Entertainment

18ാം വയസ്സില്‍ വിവാഹം. 12 വര്‍ഷത്തിന് ശേഷം മകള്‍ ആറ് മാസത്തില്‍ പിറന്നു ; സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് ലക്ഷ്മിപ്രിയ

ഹാസ്യവേഷങ്ങള്‍കൊണ്ട് പ്രേക്ഷകപ്രീതി നേടിയ നടിയാണ് ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി നില്‍ക്കുന്ന ലക്ഷ്മിപ്രിയ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്നു. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള മകളുടെ ജനനവും അപ്പോള്‍ ഭര്‍ത്താവിന് ഉണ്ടായ അപകടവും ഉള്‍പ്പെടെയുള്ള ജീവിതാനുഭവങ്ങളെ കുറിച്ച് വിവരിക്കുകയാണ് നടി ഇപ്പോള്‍.
ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, ‘വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ഒരു കുഞ്ഞ് പിറക്കുന്നത്. അതും ഗര്‍ഭിണിയായി ആറാം മാസത്തിലായിരുന്നു. മകള്‍ ജനിച്ചതിന്റെ ആകുലതകള്‍ക്കൊപ്പമാണ് ഭര്‍ത്താവ് ജയേഷിന് വലിയൊരു അപകടം നടന്നത്.

പതിനെട്ട് വയസിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്. രണ്ട് തവണ ഗര്‍ഭിണി ആയെങ്കിലും അബോര്‍ഷനായി പോയി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തത്കാലം മാറ്റി വെച്ചു. അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹാതാപവുമൊക്കെ കേട്ടു. പക്ഷേ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ പന്ത്രണ്ട് വര്‍ഷം കടന്ന് പോയി. പ്രായം കടന്ന് പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസില്‍ ഞാന്‍ വീണ്ടും ഗര്‍ഭിണിയായി.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ പ്രാര്‍ഥനയായിരുന്നു. ഉറപ്പിച്ച്, മൂന്നാഴ്ച കഴിഞ്ഞത് മുതല്‍ കടുത്ത ബ്ലീഡിങ് തുടങ്ങി. എനിക്ക് സിനിമയില്‍ തിരക്കുള്ള സമയമാണ്. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി. പല തവണ ആശുപത്രിയില്‍ ആയി. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. ആറാം മാസത്തിന്റെ അവസാനം പെട്ടെന്ന് ബ്ലീഡിങ് കൂടി ഹോസ്പിറ്റലില്‍ ആയി. ഡോക്ടര്‍ കൗണ്‍സിലിങ് തന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ അവരും നെട്ടോട്ടം തുടങ്ങി.

അപകടത്തിന്റെ ചുവപ്പ് വെട്ടം കത്തുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി മൂന്ന് വട്ടം കുരുങ്ങിയതായി കണ്ടെത്തി. കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവില്‍ സിസേറിയന്‍ നടത്തി. അബോധാവസ്ഥയിലും കണ്‍മുന്നില്‍ ഞാന്‍ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. അങ്ങനെ 27-ാം ആഴ്ചയില്‍, 2015 നവംബര്‍ 6 ന് മോള്‍ ജനിച്ചു. ഒരു കിലോ മാത്രമായിരുന്നു തൂക്കം. അവളെ എന്‍ ഐ സി യുവിലേക്ക് മാറ്റി. മൂന്ന് ദിവസം കഴിഞ്ഞാണ് ഞാന്‍ മോളെ കണ്ടത്.

ഞങ്ങള്‍ പ്രതീക്ഷിച്ചത് ആണ്‍കുട്ടിയെയാണ്. അത് കൊണ്ട് തന്നെ പെണ്‍കുട്ടിയ്ക്കുള്ള പേരുകളൊന്നും കണ്ടു വച്ചിരുന്നില്ല. ഞാനാണ് മാതംഗി എന്ന് മതിയെന്ന് പറഞ്ഞത്. മൂകാംബിക ദേവിയാണ് മാതംഗി. മൂന്ന് ദിവസം മോളെ കാണാന്‍ എന്നെ വീല്‍ ചെയറില്‍ കൊണ്ട് പോയപ്പോള്‍ ചുറ്റും ആള് കൂടി. എല്ലാവരും അമ്മയായതിന്റെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ എന്റെ ഹൃദയം പൊട്ടുകയായിരുന്നു. കുഞ്ഞിന് ജീവനുണ്ടോ, അവള്‍ക്ക് പൂര്‍ണ ആരോഗ്യമുണ്ടോ എന്നൊന്നും അറിയില്ലല്ലോ. എന്‍ ഐ സി യുവില്‍ കുറേ മെഷീനുകള്‍ക്കിടയില്‍ കുഞ്ഞ് കിടക്കുന്നു.

45 ദിവസം മോള്‍ അതിനുള്ളിലായിരുന്നു. ആറാം ദിവസം എന്നെ ഡിസ്ചാര്‍ജ് ചെയ്തു. ആര്‍ക്കും മോളെ ചെന്ന് കാണാനോ തൊടാനോ സാധിക്കുമായിരുന്നില്ലെങ്കിലും പേടിക്കേണ്ടതായി ഒന്നും ഉണ്ടായിരുന്നില്ല. തൂക്കത്തിന്റെ കുറവ് മാത്രമായിരുന്നു ആശങ്ക. ഞാന്‍ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാല്‍ എടുത്ത് നഴ്‌സിനെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടിലും ആശുപത്രിയിലും ഞാനും ഏട്ടനും തനിച്ചായിരുന്നു. അന്നൊക്കെ വെറുതേ ഒരിടത്ത് ഇരുന്നാല്‍ പോലും ക്ഷീണം കാരണം ഏട്ടന്‍ ഉറങ്ങി പോകും. അതിനിടെ ഒരു ദിവസം ഏട്ടന് അത്യാവശ്യമായി തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.

ഡ്രൈവ് ചെയ്യുന്നതിനിടെ കാര്‍ ഒരു ട്രക്കിനടിയിലേക്ക് പാഞ്ഞ് കയറി. കാല്‍ തകര്‍ന്നു, കൈ രണ്ടായി ഒടിഞ്ഞ് തൂങ്ങി. ആംബുലന്‍സ് ഡ്രൈവറാണ് എന്നെ വിളിച്ച് പറഞ്ഞത്. അങ്ങനെ കുഞ്ഞിനെയും കൊണ്ട് സന്തോഷത്തോടെ യാത്ര പറഞ്ഞ ആശുപത്രിയിലേക്ക് ഞങ്ങള്‍ വീണ്ടും എത്തി. 20 ദിവസത്തോളം ഏട്ടന്‍ ഐ സി യു വില്‍ കിടന്നു. കൈകുഞ്ഞുമായി ഞാന്‍ കൂട്ടിരുന്നു. പക്ഷേ ദൈവം ഞങ്ങളെ കൈവിട്ടില്ല. എല്ലാം പതിയെ ശരിയായി വന്നു. കുഞ്ഞിന് തൂക്കം കൂടി. ഏട്ടന്റെ പരിക്കുകള്‍ ഭേദമായി. എല്ലാം ദൈവത്തിന്റെ കരുണ.’

ചാര്‍ലി ചാപ്ലിന്‍ പറഞ്ഞതുപോലെ എപ്പോഴും പുഞ്ചിരിക്കുന്നവരുടെയും ചിരിപ്പിക്കുന്നവരുടെയും മനസ്സുകളില്‍ നെരിപ്പോടുകള്‍ ഉണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top