Viral

‘സ്വന്തം ചേച്ചി ഈ തരത്തില്‍ ഒരു ചതി കാണിക്കുമെന്ന് മനസ്സില്‍ കൂടി ആലോചിച്ചിട്ടില്ല’ അനുജത്തി പറഞ്ഞു ; കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വൈറല്‍

അവിഹിത ബന്ധങ്ങളാണ് പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണം. ചെറിയ ഒരു വീഴ്ച്ച വലിയ തകര്‍ച്ചയ്ക്ക് വഴിവെക്കുന്ന അത്തരം പല സംഭവങ്ങളും സമൂഹത്തില്‍ സംഭവിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇപ്പോള്‍ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ കല ചേച്ചിയ്ക്ക് അനുജത്തിയുടെ ഭര്‍ത്താവുമായി അവിഹിതം ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് വിവരിച്ചത് ജനശ്രദ്ധ ആകര്‍ഷിക്കുകയാണ്.

കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ഇങ്ങനെ : ‘സ്ത്രീകള്‍ മത്സരിക്കുമ്പോള്‍ സൂക്ഷിക്കണം. അവിടെ മനുഷ്യത്വം പമ്പ കടക്കും. പ്രത്യേകിച്ച് ഒരേ പുരുഷന് വേണ്ടി ആണെങ്കില്‍ …

‘ചേച്ചിയുടെ ഭര്‍ത്താവ് മരിച്ചു. അഞ്ചു വര്‍ഷത്തോളം ആയി.. പ്രായമായ അമ്മയ്ക്ക് അതിനെ കുറിച്ചുള്ള വേവലാതിയാണ്. ഇപ്പോള്‍ ഒരു വിവാഹം വന്നിട്ടുണ്ട്. ചേച്ചി സമ്മതിക്കുന്നില്ല.’ സഹോദരിയെ കുറിച്ചുള്ള ഉത്കണ്ഠ, കുടുംബത്തിന്റെ നിലനില്‍പ്പ്, അമ്മയുടെ അവസ്ഥ… ഒക്കെ നിഴലിക്കുന്ന വാക്കുകള്‍.

‘വിവാഹം എന്നത് അവനവന്റെ ആവശ്യമല്ലേ? അതിനു നിര്‍ബന്ധിക്കുന്നത് ശരിയല്ല.’ ഞാന്‍ തറ തട്ടെ നിന്നിട്ടും കൊച്ചുകുട്ടിയെപോലെ വാശി പിടിച്ച് അവള്‍ സമ്മതിപ്പിച്ചു. എനിക്ക് വേണ്ടപ്പെട്ട ഒരു ആളുടെ ശുപാര്‍ശയാണ്. ഒഴിയാനും വയ്യ. ‘കാര്യം പറയാം. നിര്‍ബന്ധിക്കാന്‍ പറ്റില്ല. ഇത് ഒന്നും എന്റെ ജോലി അല്ല.’ കര്‍ശനമായി ഞാന്‍ പറഞ്ഞു.

അവര്‍ എത്തി. പ്രതീക്ഷിക്കാത്ത രണ്ടു പേര്‍ കൂടി. ഒന്ന്, അനിയത്തിയുടെ ഭര്‍ത്താവ്. രണ്ട്, വിധവയായ ചേച്ചിയെ വിവാഹം കഴിക്കാന്‍ ഒരുപാട് താത്പര്യത്തോടെ എത്തിയ ആള്‍.

ചേച്ചി ഒരുതരം നിര്‍വികാരത മുഖത്തിട്ട് മുന്നില്‍ ഇരുന്നു. ‘ആദ്യ വിവാഹം സന്തോഷമായി കഴിഞ്ഞതാണ്. വിധി ഇങ്ങനെ ഒക്കെ ആക്കി. ഇനി ഒരു പരീക്ഷണം വയ്യ. ഇനി ഒരാളെ കൂടി കൊല്ലണോ? ചൊവ്വാ ദോഷം ഇനിയും ഒരാളില്‍ പരീക്ഷിക്കാന്‍ വയ്യ. ജോലി ഉണ്ടല്ലോ. ഇങ്ങനെ അങ്ങ് പോകും.’

