മധുബാല ഒരു കാലത്ത് തെന്നിന്ത്യയിലെ വിലയേറിയ നായികാതാരം ആയിരുന്നു. റോജയിലെയും യോദ്ധയിലെയും ഒക്കെ കണ്ണുകള്‍ കൊണ്ട് ചിരിക്കുന്ന സുന്ദരി നായിക മധുബാല എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി വരും. മധുബാല സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് മമ്മൂട്ടി നായകനായ അഴകന് എന്ന തമീഴ് ചിത്രത്തിലൂടെ ആയിരുന്നു. മധു മലയാളികള്‍ക്ക് പ്രിയങ്കരിയായത് മോഹന്‍ലാല്‍ ചിത്രമായ യോദ്ധയിലൂടെയാണ്. മധുബാല മിക്ക തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച അഭിനേത്രിയെന്ന് പേരെടുത്തു. താരം ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഇരുതാരങ്ങള്‍ക്കും ഒപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. മധുബാല താന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തെ പേടിയായിരുന്നു എന്ന് വെളിപ്പെടുത്തി. മധുബാലയുടെ വാക്കുകളിലേക്ക്: 'ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പം. എനിക്ക് അന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ട് തീര്‍ന്നപ്പോള്‍ എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതക്കാരനായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം ചെയ്യുമ്പോഴും അങ്ങനെയായിരുന്നു.' മധുവിന്റെ പിതാവ് നിര്‍മ്മാതാവായ രഘുനാഥാണ്. സിനിമ പാരമ്പര്യം ഉണ്ടെങ്കിലും അച്ഛന് പറഞ്ഞിരുന്നത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആയിരുന്നുവെന്ന് മധുബാല ഓര്‍ത്തു.
