Kerala News

പൊതിച്ചോറിന് ഉള്ളിലെ 100 രൂപയുടെ കരുതലിന് പിന്നില്‍ മേരി സെബാസ്റ്റ്യന്‍ എന്ന കുമ്പളങ്ങിക്കാരി

കൊച്ചി : നന്മ ചെയ്യുന്നവരെ സോഷ്യല്‍ മീഡിയ പ്രോത്സാഹിപ്പിക്കുകയും, ആദരിക്കുകയും ചെയ്യുന്ന കാലമാണിത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ചയായ സംഭവമാണ് ചെല്ലാനത്തെ പൊതിച്ചോറും നൂറ് രൂപയും.

പൊതിച്ചോറിനുള്ളില്‍ ആരാണ് 100 രൂപ വെച്ച് കൊടുത്തതെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. ഇപ്പോള്‍, മേടിക്കുന്ന ആളുടെ ആത്മാഭിമാനം മുറിയാതെ പൊതിച്ചോറിനുള്ളില്‍ നൂറ് രൂപ വെച്ചത് മേരി സെബാസ്റ്റ്യന്‍ എന്ന വീട്ടമ്മയാണെന്ന് വ്യക്തമായി.

ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന ആളായ സിഐ ഷിജുവാണ് ആ നന്മമരത്തെ കണ്ടെത്തിയത്. മേരി സെബാസ്റ്റ്യന്‍ കുമ്പളങ്ങി സ്വദേശിയാണ്. മേരിയുടെ ആ നന്മ മനസ്സിന് ആദരം അര്‍പ്പിക്കാനായി കണ്ണമാലി സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നിച്ച് എത്തി.

ഇതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാല്‍ മേരിയുടെ പ്രതികരണം ഇങ്ങനെയാണ് :

‘തണുപ്പല്ലേ.. എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ട് ദിവസം ചായ കുടിക്കാന്‍ ഇത് ഇരിക്കട്ടെ എന്ന് മാത്രമാണ് കരുതിയത്.

ഇത് ആരെയും അറിയിക്കാതെ വേണമെന്ന് കരുതിയെങ്കിലും ഇപ്പൊ എല്ലാവരും അറിഞ്ഞു. സിഐ സാര്‍ വന്ന് സമ്മാനം നല്‍കി.

സംഗതി വാര്‍ത്ത ആയതോടെ പള്ളികളില്‍ നിന്ന് ഒരുപാട് അച്ഛന്മാര്‍ വിളിച്ചു.

തണുപ്പു കാലം ആയാല്‍ ഞാന്‍ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയില്‍ ദുരിതത്തില്‍ ഉള്ള ഒരാള്‍ക്ക് എങ്കിലും ചായ കുടിക്കാന്‍ സഹായകമാകുമല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്.

പൊതിച്ചോറ് കെട്ടി കഴിഞ്ഞപ്പോള്‍ മോനെക്കൊണ്ട് കപ്പലണ്ടി വാങ്ങിപ്പിച്ച്, അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വെച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിന് ഒപ്പം വെച്ചത്. അല്ലെങ്കില്‍ നനവ് പടര്‍ന്നാലോ?

സംഗതി അറിഞ്ഞ് വാര്‍ത്തക്കാരൊക്കെ എത്തിയപ്പോള്‍ വെള്ളത്തിലൂടെയാണ് വീട്ടില്‍ എത്തിയത്. കഴിഞ്ഞ തവണ അടുക്കളയിലും, മുറികളിലും വെള്ളം കയറി. കോലായില്‍ മാത്രം വെള്ളം കയറിയില്ല. കടല്‍ കയറി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം ഇത് അനുഭവിക്കുന്നതാണ്.

ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാല്‍ അവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ, ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ ഉള്ളതില്‍ ഒരു പങ്ക് വരുന്നവര്‍ക്കും കൊടുക്കും ; അത് ഭക്ഷണമായാലും.’

ഈ ഒരു കെട്ട കാലത്ത് കൈയില്‍ ഉള്ളതില്‍ അത്രയും നല്‍കിയ മേരി മലയാളിയുടെ അതിജീവനത്തിന്റെയും, സ്നേഹത്തിന്റെയും മറ്റൊരു മാതൃകയാണ്.

കഴിഞ്ഞ ദിവസം കണ്ണമാലി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വിതരണം ചെയ്യാന്‍ ശേഖരിച്ച ഭക്ഷണപൊതികളില്‍ ഒന്നിലാണ് നൂറ് രൂപ നോട്ട് കണ്ടത്. ഈ വിവരം കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ് ഷിജു തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

‘ഒരു പഴം കൊടുത്താല്‍ പോലും അത് ഫോട്ടോ എടുത്ത്, സോഷ്യല്‍ മീഡിയയിലും, പത്രത്തിലും പലരും കൊടുക്കുന്ന ഈ കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറില്‍ നൂറ് രൂപ കൂടി കരുതിവെച്ച ആ മനസ്സില്‍ മുമ്പില്‍ നമിക്കുന്നു’ എന്ന് അദ്ദേഹം കുറിച്ചിരുന്നു.

Most Popular

To Top