‘എന്നെ നിര്‍ബന്ധിക്കേണ്ട’ എന്ന ധ്വനി ആദ്യമേ തന്നു. ‘എനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ടമായി. ഞാന്‍ കാത്തിരുന്നോളാം. എനിക്ക് ജാതകത്തില്‍ ഒന്നും വിശ്വാസമില്ല.’

കറുപ്പെങ്കിലും ആ മനുഷ്യന് വല്ലാത്ത ഒരു ഐശ്വര്യം ഉണ്ടായിരുന്നു. മനസ്സിന്റെ നൈര്‍മല്യം സ്ഫുരിക്കുന്ന വാക്കുകള്‍. അങ്ങനെ തോന്നി.

അനിയത്തി പറയുന്നത് അമ്മയുടെ അവസ്ഥയാണ്. കരച്ചിലും പറച്ചിലും. ആകെ ബഹളം..

അനിയത്തിയും ചേച്ചിയും മാത്രമായി സംസാരം. മറ്റു രണ്ടുപേര്‍ പുറത്ത് പോയി ഇരുന്നു.

അദ്ധ്യാപിക ആണ് അനിയത്തി. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഉണ്ട്. അവരുടെ കാര്യം നോക്കണം. ഇടയ്ക്ക് ഓടി സ്വന്തം വീട്ടിലും വരണം. ചേച്ചി വിവാഹം കഴിച്ചു അവിടെ താമസമായാല്‍ അത് അമ്മയ്ക്ക് ഒരു അനുഗ്രഹം ആണ്. എന്തിനാണ് ഇത്ര ദൂരെ ജോലിസ്ഥലത്ത് ഒറ്റയ്ക്ക് താമസം? ഒടുവില്‍ ചേച്ചി ഒരു കരയ്ക്ക് അടുത്തു. അനിയത്തിയോട് സമ്മതിച്ചു. പക്ഷെ എനിക്ക് എന്തോ ആ നിമിഷം തോന്നി, ‘ഇവര്‍ സമ്മതിക്കില്ല, ഒരിക്കലും. മറ്റ് എന്തോ കാരണം ഇതിന് പിന്നില്‍ ഉണ്ടെ’ന്ന്. തത്കാലം രക്ഷപെടാനാണ് ഇത് എന്ന്.

ചേച്ചിയെ കെട്ടാന്‍ ആഗ്രഹം പറഞ്ഞ ആളും അനിയത്തിയുടെ ഭര്‍ത്താവും അകത്തേക്ക് എത്തി. ചേച്ചി സമ്മതിച്ച വിവരം അറിഞ്ഞ അനിയത്തിയുടെ ഭര്‍ത്താവ് പെട്ടെന്ന് തന്നെ പ്രതികരിച്ചു. ‘വെറുതെ അടിച്ചേല്‍പ്പിക്കേണ്ട ഒന്ന് അല്ല വിവാഹം.’ അയാളുടെ വാക്കുകളിലെ അമര്‍ഷം, ചേച്ചിയോടുള്ള പരിഗണന… ഒക്കെ നിറഞ്ഞ കള്ളത്തരത്തിന്റെ ചുരുള്‍ അഴിച്ചു. അനിയത്തിയുടെ മുഖത്തേക്ക് നോക്കി. ആ തല കുനിഞ്ഞു. ഗൂഢമായ ഒരു മന്ദഹാസത്തോടെ ചേച്ചി പുറത്തേക്കും പോയി.

‘ഏകദേശം കാര്യങ്ങള്‍ മനസ്സിലായില്ലേ? എന്റെ ജീവിതമാണ്. പ്രേമവിവാഹം ആയിരുന്നു. സ്വന്തം ചേച്ചി ഇത്തരത്തില്‍ ഒരു ചതി കാണിക്കുമെന്ന് മനസ്സില്‍ കൂടി ആലോചിച്ചിട്ടില്ല. അമ്മ അറിഞ്ഞാല്‍ അപ്പോള്‍ മരിച്ചു വീഴും. അത് മാത്രമല്ല. എന്റെ രണ്ടു പിള്ളേരുടെ ഭാവി. അതില്‍ എല്ലാം ഉപരി എനിക്ക് ഇത് സഹിക്കാന്‍ വയ്യ.’

