ഇഷ്ട നമ്പറുകള്‍ ഭാഗ്യ നമ്പറുകള്‍ ആക്കുന്നതും അത് ജീവിതത്തിന്റെ തന്നെ ഭാഗമാക്കുന്നതും സിനിമയിലെ പ്രവണതയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ‘369’നോടും സമ്പൂര്ണ്ണനടന് മോഹന്‍ലാലിന് ‘1122’ നോടും ഉള്ള അഭിനിവേശം പ്രേക്ഷകര്‍ക്ക് സുപരിചിതമൊണ്. 369 മമ്മൂട്ടിയുടെ പെട്ടിയുടെ നമ്പര്‍ ലോക്കും 1122 മോഹന്‍ലാലിന്റെ ‘രാജാവിന്റെ മകന്’ എന്ന ചിത്രത്തിലെ ഫോണ്‍നമ്പറുമാണ്. അങ്ങനെയാണ് അവ ഈ സൂപ്പര്‍ താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. അവരുടെ വണ്ടി നമ്പറുകളിലും ഈ സംഖ്യയുണ്ട്.
എന്നാല്‍ ‘1122’ പ്രിയപ്പെട്ട നമ്പറായ, വാഹനങ്ങളുടെ നമ്പറായ ഒരു താരം കൂടിയുണ്ട് മലയാള സിനിമയ്ക്ക്. അതാണ് ജയസൂര്യ. എന്നാല്‍ അതിന് പിന്നില്‍ ബുദ്ധിമുട്ടുകളുടെ വിയര്പ്പുരസമാണ്. രണ്ടു വര്‍ഷം മുമ്പ് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ ജയസൂര്യ ഇതിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.
ജയസൂര്യയുടെ വാക്കുകളിലേക്ക്, ‘ഞാന്‍ പണ്ട് സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122. കോട്ടയം നസീറിന്റെ ട്രൂപ്പില്‍ ഞാന്‍ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്ക്കൊണ്ടിരുന്ന വണ്ടിയുടെ നമ്പറായിരുന്നു അത്.
രണ്ടര വര്‍ഷം കോട്ടയം സ്റ്റാന്‍ഡില്‍ ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. പ്രോഗ്രാം കഴിഞ്ഞ് രാത്രി വൈകി തിരിച്ചെത്തി കോട്ടയം ബസ്റ്റാന്‍ഡില്‍ കിടന്നുറങ്ങി വെളുപ്പിനെ 5.55 നുള്ള ബസിലാണ് എറണാകുളത്തേക്ക് പോയ്ക്കൊണ്ടിരുന്നത്. ആ ബസിന്റെ നമ്പറായിരുന്നു 1122. സിനിമയിലെത്തിയ ശേഷം സ്വന്തമാക്കിയ വണ്ടിക്കെല്ലാം ആ നമ്പര്‍ തന്നെയായിരുന്നു.’
