സണ്ണി വെയ്നും ‘അനുഗ്രഹീതന്‍ ആന്റണി’ സിനിമ ടീമും യുവനടി ഗൗരി കിഷന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് രംഗത്തെത്തി. ഷൂട്ടിങ്ങിനിടെ ഒപ്പിയെടുത്ത മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് പിറന്നാള്‍ സമ്മാനമായി സണ്ണി പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ ‘താങ്ക് യൂ സോ മച്ച്, സണ്ണിച്ചാ’ എന്ന മറുപടിയും ഗൗരി നല്കി.
ഗൗരി ആദ്യമായി നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്യ എന്റര്ടേയ്ന്മെന്റ്സിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വമ്പന്‍ ഹിറ്റായി തീര്‍ന്ന ’96’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ഗൗരി. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. വിജയ് ചിത്രം ‘മാസ്റ്റര്‍’ ആണ് ഗൗരിയുടേതായി റിലീസിന് ഒരുങ്ങുന്നത്. വിക്രത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ‘കര്‍ണ്ണനി’ലും ഗൗരി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
’96’-ിനു ശേഷം മലയാളം സിനിമകളായ ‘മാര്‍ഗ്ഗംകളി’, ‘ഹായ് ഹലോ കാതല്‍’ എന്നീ ചിത്രങ്ങളിലും, ‘ജാനു’ എന്ന 96-ിന്റെ തെലുങ്ക് റീമേക്കിലും ഗൗരി അഭിനയിച്ചിരുന്നു.
’96’-ിന് ബെസ്റ്റ് ഡെബ്യു ആക്ടര്‍ ഫീമേയിലിന്റെ ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സ് അവാര്‍ഡ് നേടിയ ഗൗരിക്ക്, അതേ ചിത്രത്തിന്, എഡിസണ് അവാര്ഡ്സിലും, 8-ാമത്തെ സൈമ അവാര്ഡ്സിലും ബെസ്റ്റ് ഡെബ്യു ആക്ടറസിന് നോമിനേഷന് ലഭിച്ചിരുന്നു.
