Entertainment

പ്രതിസന്ധികളില്‍ തളരാതെ കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയ പ്ലസ്ടുക്കാരന് മിന്നും ജയം; ഇത് കഥയല്ല ജയസൂര്യയുടെ ജീവിതമാണ്

പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട കുതിക്കുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. ഇത് പ്രാവര്‍ത്തികമാക്കിയവര്‍ക്കേ ജീവിതമുള്ളൂ. അത്തരത്തില്‍ പ്രതിസന്ധിയോട് പടപൊരുതി വിജയിയായ ഒരു മിടുക്കനുണ്ട് അങ്ങ് കോട്ടക്കലില്‍. വാര്‍ക്കപണിക്ക് പോയി കുടുംബം നോക്കിയിരുന്ന ഒരു പ്ലസ്ടുക്കാരന്‍ ഇത്തവണത്തെ പരീക്ഷയില്‍ മിന്നും ജയമാണ് കരസ്ഥമാക്കിയത്.

കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ജയസൂര്യ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചാണ് പറഞ്ഞത്. പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ജയസൂര്യ എന്ന മിടുക്കന്‍ പോരാടിയത്. വിധി വില്ലനായപ്പോള്‍ അവന്‍ തളര്‍ന്നില്ല, പോരാടി.

അപകടത്തില്‍ പരിക്കേറ്റ് 17 വര്‍ഷമായി എണീക്കാന്‍ വയ്യാതെ കിടക്കയില്‍ കിടക്കുന്ന അച്ഛന്‍ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം സ്‌കൂളിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് ജയസൂര്യ താമസിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെയെത്തിയതാണ് ഈ കുടുംബം. അച്ഛന്‍ കിടക്കയിലായ ശേഷം അമ്മ ആക്രി പെറുക്കി വിറ്റ് ജീവിക്കാന്‍ തുടങ്ങി. അതൊന്നിനും തികയില്ലായെന്നറിഞ്ഞതോടെ ജയസൂര്യയും പണിക്കിറങ്ങി. അവധി ദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും.

സ്‌കൂളില്‍ പോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. എട്ടുമുതല്‍ രാജാസില്‍ ആയിരുന്നു ജയസൂര്യ പഠിച്ചത്. പ്ലസ്ടുവിന് കൊമേഴ്സാണ് ജയസൂര്യ എടുത്തത്. ജയസൂര്യയുടെ കഷ്ടപ്പാടിന് ദൈവം നല്‍കിയ വിജയത്തെക്കുറിച്ച് അവന്റെ കൂട്ടുകാരാണ് വിളിച്ചറിയിച്ചത് ‘ഡാ, റിസല്‍ട്ട് വന്നു.. നിനക്ക് ഫുള്‍ എ പ്ലസ്സുണ്ടെടാ…’, കൂട്ടുകാരന്റെ ഈ ഫോണ്‍കോള്‍ വരുമ്പോള്‍ ജയസൂര്യ മാറാക്കരയിലെ ഒരു പണിസ്ഥലത്തായിരുന്നത്രേ. മാതൃഭൂമിയാണ് ഈ നല്ല വാര്‍ത്ത പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്.

എന്തായാലും ജയസൂര്യയ്ക്കും അമ്മയ്ക്കും അച്ഛനും അവന്റെ കൂട്ടുകാര്‍ക്കും ടീച്ചര്‍മാര്‍ക്കും വലിയ സന്തോഷമാണ് ഇപ്പോള്‍. പഠിച്ച് ഒര കോളേജ് അധ്യാപകനാകണമെന്നാണ് ജയസൂര്യയുടെ ആഗ്രഹം. അവനതിന് സാധിക്കട്ടെ. അതിന് സുമനസുകള്‍ സഹായിക്കട്ടെ. അങ്ങനെ അവന്റെ അമ്മയ്ക്കും അച്ഛനും താങ്ങും തണലുമാവാന്‍ അനു സാധിക്കട്ടെ.

Most Popular

To Top