മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ മലയാളികള്‍ ആരോഗ്യ രംഗത്തെ പോരാളികള്‍ക്ക് ശിങ്കാരിമേളത്തോടെ അഭിനന്ദനവുമായി രംഗത്ത്. 3000ത്തില്‍ പരം നേഴ്സുമാര്‍, 500ല്‍ പരം ഇന്ത്യന്‍ ഡോക്ടര്‍മാര്‍, ആരോഗ്യ ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1000ത്തില്‍ പരം ആള്ക്കാര്. ഇതാണ് മാഞ്ചസ്റ്റര്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലിലെ പൊതുസ്ഥിതി.
യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ വ്യാഴാഴ്ച്ച ദിവസങ്ങളില്‍ ജനങ്ങള്‍ ഭവനങ്ങള്‍ക്ക് വെളിയില്‍ വന്ന് കൈകൊട്ടി അഭിനന്ദിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
എന്തിനും വ്യത്യസ്തമായ രീതീകള്‍ തിരഞ്ഞെടുക്കുന്ന മാഞ്ചസ്റ്ററിലെ മലയാളികള്‍ ഇതിനും ഒരു ക്രിയാത്മകമായ മാര്‍ഗ്ഗം കണ്ടെത്തി.
ജനേഷ് നായരാണ് ഇതിന് മുന്‍കൈ എടുത്ത് മാഞ്ചസ്റ്റര്‍ മേളത്തിന് നേതൃത്വം നല്‍കിയത്.
സാമൂഹിക അകലം പാലിച്ചുകൊണ്ട് വെറും അഞ്ചു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ശിങ്കാരി മേളം ജനേഷ് നായര്‍ കൊട്ടി കൊണ്ട് ആരംഭിച്ചപ്പോള്‍ ആംബുലന്‍സ് സെക്യൂരിറ്റി സര്‍വ്വീസ് ജീവനക്കാര്‍ ആവേശത്തോടെ ഒപ്പം കൂടി.
എച്ച് ആര് ഡയറക്ടര്‍ സ്റ്റെല്ല ക്ലേറ്റനും ഹോസ്പിറ്റല്‍ ജീവനക്കാരും ഉള്‍പ്പെടെ 500ഓളം പേര് എം ആര് ഐ ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് സന്നിഹിതരായിരുന്നു.
