്‍ ഫണ്ട് വാങ്ങി പഠനത്തിനെന്ന വ്യാജേന ലണ്ടനില്‍ പോയ ബോബി അലോഷ്യസ് ഇംഗ്ലണ്ടിലെ ഒരു നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് സഥാപനത്തില്‍ ജോലി ചെയ്തു. ഇതിന് എതിരെ സ്പോര്‍ട്ട്സ് കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കുന്നതിന് ഇടയിലാണ് സ്പോര്‍ട്ട്സ് കൗണ്‍സലില്‍തന്നെ ജോലി ലഭിക്കുന്നത്. 2003-ില്‍ പഠനത്തിന് പോയ ബോബി അലോഷ്യസ് 3 വര്‍ഷത്തെ പഠനത്തിന് ഇപ്പുറം തിരികെ സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

നിലവിലുള്ള നിയമവും ചട്ടവും അനുസരിച്ച്, അഴിമതി നടത്തിയ ഒരാളെ തിരികെ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അവര്‍ കോടതിയുടെ അനുമതി നേടിയിരിക്കണം. അഥവാ, ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കണം. എന്നാല്‍ ഇങ്ങനെയുള്ള ചട്ടങ്ങളുടെ കൃത്യമായ ലംഘനമാണ് ബോബി അലോഷ്യസിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

Most Popular

To Top