Breaking News

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3730; ഏപ്രില്‍ 10 വരെയുള്ള സ്ഥിതി വിലയിരുത്തിയതിന് ശേഷം മാത്രം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3500 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് പല സംസ്ഥാനങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 3730 ആണ്. ഇന്ന് ചില സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമേ പുറത്തു വന്നിട്ടുള്ളു. എന്നിട്ട് പോലും 55 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ജാഗ്രതയോടെ സ്ഥിതി കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യ മന്ത്രാലയം പങ്കുവെക്കുന്നു.

രാജ്യത്ത് 3332 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 294 പേരുടെ രോഗം ഭേദപ്പെട്ടു. കോവിഡിന്‍റെ രാജ്യത്തെ മരണനിരക്ക് 104 ആയി.

Read More: ഏപ്രില്‍ 15 മുതല്‍ രാജ്യത്തെ പൊതുഗതാഗതം പുനരാരംഭിക്കും

കോവിഡ് രോഗവ്യാപനത്തിന്റെ നിരക്ക് പരിശോധിച്ചതിനു ശേഷമേ ലോക്ക് ഡൗണിന്റെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി വിശദമായ വിലയിരുത്തല്‍ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ വിളിച്ചുചേര്‍ക്കും. ഏപ്രില്‍ 10 വരെയുള്ള രോഗവ്യാപന നിരക്ക് വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത് മഹാരാഷ്ട്രയിലാണ്(635 രോഗികള്‍). രണ്ടാം സ്ഥാനം തമിഴ് നാടിനാണ് (485 രോഗികള്‍). ഡല്‍ഹിക്കു (445 രോഗികള്‍) ശേഷം നാലാം സ്ഥാനത്താണ് കേരളം (306 രോഗികള്‍). ഏറ്റവും കുറവ് രോഗ നിരക്ക് ഉള്ളത് അരുണാചല്‍ പ്രദേശിലും മിസോറാമിലും ആണ് (ഒരു രോഗി വീതം). ലോകത്തില്‍ രോഗികളുടെ നിരക്കിന് അനുസരിച്ചുള്ള പട്ടികയില്‍ ഇന്ത്യയ്ക്ക് മുപ്പതാം സ്ഥാനമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കന്മാരുമായും കൂടിക്കാഴ്ച്ച നടത്തും. ആരോഗ്യ രംഗത്തെ വിദഗ്ദരുമായും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും മറ്റൊരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ലോക്ഡൗണ്‍ തുടരണമെങ്കില്‍ മുന്‍കൂട്ടി ചെയ്യേണ്ട തയ്യാറെടുപ്പുകള്‍, ഇളവ് വരുത്താമെങ്കില്‍ രോഗവ്യാപനം തടയാനായി ചെയ്യേണ്ട മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും എല്ലാം വിഷയങ്ങളാകുന്ന സമഗ്രമായ ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top