National News

പ്രവാസികളെ തിരിച്ച് എത്തിക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ തയ്യാര്‍! ലക്ഷങ്ങള്‍ കാത്തിരിക്കുന്നു!

ദില്ലി : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടക്കം ലക്ഷകണക്കിന് ഇന്ത്യക്കാരാണ് മടങ്ങി വരാനായി കാത്തിരിക്കുന്നത്. കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ തന്നെയുണ്ട് ലക്ഷങ്ങള്‍. നോര്‍ക്ക റൂട്ടസ് ഏര്‍പ്പെടുത്തിയ വെബ്സൈറ്റില്‍ 3 ലക്ഷത്തിനെക്കാള്‍ പേര്‍ ഇതുവരെ റെജിസ്റ്റര്‍ ചെയ്തു.

രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടി. ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഈ സാഹചര്യത്തില്‍ പുനഃരാരംഭിക്കുന്നില്ല. പ്രത്യേക വിമാനങ്ങളിലും കപ്പല്‍ മാര്‍ഗ്ഗത്തിലും പ്രവാസികളെ തിരികെ എത്തിക്കാനുള്ള ആലോചനകള്‍ നടന്നു വരുന്നു. നാവിക സേന കപ്പലുകള്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രവാസികളെ തിരിച്ച് എത്തിക്കുന്നതിനുള്ള നടപടികള്‍ നാവിക – വ്യോമ സേനകളും എയര്‍ ഇന്ത്യയും സംയുക്തമായാണ് എടുക്കുക.

പ്രവാസികളുടെ പ്രതിഷേധം

നേരത്തേ യു എ ഇ അടക്കം കോവിഡിന്റെ ഈ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാതെ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ആകില്ല എന്നായിരുന്നു. പ്രവാസ ലോകത്തു നിന്ന് നാട്ടിലേക്ക് തിരിച്ച് എത്തിക്കാന്‍ ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയര്‍ന്നു.

312 വിമാന സര്‍വ്വീസുകള്‍

യു എ ഇയില്‍ നിന്ന് പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ മറ്റ് വിദേശ രാജ്യങ്ങള്‍ ഇതുവരെ 312 വിമാന സര്‍വ്വീസുകളാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരികെ എത്തിച്ചു. ഇതിനായി 54 എയര്‍ലൈന്‍ സ്ഥാപനങ്ങള്‍ സര്‍വ്വീസ് നടത്തി. പാക്കിസ്ഥാന്‍ മാത്രം 2130 പേരെയാണ് തിരികെ എത്തിച്ചത്‌. അതിനായി അവര്‍ 10 സര്‍വ്വീസുകള്‍ നടത്തി.

മടക്കം രണ്ടു ഘട്ടങ്ങളിലായി

വിവിധ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് നേരത്തേ അറിയിച്ചിരുന്നു. സര്‍വ്വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചത് എയര്‍ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ കമ്പനികളാണ്. വൃദ്ധരും, ഗര്‍ഭിണികളും, രോഗികളും അടക്കം നാട്ടിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ്. കേന്ദ്രം പ്രവാസികളെ രണ്ട് ഘട്ടങ്ങളിലായി മടക്കി എത്തിക്കാനാണ് ആലോചിക്കുന്നത്.

വിവരശേഖരണം

ആദ്യഘട്ടത്തില്‍ ഗള്‍ഫ്, യൂറോപ്പ് അടക്കമുളള മേഖലയില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഇറാന്‍ പോലുളള രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കാനാണ് തീരുമാനം. വിമാന സര്‍വ്വീസ് ജൂണില്‍ പുനഃരാരംഭിക്കാന്‍ ആകും എന്നാണ് ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍ നാട്ടിലേക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം നടത്തുകയാണ്.

കപ്പലുകള്‍ തയ്യാര്‍

സേനാ മേധാവികള്‍ ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാവികാ സേന മേധാവി പ്രവാസികളുടെ വിഷയം അറിയിച്ചത്. നാവികസേന പ്രവാസികളെ നാട്ടിലേക്ക് തിരിച്ച് എത്തിക്കുന്നതിന് കപ്പലുകള്‍ തയ്യാറാണെന്ന് വ്യക്തമാക്കി. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏവര്‍ക്കും സൈന്യത്തിന്റെ പിന്തുണ അറിയിച്ചു.

കൂടിയാലോചനകള്‍ പുരോഗമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ മടക്കി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയ വക്താവ് അന്തിമ തീരുമാനം എടുക്കുന്നതേ ഉള്ളുവെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ മടക്കി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് സര്‍ക്കാരുകളുമായി അടക്കം ചര്‍ച്ചകള്‍ തുടരുകയാണ്. കേരളത്തിന്റെ നിലപാട് പ്രവാസികളെ തിരിച്ച് എത്തിച്ചാല്‍ സ്വീകരിക്കാന്‍ സജ്ജമാണ് എന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top