യൗവനത്തില്‍ ഏതൊരാള്‍ക്കും വരാന്‍ പോകുന്ന ജീവിതപങ്കാളിയെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ ഉണ്ടാകും. കുഞ്ചാക്കൊ ബോബനും ഉണ്ടായിരുന്നു അങ്ങനെ ചില സ്വപ്നങ്ങള്‍. നീണ്ട മുടി വേണം, വലിയ കണ്ണുകളായിരിക്കണം, ഒരു ശാലീനസുന്ദരി തന്നെയാകണം, രാവിലെ ഉണര്‍ത്താന്‍ ചായയുമായി വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടി തരണം എന്നൊക്കെ ഒരു ‘പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന…’ ശൈലിയില്‍ ഉള്ള ഒരു പ്രതീക്ഷ. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ച പ്രിയയുടെ കാര്യമോ! നീണ്ട മുടിയില്ലാത്ത, ചായ ഇടാന്‍ അറിയാത്ത, പാട്ട് പാടിയാല്‍ ഡൈവോഴ്സ് ചെയ്യാന്‍ പോലും തോന്നിക്കുന്ന യാഥാര്‍ത്ഥ ലോകത്ത് ജീവിക്കുന്ന ഒരു പെണ്ണ്. എന്നാല്‍ അതെല്ലാം ആണെങ്കിലും തന്റെ പ്രതീക്ഷകള്‍ക്ക് പ്രായോഗികതയൊന്നും ഇല്ലെന്ന് പ്രിയ മനസ്സിലാക്കി തന്നെന്ന് കുഞ്ചാക്കൊ ബോബണ്‍ തുറന്നു പറയുന്നു.
വിവാഹം കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് ഒരു കുഞ്ഞിനെ കിട്ടിയത്; ഇസ്സുവെന്നും ചോട്ടുവെന്നും അവര്‍ വിളിക്കുന്ന ഇസഹാക്ക്. ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇതെല്ലാം തുറന്നു പറഞ്ഞത്. ഒരു ഓട്ടോഗ്രാഫിനായി വന്ന പ്രിയയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെക്കുറിച്ച് നടന് മുമ്പ് പറഞ്ഞിട്ടുണ്ട്.
കുഞ്ഞ് പിറന്നപ്പോള്‍ സന്തോഷത്തെക്കാളേറെ സാമാധാനമാണ് തോന്നിയതെന്ന് കുഞ്ചാക്കൊ ബോബന് തുറന്നു പറഞ്ഞു. അത്രമാത്രം അവര്‍, പ്രത്യേകിച്ച് സ്ത്രീയെന്ന നിലയില്‍ പ്രിയ അനുഭവിച്ചിരുന്നുവെന്ന് നടന് വെളിപ്പെടുത്തി. പ്രിയയ്ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നുവത്രെ ആഗ്രഹം. ഇപ്പോള്‍ ഇടയ്ക്ക് ആഗ്രഹം തോന്നുമ്പോള്‍ പ്രിയ ഇസ്സയ്ക്ക് പൊട്ടു കുത്തി കൊടുക്കാറുണ്ടെന്നും കുഞ്ചാക്കൊ ബോബന് പറഞ്ഞു. കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞുങ്ങളില്ലാത്ത പലരും തന്നെ വിളിച്ചിരുന്നു. വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ആയില്ലെങ്കില്‍ എല്ലാ കുടുംബങ്ങളിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകും എന്ന് നടന് പറഞ്ഞു. യു എസിലെ ഒരു ഡോക്ടര്‍ സഹോദരിയ്ക്കായി തന്റെ ഡോക്ടറുടെ നമ്പര്‍ ചോദിച്ചുവെന്നും പിന്നീട് സഹോദരി ഗര്‍ഭിണിയാണെന്ന് അറിയിച്ചുവെന്നും കുഞ്ചാക്കൊ ബോബന് ഓര്‍മ്മിച്ചു.
പിതാവെന്ന നിലയില്‍ ഉറക്കവും വിശ്രമവുമൊക്കെ ഇപ്പോള്‍ ചോട്ടുവിന്റെ കൈയിലാണെന്നും കുഞ്ഞ് ഒന്ന് അനങ്ങിയാല്‍ താന്‍ ഉണരുമെന്നും നടന് പറഞ്ഞു. അതൊക്കെ ആസ്വദിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