ശബ്ദം പുറത്തു വരാതെ കരയുന്ന ഒരും പാവം! അന്യസ്ത്രീ അല്ല ; സ്വന്തം രക്തമാണ്. അത് സഹിക്കാന്‍ പറ്റുന്നില്ല. താന്‍ സ്നേഹിക്കുന്ന പുരുഷന്റെ, തന്റെ ആണിന്റെ, നിഴലില്‍ പോലും മറ്റ് ഒരു സ്ത്രീയെ സഹിക്കില്ല. എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാതെ പിരിഞ്ഞ ഒരു സംഭവം.

ഇടയ്ക്ക് ഓര്‍ത്തിട്ടുണ്ട്. എന്തിന് ഇവരെ സഹിക്കുന്നുവെന്ന് അനിയത്തിയോട് ചോദിക്കണമായിരുന്നു. പുകഞ്ഞ കൊള്ളി പുറത്തല്ലേ? ഇനി അവന്‍ അങ്ങ് പുണ്യാളന്‍ ചമഞ്ഞാലും വിശ്വസിക്കാമോ? അങ്ങനെ പലതും മനസ്സിലൂടെ പോയിട്ടുണ്ട്.

നാളുകള്‍ ഏറെയായി. ഇന്ന് ഞാന്‍ ആ കുടുംബത്തിനെ കണ്ടു. അനിയത്തിയും ഭര്‍ത്താവും രണ്ട് മിടുക്കന്‍ പിള്ളേരും.. സന്തോഷത്തോടെ, സംതൃപ്തിയുടെ മുഖത്തോടെ അവള്‍ ഓടി വന്നു. കൈ പിടിച്ചു. ചമ്മിയ മുഖം മാറ്റി ഭര്‍ത്താവ് ദൂരത്തേയ്ക്ക് നോട്ടം പായിച്ചു. ‘ഞാന്‍ ജയിച്ചു!’ ആ വാക്കില്‍ എല്ലാം ഉണ്ട്. എങ്ങനെ, എന്തു സംഭവിച്ചു എന്ന് ഒന്നും ചോദിച്ചില്ല. ആ കുട്ടി അത്ര ആഴത്തില്‍ ആഗ്രഹിച്ചിരുന്നു ; തന്റെ ഭര്‍ത്താവ് തന്നിലേക്ക് മടങ്ങി വരണമെന്ന്. അതാകും. ശക്തമായി ആഗ്രഹിക്കുന്നത് കിട്ടും. പക്ഷെ ആ മനസ്സ് സാധാരണ സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന് ആണ് സംശയം. സ്വന്തം രക്തത്തിനാല്‍ ചതിക്കപ്പെട്ടാല്‍, ആ വഞ്ചന അറിഞ്ഞാല്‍ എത്ര ശതമാനം സ്ത്രീകള്‍ കഴിഞ്ഞത് ഒക്കെ മറന്നു ജീവിതത്തെ ചേര്‍ത്ത് വെയ്ക്കാന്‍ ശ്രമിക്കും? അറിയില്ല.

എണ്‍പതാം വയസ്സിലും തന്റെ സഹോദരിയോട് പിണങ്ങി ഇരിക്കുന്ന ഒരു സ്ത്രീയെ അറിയാം. അവര്‍ക്ക് ഇടയിലെ കരടായിരുന്ന ചേച്ചിയുടെ ഭര്‍ത്താവ് മരണപ്പെട്ടിട്ടും ഇന്നും സഹോദരിയോട് അവര്‍ പൊറുത്തിട്ടില്ല. ഭര്‍ത്താവിനോട് പൊറുത്തു. കൂടെ ജീവിച്ചു. എന്നിട്ടും സഹോദരിയോട് മരണത്തിന് അപ്പുറവും മാപ്പ് ഇല്ല. മറ്റൊരുവളില്‍ നിന്നോ ഒരുവനില്‍ നിന്നോ ഉള്ള ചതി പോലെ ഇത് പൊറുക്കില്ല എന്ന് പല കേസുകളിലും തോന്നാറുണ്ട്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top