Viral

ലെഗ്ഗിങ്ങ്സിനെ കുറിച്ച് എഴുതിയ വിവാദ ലേഖനം; 23 വയസ്സില്‍ എഴുതിയതിനെ 31 വയസ്സില്‍ തിരുത്തി ലക്ഷ്മിബായി തമ്പുരാട്ടി

ലോകപരിചയവും പക്വതയും എത്തുമ്പോള്‍ ചെയ്തു പോയ പല കാര്യങ്ങളെ കുറിച്ച് നമുക്ക് കുറ്റബോധവും ചളുപ്പും തോന്നാം. പക്ഷെ പലരും അവ തുറന്നു പറയാറില്ല. എന്നാല്‍ ഇന്നലെ കവയത്രിയും, സാമൂഹിക വിമര്‍ശകയും, ക്ലാസ്സിക്കല്‍ നര്‍ത്തകിയുമായ ലക്ഷ്മിഭായി തമ്പുരാട്ടി. താന്‍ തന്റെ 23-ാം വയസ്സില്‍ ലെഗ്ഗിങ്ങ്സ് ധരിക്കുന്നവരെ നിശിതമായി വിമര്‍ശിച്ച ലേഖനമാണ് ലക്ഷ്മിഭായി തമ്പുരാട്ടി ഇപ്പോള്‍ തിരുത്തുന്നത്. തന്റെ അപക്വതയും, ലോകപരിചയ കുറവുമാണ് ആ ലേഖനത്തില്‍ പ്രതിഫലിച്ചതെന്ന് അവര്‍ തുറന്നു പറഞ്ഞു.

ലക്ഷ്മിഭായി തമ്പുരാട്ടിയുടെ കുറിപ്പിന്റെ ആദ്യ ഭാഗം ഇങ്ങനെ :

‘ലെഗ്ഗിങ്ങ്സിനെ പറ്റി വീണ്ടും,

ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ, വേണ്ടയോ എന്ന് ഞാന്‍ പല തവണ ആലോചിച്ചു നോക്കി. ഗുരുസ്ഥാനത്ത് നില്‍ക്കുന്ന പലരോടും ചര്‍ച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. ഇനി വിഷയത്തിലേക്ക് വരാം.

കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാര്‍ത്ഥിനി ഞാന്‍ 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗ്ഗിങ്ങ്സിനെപറ്റി ആയിരുന്നു ആ ലേഖനം. എനിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ആദ്യം തന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാന്‍ കൊടുത്തതല്ല. ലേഖനം അച്ചടിച്ചു വന്നപ്പോള്‍ മുതല്‍ ആ തലക്കെട്ട് എന്നെ ഉമിത്തീയില്‍ ഇട്ട് നീറ്റി. സ്ത്രീകള്‍ ലെഗ്ഗിങ്ങ്സ് ധരിക്കുന്നതിന് എതിരെ നിശിതമായ വിമര്‍ശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോള്‍ എനിക്ക് പ്രായം 23 വയസ്സായിരുന്നു. സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നില്ല. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും, തികഞ്ഞ പിന്തിരിപ്പന്‍ സ്വഭാവവുമുള്ള ഒരു കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട്, ഇന്നത്തെ നിലയില്‍ സ്ത്രീവിരുദ്ധം എന്ന് കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഓരോ വരിയെയും, വാക്കിനെയും തുറന്ന മനസ്സോടെ ഞാന്‍ ഈ കുറിപ്പിലൂടേ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഇത് ഞാന്‍ വളരെ മുന്‍പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ട് ഇരിക്കുന്ന ലേഖന സമാഹാരത്തില്‍ നിന്നും ആദ്യം ഒഴിവാക്കിയതും ഇതേ ലേഖനമാണ്. പുസ്തകത്തിന്റെ മുഖവുരയില്‍ പ്രസ്തുത ലേഖനം എഴുതിയപ്പോള്‍ ആശയപരമായും, വീക്ഷണപരമായും വന്ന പിഴവുകളെപ്പറ്റി ഏറ്റുപറയാനും ഞാന്‍ ഉദ്ദേശിച്ചിരുന്നു. കാരണം ഒരു 23കാരിയില്‍ നിന്ന് 31കാരിയിലേക്ക് മാറുമ്പോള്‍, ഒരു വിദ്ധ്യാര്‍ത്ഥിനിയില്‍ നിന്ന് അദ്ധ്യാപികയിലേക്ക് മാറുമ്പോള്‍, ഈ പഴയ ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വേദനയും ബാധ്യതയുമാണ്. അതില്‍ നിന്നും ഒരു മോചനം എനിക്കും വേണ്ടതായിട്ടുണ്ട്.’

കുറിപ്പിന്റെ പൂര്‍ണ്ണരൂപത്തിനായി https://m.facebook.com/story.php?story_fbid=602077627400893&id=100027959841304&sfnsn=wiwspmo&extid=ZYw3zGT5EodK6OVq ഈ ലിങ്ക് സന്ദര്‍ശിക്കുക.

Most Popular

To Top