ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നട ബിഗ്ഗ് ബോസ്സ് താരം ജയശ്രീ റഹ്മാനിയ തന്റെ ഫേസ്ബുക്ക് പേജില്‍ ആത്മഹത്യ പോസ്റ്റുമായി എത്തിയത്. വിഷാദ രോഗത്തിന് അടിമപ്പെട്ടു പോയി എന്നും, താന്‍ പിന്‍വാങ്ങുകയാണെന്നും ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിമിഷങ്ങള്‍ക്കകം ആ പോസ്റ്റ് പിന്‍വലിക്കുകയും, താന്‍ സുരക്ഷിതയായിരിക്കുന്നു എന്ന് നടി പോസ്റ്റു ചെയ്യുകയും ചെയ്തു. അതോടെ പ്രശ്നം ‘സോള്‍വാ’യി എന്നാണ് ആരാധകര്‍ കരുതിയത്.
എന്നാല്‍ ആ തോന്നല്‍ തെറ്റായിരുന്നു. തന്നെ ദയാവധത്തിന് വിധേയയാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് താരം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് ഈ വിഷാദത്തോട് പൊരുതി നില്ക്കാന് കഴിയുന്നില്ല എന്നാണ് താരം പറയുന്നത്.
പബ്ലിസിറ്റിക്ക് വേണ്ടി ജീവന് വെച്ച് കളിക്കരുത് എന്ന വിമര്‍ശനം നടിയ്ക്ക് എതിരെ ഉയരുന്നുണ്ട്. എന്നാല്‍ തനിക്ക് നല്ല സാമ്പത്തിക ഭദ്രത ഉണ്ടെന്നും, പബ്ലിസിറ്റിക്കോ, പണത്തിനോ വേണ്ടിയല്ല ഇങ്ങനെ പറയുന്നതെന്നും നടി വിശദമാക്കി.
ജയശ്രീ റഹ്മാനിയയുടെ വാക്കുകളിലേക്ക്,
‘സാമ്പത്തികമായി എനിക്ക് ഒരു പ്രശ്നവുമില്ല. വ്യക്തിപരമായി പല പ്രശ്നങ്ങള്‍ക്കും നടുവിലാണ്. കുട്ടിക്കാലം മുതലേ അനുഭവിക്കുന്നു. ഇനിയും എനിക്ക് ഇത് തുടരാന്‍ കഴിയില്ല. ജീവിതം മടുത്തു. ദയവ് ചെയ്ത് എന്നെ ദയാവധത്തിന് വിധിക്കണം.
ഞാന്‍ ആരില്‍ നിന്നും സാമ്പത്തികമായ സഹായം പ്രതീക്ഷിക്കുന്നില്ല. എന്നെക്കൊണ്ട് ഇല്ലാത്തത് പറഞ്ഞ് കൊല്ലാതെ കൊല്ലുന്നത് നിര്‍ത്തൂ. ഞാന്‍ എല്ലാം നഷ്ടപ്പെട്ടവളാണ്. എന്നെ കൊന്നു തരിക അല്ലാതെ മറ്റൊന്നിനും ഞാന്‍ ആവശ്യപ്പെടുന്നില്ല. പ്ലീസ്.. പ്ലീസ്… എന്നെ കൊന്നു തരൂ.’
ജയശ്രീ റഹ്മാനിയ മോഡലിങ്ങിലൂടെയാണ് വെള്ളിവെളിച്ചത്തില്‍ എത്തിയത്. ഇമ്രാന് സര്‍ദാരിയ നായകനായി എത്തിയ ‘ഉപ്പു ഹുളി കാര’യാണ് ആദ്യ ചിത്രം. പക്ഷെ, സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കന്നട ബിഗ്ഗ് ബോസ്സ് 3യിലൂടെയാണ് നടി പരിചിതയായി തുടങ്ങിയത്. കഴിഞ്ഞ കുറച്ചു നാളൂകളായി ജയശ്രീ വിഷാദരോഗത്തിന് അടിമയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
