തെലുങ്ക് ചിത്രം ഹലോയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച യുവനടിയാണ് കല്ല്യാണി പ്രിയദര്ശന്. സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകള്‍ കല്ല്യാണി വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന് അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിലും എത്തി. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയമാണ് കല്ല്യാണിയുടെ പുതിയ മലയാള ചലച്ചിത്രം. ഹൃദയത്തിന്റെ വിശേഷങ്ങള്‍ ഒരു പ്രമുഖ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ കല്ല്യാണി പങ്കുവെച്ചത് ഇങ്ങനെ.
‘വിനീതേട്ടനെപോലെ ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറെ കണ്ടിട്ടില്ല. സംസാരിക്കുമ്പോള്‍ പോലും എത്ര ശാന്തനാണെന്നോ! കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറേ പേരുടെ റീയൂണിയനാണ് ഹൃദയം. അതുകൊണ്ടാകും, ഭയങ്കര റിലാക്സ്ഡാണ്. ഇത്രയും നാള് കണ്ടിട്ടുള്ള രീതികളേ ഇല്ല. ചിത്രത്തിന്റെ സ്റ്റില്‍ ഷൂട്ടിങ്ങ് മൂന്നാറിലെ കോട്ടഗുഡിയില്‍ ആയിരുന്നു. കൊച്ചിയില്‍ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാം മൂന്നാറിലേക്ക് പോയത്. വിനീതേട്ടനും അപ്പുവും (പ്രണവ് മോഹന്‍ലാല്‍) അടക്കം പത്തിരുപതു പേര്. അവിടെ ടെന്റിലാണ് താമസം. അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നതു തന്നെ. അത് തന്നെ സെറ്റ് ചെയ്തു, അതിലായിരുന്നു കക്ഷിയുടെ താമസം.
സൂര്യോദയത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ ചെയ്ത ഫോട്ടോ ഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രെക്കിങ്ങ് തുടങ്ങി. നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റമൊക്കെ അപ്പു ഒറ്റ പോക്കില്‍ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളിലെത്തിയത്. മനോഹരമായ ഫോട്ടോ കണ്ടപ്പോള്‍ ആ ക്ഷീണമെല്ലാം പമ്പ കടന്നു.’ കല്ല്യാണി വിവരിച്ചു.
